എവിടെയാണ് പിഴച്ചത് ?:റൈറ്റ് റവ.ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ് എപ്പിസ്‌കോപ്പാ


Mar Athanasius (1)നിങ്ങള്‍ എന്ത് വിശ്വസിക്കണം,
എന്ത് ആയിരിക്കണം എന്ന് നിശ്ചയിക്കാനുള്ള
അവകാശം  എനിക്കായിരിക്കണം, 

എന്റെ വരുതിവിട്ട് കളിക്കുന്നവരെ ഇല്ലായ്മ
ചെയ്യാനുള്ള അവകാശവും അധികാരവും എനിക്കുണ്ട് എന്ന് വിചാരിക്കുന്നത് അധികാരത്തിന്റെ 
ഏറ്റവും ബീഭത്സമായ രൂപമാണ്.
നാം ജീവിക്കുന്ന ലോകത്തെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ലോകമാക്കി പരിവര്‍ത്തിപ്പിക്കുന്നതിനാണ് പുരോഗതി എന്ന് പറയുന്നത്. എന്നാല്‍, ഈ രണ്ട് ലോകങ്ങളും തമ്മിലുള്ള അകലം ദിനംതോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ പുരോഗതിയെക്കുറിച്ചുള്ള സങ്കല്പമാകെ തലകീഴായി മറിഞ്ഞുവോ എന്ന് സംശയം തോന്നാം. ആ സംശയത്തെ ദൃഢീകരിക്കാന്‍ ഉതകുന്ന സംഭവങ്ങളല്ലേ വാര്‍ത്താമാദ്ധ്യമങ്ങള്‍ നമുക്ക് എത്തിച്ചുതന്നുകൊണ്ടിരിക്കുന്നത്. വര്‍ത്തമാനപ്പത്രങ്ങള്‍ വായിക്കുകയോ, വാര്‍ത്താചാനലുകള്‍ നാനാവര്‍ണ്ണങ്ങള്‍ ചാര്‍ത്തി നാടകീയതയോടെ വിസ്തരിച്ചവതരിപ്പിക്കുന്ന സംഭവങ്ങള്‍ക്ക് സാക്ഷിയാകുമ്പോഴോ മനസ്സിന്റെ ശാന്തി എന്നന്നേക്കുമായി അപഹരിക്കപ്പട്ടിരിക്കുന്നു എന്ന തോന്നലല്ലേ അവശഷിക്കുന്നത്.
പണ്ടും മനുഷ്യന്‍ മനുഷ്യരെ കൊല്ലുമായിരുന്നു. സ്വന്തം സഹോദരന്റെ രക്തം കുത്തിച്ചോര്‍ത്തിക്കൊണ്ടാണ് മനുഷ്യന്‍ ഹിംസയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചതെന്ന് ബൈബിള്‍ പറയുന്നു. ശരിയാണ്, ഹിംസയുടെ ചരിത്രം അന്ന് ആരംഭിക്കുകയായിരുന്നു; അവസാനിക്കുകയായിരുന്നില്ല. എങ്കിലും ഹിംസാവാസനയുടെ നഗ്നമായ വിളയാട്ടത്തിന് തടയിടാനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നു. ഭയംകൊണ്ടും പാപബോധംകൊണ്ടും നിയമത്തിന്റെ കുരുക്കില്‍പ്പെടും എന്ന വിചാരംകൊണ്ടും മറ്റും അത് തടയപ്പെട്ടിരുന്നു. എന്നാല്‍, ആ ഭയം വേണ്ടാ, വിമാനം പറപ്പിക്കുകയോ, അണക്കെട്ട് നിര്‍മ്മിക്കുകയോ ചെയ്യുമ്പോലെ, തെറ്റുപറ്റുകയില്ല എന്ന ഉറപ്പോടെ, നിത്യത്തൊഴിലിന്റെ കൈത്തഴക്കത്തോടെ, അത് ചെയ്തുതരാന്‍  ആളുണ്ട്, പറഞ്ഞൊത്തപണം കപടമില്ലാതെ കൈമാറിയാല്‍മതി എന്ന അവസ്ഥ സാമൂഹ്യജീവിത സംവിധാനത്തിന്റെ സാധാരണ ഭാഗമായിത്തീരുകയും, ഇത്തരം തൊഴില്‍സംഘങ്ങളുടെ തൊഴില്‍ വൈദഗ്ദ്ധ്യത്തിന്റെ വിവരങ്ങള്‍ കൈയ്യോടെ എത്തിച്ചുതരിക മാധ്യമങ്ങളുടെ ധര്‍മ്മമായിത്തീരുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. പുരോഗതി എന്ന് വിളിക്കേണ്ടത് ഇതിനെയാണ് എന്നുവന്നാല്‍ എന്താണ് അവസ്ഥ? യഥാര്‍ത്ഥത്തില്‍ നാം ജീവിക്കുന്നത് അത്തരം ഒരു ജീവിത പരിസരത്തല്ലേ?
നിങ്ങള്‍ എന്ത് വിശ്വസിക്കണം, എന്ത് ആയിരിക്കണം എന്ന് നിശ്ചയിക്കാനുള്ള അവകാശം  എനിക്കായിരിക്കേണം, എന്റെ വരുതിവിട്ട് കളിക്കുന്നവരെ ഇല്ലായ്മ ചെയ്യാനുള്ള അവകാശവും അധികാരവും എനിക്കുണ്ട് എന്ന് വിചാരിക്കുന്നത് അധികാരത്തിന്റെ ഏറ്റവും ബീഭത്സമായ രൂപമാണ്. ഈ അധികാര ബീഭത്സതയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനാണ് ജനാധിപത്യ വ്യവസ്ഥ ഉണ്ടായത്. അതിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത അത് ആരുടെ മേലും അധികാരം അടിച്ചേല്പിക്കാതെ വ്യത്യസ്തമായി ചിന്തിക്കാനും ജീവിക്കാനുമുള്ള ഓരോരുത്തരുടെയും അവകാശത്തെ മാനിക്കുന്നു എന്നതാണ്. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം. എന്നാല്‍, ഈ അതിര്‍ത്തിക്കുള്ളില്‍ അന്യചിന്തകള്‍ അനുവദിക്കുകയില്ല, വ്യത്യസ്തമായി ചിന്തിക്കണമെന്നാഗ്രഹിച്ചാല്‍ ജീവന്‍ ബാക്കി വച്ചേക്കുകയില്ല എന്ന് പ്രഖ്യാപിച്ച് അധികാരമുറപ്പിക്കുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നില്ലേ? ഏത് നീതിപാലന സംവിധാനത്തേയും വെല്ലുവിളിക്കാന്‍ കരുത്തുണ്ടെന്ന് ഗര്‍വ്വോടെ വിളിച്ചുപറയാന്‍ നേതാക്കള്‍ക്ക് മടിയില്ലാതായിരിക്കുന്നു. ‘നിങ്ങളുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല. എന്നാല്‍, ആ അഭിപ്രായം പ്രകടിപ്പിക്കാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി ജീവന്‍ കൊടുക്കാനും ഞാന്‍ ഒരുക്കമാണ്’ എന്ന് വോള്‍ട്ടയര്‍ പറഞ്ഞിട്ടുണ്ടത്രെ. ജനാധിപത്യ സംസ്‌കാരത്തിന്റെ സാരാംശമാണ് ആ വാക്കുകളില്‍ തിളങ്ങുന്നത്. ആ സംസ്‌കാരത്തില്‍ നിന്ന് എത്ര അകലെയാണ് നാം എത്തിയിരിക്കുന്നത്? കലാശാലകള്‍ പോലും സ്വതന്ത്രമായ ചിന്തയേയും, സ്വതന്ത്രമായ ജീവിതത്തേയും നിരോധിക്കാന്‍ തുടങ്ങിയിരിക്കുന്നു!
‘മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തു തരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതു നിങ്ങള്‍ അവര്‍ക്കും ചെയ്ത് കൊടുപ്പിന്‍’ എന്ന് ഉപദേശിക്കപ്പെട്ടവരാണ് മനുഷ്യര്‍. അവനവനാത്മസുഖത്തിന് ആചരിക്കുന്നത് അപരന് സുഖത്തിനായ് വരേണം എന്ന് നമ്മുടെ നാട്ടിലെ ഒരു ഋഷി പറഞ്ഞിട്ടുണ്ട്. ഇതൊക്കെ മതാചാര്യന്മാരുടെ ജീവിതം കാണാത്ത ഉപദേശം, ആത്മാവിന് സ്വര്‍ഗ്ഗം കിട്ടാനും മോക്ഷം പ്രാപിക്കാനുമുള്ള തത്വങ്ങള്‍, എന്ന് വകതിരിച്ച ചിന്തയുടെ ഫലമല്ലേ ഈ കെടുതികളൊക്കെ? ലോകത്തില്‍ നരകം വളര്‍ന്നു വന്നത് ഈ വഴിക്കായിരുന്നു എന്ന് തിരിച്ചറിയാന്‍ കാലം വൈകിയെന്ന് തോന്നുന്നില്ലേ?
ഞാന്‍ സഹോദരന്റെ കാവല്‍ക്കാരനോ എന്ന ചോദ്യം ഈ നരകവാതില്‍ക്കല്‍ നിന്നുകൊണ്ടാണ് ചോദിച്ചതെന്ന് വിസ്മരിച്ചുകൂടാ. ആര് സന്തോഷിക്കുന്നത് കാണുമ്പോഴും, ആര് മന:ശാന്തി അനുഭവിക്കുന്നതു കാണുമ്പോഴും ഈറപെരുത്ത് അവനെ വകവരുത്തണം എന്ന ചിന്ത ഉണ്ടാകുന്നത് നരകവേദാന്തത്തിന്റെ പ്രേരണ കൊണ്ടാണ്. ആ വേദാന്തത്തിന്റെ വസന്തകാലത്താണ് നാം ജീവിക്കുന്നത്. എനിക്ക് അടിമയോ, ഇരയോ ആകാന്‍ കൂട്ടാക്കാത്തവനൊന്നും ജീവിക്കാന്‍ അവകാശമില്ല എന്നിടത്താണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ആഗ്രഹമുണ്ടെങ്കില്‍ അതിനെ തൃപ്തിപ്പെടുത്താനുള്ള അവകാശമുണ്ട് എന്ന് ഒരു സിദ്ധാന്തമായി അവതരിപ്പിച്ചത് സോക്രട്ടീസിന്റെ ശിഷ്യനായ അരിസ്റ്റപ്പോ ആണ്. പണ്ടേ ഉണ്ടായിരുന്നു ഈ  വിഷചിന്തയുടെ ബീജം എന്നര്‍ത്ഥം. ഈ ചിന്തയില്‍ അന്യനെക്കുറിച്ചുള്ള പരിഗണനയ്ക്ക് ഇടമില്ല. ഞാന്‍, ഞാന്‍ മാത്രം എന്റെ സുഖം, എന്റെ ഭോഗ തൃഷ്ണകള്‍, എന്റെ ലാഭം……… എന്നതുമാത്രമാണ് പരിഗണനീയമായ ഒരേ കാര്യം. എന്റെ ജാതി, എന്റെ പാര്‍ട്ടി എന്ന് വിപുലപ്പെടുത്തിയാലും മാറ്റം ഉണ്ടാകുന്നില്ല. എന്റെ അഹന്തയുടെ സ്ഥാനത്ത് സംഘാഹന്ത പ്രതിഷ്ഠിക്കപ്പെടുമെന്നു മാത്രം. എന്നാല്‍, ധാര്‍മ്മികതയുടെ അടിത്തറ അന്യനെക്കുറിച്ചുള്ള പരിഗണനയാണ്. ഞാനും നിങ്ങളും ചേര്‍ന്ന് ഉണ്ടാകുന്ന നമ്മളിലാണ് സമതയുടെ താളം ഉണ്ടാകുന്നത്; ആ താളമാണ് ശാന്തി സംഗീതത്തിന്റെ അടിസ്ഥാന താളം. അത് അവതാളമാകുമ്പോള്‍ സമൂഹം ആള്‍ക്കൂട്ടമാകും; ആള്‍ക്കൂട്ടത്തിന്റേത് എല്ലാ ധാര്‍മ്മികലാവണ്യവും നഷ്ടപ്പെട്ട രാക്ഷസബീഭത്സതയാണ്!’
ലളിതമായ പരിഹാരങ്ങളൊന്നും ഈ രോഗത്തിന് നിര്‍ദ്ദേശിക്കാന്‍ കഴിയുകയില്ല. പക്ഷെ, ഈ പോക്ക് ക്ഷേമത്തിലേക്കും, സുഖത്തിലേക്കും ശാന്തിയിലേക്കുമായിരുന്നു എന്ന തെറ്റിദ്ധാരണ മാറാന്‍, ഒരു നിമിഷം തിരിഞ്ഞുനിന്ന് ദുഃസ്വപ്നങ്ങള്‍ വേട്ടയാടാതെ ഉറങ്ങാന്‍ കഴിയുന്നുണ്ടോ എന്ന് ആലോചിച്ചാല്‍ മതിയാകും. ആധുനിക സമൂഹത്തിന് സുബോധം നഷ്ടപ്പെട്ടുവോ എന്ന് ഗൗരവത്തോടെ ചോദിക്കുന്ന ഒരു ഗ്രന്ഥമുണ്ട്. മതാചാര്യന്മാരില്‍ ആരും എഴുതിയതല്ല അത്. ദൈവവിശ്വാസി അല്ലാത്തയൊരാള്‍, മനുഷ്യമനസ്സിന്റെ അഗാധ ഘടനയെക്കുറിച്ച് ദീര്‍ഘപഠനം നടത്തിയ ഒരാള്‍, മാനവവാദത്തിന്റെ ബലിഷ്ഠമായ അസ്ഥിവാരത്തിനുമേല്‍ ആധുനിക മനുഷ്യ സമുദായത്തിന്റെ വാസ്തുശില്പം പണിയാന്‍ ആഗ്രഹിക്കുന്ന ഒരാള്‍! പക്ഷേ, ഉന്മാദത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന മനുഷ്യചിത്രം കണ്ട് അദ്ദേഹം വ്യഥിതനായിത്തീരുന്നു. ദൈവം ഉണ്ടായാലും ഇല്ലെങ്കിലും ജീവിതത്തെ ഭരിക്കുന്നത് ചില ആദ്ധ്യാത്മിക മുല്യങ്ങളല്ലെങ്കില്‍ ലോകം വിപത്കരമായ പ്രതിസന്ധികളെ അഭിമുഖീരിക്കേണ്ടിവരുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. സ്‌നേഹകാരുണ്യങ്ങള്‍കൊണ്ട് വിങ്ങുന്ന ഹൃദയം നഷ്ടപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്ന് നന്നായി ഉദാഹകരിക്കുന്നുണ്ട് ആധുനിക ലോകമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. ആ വിലയിരുത്തല്‍ നമുക്ക് പാഠമാകേണ്ടതുണ്ട്.
സ്വയം പര്യാപ്തത മനുഷ്യന്റെ ആദര്‍ശം പോലുമല്ല. പഠിപ്പിക്കുന്ന അദ്ധ്യാപകന് അന്നം വിളയിക്കാന്‍ കര്‍ഷകന്‍ വേണം. അയാള്‍ക്ക് ഉറങ്ങാന്‍ തല്പം പണിയാന്‍ മരപ്പണിക്കാരന്‍ വേണം; ആരോ വെട്ടിയൊരുക്കിയ വഴിയിലൂടെയേ അയാള്‍ക്കു നടക്കാന്‍ കഴിയൂ. ഇങ്ങനെ പരസ്പരം ആശ്രയിച്ചും സഹായിച്ചും മാത്രമേ നിലനില്‍ക്കാന്‍ കഴിയൂ എന്ന വിധമാണ് മനുഷ്യസൃഷ്ടി നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത്. ഈ പരസ്പരാശ്രിതത്വത്തെ ചന്തവും ചാതുര്യവുമുള്ള കലാ വിദ്യയാക്കണം മനുഷ്യന്‍. അപ്പോഴേ മനുഷ്യന്റെ ശബ്ദം സംഗീതം പോലെ കേള്‍ക്കണം എന്ന മാക്‌സിം ഗോര്‍ക്കിയുടെ അഭിലാഷം സാധിതമാവുകയുള്ളൂ. അതിനുപകരം ആസുരഗര്‍ജ്ജനം ഉയരുന്ന സ്ഥിതി വന്നുചേര്‍ന്നിരിക്കുന്നു. എവിടെയാണ് പിഴച്ചത്, എവിടെയാണ് വഴിതെറ്റിയത് എന്ന് ആത്മ ശോധന നടത്തിക്കൊണ്ട് ഒരു പുതിയ ആരംഭം സാധ്യമല്ലേ?
Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox