ഉത്സവങ്ങള്‍-ദൈവനീതിയുടെ പ്രഘോഷണങ്ങള്‍:റവ. ഏബ്രഹാം സി പുളിന്തിട്ട

ദൈവനീതിയുടെ പ്രകടോദാഹരണങ്ങളാവാന്‍ ഉത്സവങ്ങള്‍ ഉത്ക്യഷ്ടങ്ങളാകണം. ഉത്സവങ്ങളെ ഊര്‍ജ്ജമുള്ള ഓര്‍മ്മകളായും, ആര്‍ജ്ജവമുള്ള ഏറ്റുപറച്ചിലുകളായും വേദപുസ്തകം അവതരിപ്പിക്കുമ്പോള്‍ കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് നാം അതിനെ ക്രയവിക്രയത്തിന്റെ ആഘോഷങ്ങളാക്കി. ഉത്സവങ്ങള്‍ കേവലം ക്രയവിക്രയമെങ്കില്‍ ആത്മീകമായ ക്രമോല്‍ക്കര്‍ഷം നമ്മില്‍ ഇല്ല തന്നെ.

ക്രിസ്തീയമായ കാഴ്ചപ്പാടില്‍ ദൈവ സംബന്ധിയായ സംവാദങ്ങള്‍ നമ്മെ കൊണ്ടെത്തിക്കുന്നത് ദൈവം സത്യമോ മിഥ്യയോ എന്ന ചോദ്യത്തിനു മുന്നിലല്ല, മറിച്ച് ചരിത്രത്തിലെ ദൈവ പ്രവൃത്തികള്‍ മൂര്‍ത്തമായിരുന്നോ എന്ന അന്വേഷണത്തിലാണ്. ക്രിസ്തീയ വിശ്വാസം താത്വികമായ ധാരണകളില്‍ അധിഷ്ഠിതമല്ല, മറിച്ച് ചരിത്രത്തിലെ ദൈവ പ്രവൃത്തികളോടുള്ള മനുഷ്യ പ്രതികരണങ്ങളാണ്. കെ. പി. അപ്പന്‍ എഴുതി : ചരിത്രത്തിന്റെ നേരെ മറ്റു മതങ്ങള്‍ ഉദാസീനത പ്രകടിപ്പിച്ചപ്പോള്‍ ക്രിസ്തുമതം ചരിത്രത്തെ അതിന്റെതായ രീതിയില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചു. ചരിത്രത്തിന്റെ ദൈവദത്തമായ അര്‍ത്ഥമെന്താണെന്ന് അതു നമുക്ക് വ്യക്തമാക്കിത്തരുന്നു. ദൈവം ചരിത്രത്തിലൂടെ ഒരു പ്രത്യേകരീതിയില്‍ മനുഷ്യരാശിയുടെ രക്ഷ ഒരുക്കിയിരിക്കുന്നു എന്ന ക്രൈസ്തവ ബോധ്യത്തിന് അസ്തിവാരമിടുകയാണ്, ശബത്ത് മനുഷ്യനു വേണ്ടി ഉണ്ടാക്കപ്പട്ടതാണന്നു പറയുകവഴി യേശുക്രിസ്തു ചെയ്തത്. ഈ അറിവ് എന്റെ ബോധത്തില്‍ പുതിയൊരു നദിയായ് കുതിച്ചൊഴുകി (ബൈബിള്‍ വെളിച്ചത്തിന്റെ കവചം, ഡി.സി.ബി, 2010, പേജ്-12) വിമോചിപ്പിക്കയും, വീണ്ടെടുക്കയും കാലസമ്പൂര്‍ണ്ണതയില്‍ അവതരിപ്പിക്കയും ചെയ്ത ദൈവത്തിന്റെ മനുഷ്യനോടൊപ്പമുള്ള ചരിത്രമാണ് വിശ്വാസത്തിന്റെ ചൂണ്ടുപലക. നമ്മുടെ ആഘോഷങ്ങളെല്ലാം ഓജസ്സോടെ നിലകൊള്ളുന്നത് ഈ ചരിത്രപരമായ ഓര്‍മ്മയിലും, രക്ഷാചരിത്രത്തിന്റെ പുനരവതരണത്തിലൂമാണ് (re-representation of salvation history).
അങ്ങനെയെങ്കില്‍ ക്രൈസ്തവമായ എല്ലാ ആഘോഷങ്ങളും ചരിത്രപരമായ ഒരു പുന:നിര്‍ണ്ണയമാകണം. യിസ്രായേല്യ പാരമ്പര്യത്തിലും ഇതു പ്രകടമാണ്. ഉദാഹരണത്തിന്, യഹൂദന്മാരുടെ ‘പുരീം’ ഉത്സവം എങ്ങനെ ആചരിക്കണം എന്ന് എസ്ഥേറിന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എസ്ഥേറിന്റെ പുസ്തകം പോലും യഹൂദന്മാരുടെ ഇടയില്‍ നിലകൊണ്ട ‘പുരീം ഉത്സവത്തെ സാധൂകരിക്കാന്‍ രചിക്കപ്പെട്ടതെന്നാണ് പണ്ഡിതാഭിപ്രായം (എസ്ഥേര്‍ 9:25 -32) ഉത്സാവാചരണത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെ. ‘ആണ്ടുതോറും ആദാര്‍ മാസം പതിനാലും പതിനഞ്ചും തീയതിയെ യഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളുടെ കൈയില്‍നിന്ന് ഒഴിഞ്ഞ് വിശ്രമിച്ച ദിവസങ്ങളായിട്ടും ദു:ഖം അവര്‍ക്ക് സന്തോഷമായും വിലാപം ഉത്സവമായും ആചരിക്കേണമെന്നും അവയെ വിരുന്നും സന്തോഷവുമുള്ള നാളുകളും തമ്മില്‍ തമ്മില്‍ സമ്മാനങ്ങളും ദരിദ്രര്‍ക്ക് ദാനധര്‍മ്മങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ട് ആചരിക്കണമെന്നും…….സകല യഹൂദന്മാര്‍ക്കും ചട്ടമായിരിക്കേണ്ടതിനും മോര്‍ദ്ദഖായി ഈ കാര്യങ്ങള്‍ എഴുതി അവര്‍ക്ക് എഴുത്തയച്ചു’ (എസ്ഥേര്‍ 9:20-22). ചരിത്രപരമായ ഓര്‍മ്മയും, പങ്കിടലും, സമൂഹത്തിലെ അധ:സ്ഥിതരോടുള്ള താദാത്മ്യവുമെല്ലാം ആഘോഷത്തിന്റെ ഭാഗമായാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.
ക്രൈസ്തവമായ ആഘോഷങ്ങളില്‍ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധേയമാണ്.
അപ്രതീക്ഷിത സന്ദര്‍ഭങ്ങളില്‍/സ്ഥലങ്ങളില്‍ ദൈവത്തെ അഭിമുഖീകരിക്കലാണ്
തുറന്ന കല്ലറയിലെ പ്രതീക്ഷയും കാലിത്തൊഴുത്തിലെ വിസ്മയവും ക്രൈസ്തവ ആഘോഷങ്ങളുടെ ഉണര്‍ത്തുപാട്ടെങ്കില്‍, ആകസ്മികതയിലെ ദൈവാഭിമുഖ്യം തന്നെയാണ് നമ്മുടെ ആഘോഷങ്ങള്‍. ദൈവാലയത്തിനുള്ളില്‍ മാത്രമല്ല, ദുരിതസഞ്ചയത്തിലാഴ്ന്ന അനേകര്‍ക്കിടയില്‍ ദൈവത്തെ കാണാനായാലേ ആഘോഷങ്ങള്‍ സാര്‍ത്ഥകമാകു. ഒരു ചിന്തകന്‍ പറഞ്ഞു: ‘Just as faith is rooted in God’s historical events culminating in Jesus Christ, so faith is challenged to discover God’s presence amid the vicissitudes of the historical realities of everyday life.’ മതഭീകരത മാത്രമല്ല, ദാരിദ്ര്യത്തിന്റേയും വിശപ്പിന്റേയും അനാരോഗ്യത്തിന്റേയും ഭീകരതയില്‍ കഴിയുന്ന സമൂഹങ്ങളുടെ ഇടയില്‍ തിരുപ്പിറവിയേയും ഉത്ഥാനത്തേയും കാണാന്‍ ആവണം. പള്ളിയിലും കുര്‍ബാനയിലും തളയ്ക്കപ്പെട്ട, അല്ലെങ്കില്‍ സമൃദ്ധിയിലും സമ്മാനങ്ങളിലും തളയ്ക്കപ്പെട്ട ദൈവത്തെ വിമോചിപ്പിക്കാന്‍ കഴിയുന്ന ആഘോഷങ്ങളില്‍ മാത്രമേ ദൈവനീതി വാഴൂ. ഒ. എന്‍. വി ക്രിസ്ത്യാനിയെക്കുറിച്ച് ഇങ്ങനെ എഴുതി: ക്രിസ്മസ് എനിക്ക് എന്റേതായ ഒരു അനുഭവമാണ്. തീര്‍ച്ചയായും അതില്‍ താഴത്തേക്കിറങ്ങി വന്ന വിണ്ണിന്റെ കാരുണ്യം പോലുള്ള നക്ഷത്ര വിളക്കുണ്ട്, കേക്കിന്റെ സ്വാദുണ്ട്, പള്ളിമണിയുടെ കൂട്ടപ്രാര്‍ത്ഥനയുണ്ട്, സ്‌നിഗ്ധഹരിതമായ ഒലിവിലച്ചില്ലയും കൊത്തിപ്പറക്കുന്ന വെള്ളപ്രാക്കളുമുണ്ട്. എല്ലാറ്റിനും ഉപരി ഉണ്ണിപ്പിറവി ഓര്‍മ്മിക്കുന്ന പുല്‍ക്കൂടുണ്ട്, സഹന സങ്കേതമായ ഒരമ്മയുണ്ട്- എന്നാല്‍ ഇതിനെല്ലാം അപ്പുറം, കൂടുതല്‍ കൂടുതല്‍ നിസ്വതയിലേക്കും നിസ്സഹായതയിലേക്കും നീങ്ങുന്ന മനുഷ്യരുടെ ആശയും ആശ്വാസവുമായ രക്ഷക സങ്കല്‍പമുണ്ട്…..’ ആഘോഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ രക്ഷണ്യ സങ്കല്‍പത്തെ അന്വര്‍ത്ഥമാക്കുമ്പോള്‍, ആഘോഷങ്ങള്‍ ദൈവനീതിയുടെ പൂരകമാകും.
സാധാരണത്വത്തില്‍ ഉത്കൃഷ്ടത ദര്‍ശിക്കലാകണം
ഒരു ചിന്തക എഴുതി: അസാധാരണമായ സാധാരണത്വം (extraordinarily ordinary)– അതായിരുന്നു ക്രിസ്തുവിന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സവിശേഷത…..ഈ ലാളിത്യം അവന്‍ സ്വയം തിരഞ്ഞെടുത്തു എന്നതാണ് അവന്റെ മഹത്വം.’ പ്രൊഫ.എസ്.ഗുപ്തന്‍ നായര്‍ എഴുതി: ‘സമൃദ്ധി, പുരോഗതി, പരിഷ്‌കാരം തുടങ്ങിയ പ്രലോഭനങ്ങളായ സങ്കല്‍പങ്ങളുടെ മുമ്പില്‍ സത്യം, നീതി ധര്‍മ്മം എന്നിവയൊക്കെ പിന്തിരിപ്പന്‍ ആശയങ്ങളായിട്ടാണ് കലാശിച്ചിട്ടുള്ളത്…….. സകലവും സമൃദ്ധി എന്നത് മായാദേവതയുടെ ഉപാസനയില്‍ മുഴുകിക്കൊണ്ടിരിക്കുകയാണ്. സമൃദ്ധി എന്നു പറഞ്ഞാല്‍ പണവും, പണം കൊണ്ട് നേടാവുന്ന ഭോഗവിലാസങ്ങളും എന്നു മാത്രമാണര്‍ത്ഥം. സമൃദ്ധിയും പുരോഗതിയും ഒന്നല്ല. (സാക്ഷരകേരളത്തിന്റെ സന്ദേഹങ്ങള്‍, പേജ്-10,13). സമൃദ്ധി ചൂഴ്ന്നു നില്‍ക്കുന്ന ആധുനിക ലോകത്തില്‍ ലാളിത്യത്തിന്റെ മഹത്വം കാണലല്ലാതെ മറ്റെന്താണ് ദൈവനീതി? ആഘോഷങ്ങളുടെ പേരില്‍ ഇന്ന് എന്തെല്ലാം ധൂര്‍ത്താണ് നാമിന്നു കാണുക. പരമ്പരാഗതമായ, ആഘോഷങ്ങളെല്ലാം തന്നെ സാക്ഷ്യത്തിന്റെ ഉപാധികളാണന്ന് നാം കരുതുന്നു. ആഡംബരത്തിലല്ല, സാധാരണത്വത്തില്‍ ജീവന്റെ ആഘോഷമുണ്ട്. വസ്ത്രവും ഭക്ഷണവും ഒരുക്കവുമാണല്ലോ ഇന്നത്തെ ആഘോഷങ്ങള്‍. അതുകൊണ്ടു തന്നെ, ആഘോഷങ്ങള്‍ കേവലമൊരു മേളയായി പരിമിതപ്പെടുന്നു. കള്ളുകുടിച്ചും, ബഹളമുണ്ടാക്കിയും പണമൊഴുക്കിയുമുള്ള ആഘോഷങ്ങള്‍ നാം നിരുത്സാഹപ്പെടുത്തണം. ആഘോഷങ്ങളുടെ ചരിത്രപരമായ പൊരുള്‍ ഉള്‍ക്കൊള്ളാനും അതനുസരിച്ച് വിശ്വാസജീവിതത്തെ രൂപാന്തരപ്പെടുത്തുവാനും നമുക്കാവണം. ജോര്‍ജ്ജ് ഓണക്കൂര്‍ എഴുതി: ‘കാലം ഏറ്റുപാടുന്ന പുണ്യഗാഥകള്‍ കേട്ടുകേട്ടാണ് തലമുറയുടെ മനസ്സില്‍ യുഗപുരുക്ഷന്മാരുടെ മുഖം മുദ്രിതമാകുന്നത്.’ ക്രൈസ്തവമായ് ഒരു നവ സാക്ഷ്യം ആഘോഷങ്ങളില്‍ ഉണരട്ടെ……
സുവിശേഷത്തിന്റെ ഉദ്‌ഘോഷമാകണം
മാറുന്ന ലോകത്തില്‍ സുവിശേഷത്തിന്റെ സാംഗത്യം നിരന്തരം പരിശോധിക്കപ്പെടുന്ന സന്ദര്‍ഭങ്ങളാകണം ആഘോഷങ്ങള്‍. ഒരു ചിന്തക എഴുതി: ‘…………..Hence as the world continuously evolves, so will Jesus continuously evolving in creative ways in the life of humanity…. Now, Jesus being the life of creation is the life of all concrete socio-political struggles for the realization of the genuine rights.’   ദൈവശാസ്ത്രജ്ഞനായ Karl Rhaner ന്റെ ഭാഷയില്‍ ഇത് ഒരു on going incarnation ആണ്. മനുഷ്യാദ്ധ്വാനങ്ങളേയും പോരാട്ടങ്ങളേയും അന്ത:സംഘര്‍ഷങ്ങളേയും മാനിക്കാത്ത ആഘോഷങ്ങള്‍ എത്രയോ വികലമാണ്. സമൂഹങ്ങളുടെ നിര്‍മ്മിതിക്കായ്, അഥവാ രൂപാന്തരത്തിന്റെ രൂപീകരണത്തിനായ് ഉയര്‍ത്തപ്പെടുന്ന മാറ്റൊലിയായ് സുവിശേഷം മാറുമ്പോള്‍ ആഘോഷങ്ങള്‍ ദൈവനീതിയോട് അനുരൂപമാകുന്നു. അപ്പോള്‍ മാത്രമേ ഉല്‍സവങ്ങള്‍ ഉല്‍ക്കര്‍ഷം ഉളവാകുന്ന യഥാര്‍ത്ഥ അനുഭവവും ജീവിതവുമായിത്തീരുകയുള്ളു.

 

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox