ഉയിര്‍പ്പ്: മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ

Mar Philoxenos

“എവിടെ മനുഷ്യത്വം നഷ്ടപ്പെടുന്നുവോ?
എവിടെ വ്യക്തിജീവിതത്തില്‍
ഹിംസാശക്തികള്‍ പ്രബലപ്പെടുന്നുവോ?
എവിടെ ജീവന് ഭീഷണി ഉണ്ടാകുന്നുവോ?
അവിടെ ഉയര്‍പ്പിന്റെ സാന്നിധ്യം
ലഭ്യമാക്കേണ്ടതാണ്.”

 


ര്‍ത്താവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ് ലോകചരിത്രത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ച ഒരു സംഭവമാണ്. അടിച്ചമര്‍ത്തലിന്റെയും പീഡനത്തിന്റെയും നിഷേധാത്മകതകളെ അതിജീവിക്കുന്നതിനുള്ള ഊര്‍ജ്ജം നല്‍കി മുമ്പോട്ടു നയിക്കുന്നതിനു ഉയിര്‍ത്തെഴുന്നേല്‍പ് എന്ന ആശയം സഹായകമായിട്ടുണ്ട്. ലോകമെമ്പാടും ക്രൈസ്തവ വിശ്വാസികള്‍ ഉയിര്‍പ്പ് ആഘോഷപൂര്‍വ്വം ആചരിക്കുന്നു. മരണത്തിനു അടിമപ്പെടാതെ അതിനെ അതിജീവിക്കുകയാണ് കര്‍ത്താവ് ചെയ്തത്. മരണം ഒരു യാഥാര്‍ത്ഥ്യമായിരിക്കെ കര്‍ത്താവ് അതു അഭിമുഖീകരിച്ച് അതിജീവിച്ചതുപോലെ  നമുക്കും ചെയ്യുവാന്‍ ദൈവകൃപ പ്രാപിക്കേണ്ടത് ആവശ്യമാണ്. ആത്യന്തികമായി മരണത്തിന്റെ ശക്തികളുടെ മേല്‍ വിജയം വരിക്കാന്‍ സാധിക്കുമെന്നുള്ള സന്ദേശമാണ് ഉയിര്‍പ്പിലൂടെ ലഭിക്കുന്നത്. ജീവനെ നശിപ്പിക്കുന്ന നിഷേധാത്മക ശക്തികള്‍ക്കു ഒരു മുന്നറിയിപ്പാണ് പുനരുത്ഥാനം. ജീവനുള്ള കര്‍ത്താവ് യാഥാര്‍ത്ഥ്യമാകുന്നത് ജീവനുള്ളവരുടെ മദ്ധ്യത്തിലാണ്. “നിങ്ങള്‍ ജീവനുള്ളവരെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതെന്ത്” (ലൂക്കോ. 24:5). എന്ന വചനം പ്രസക്തമാണല്ലോ. സമൃദ്ധമായ ജീവന്‍ പ്രദാനം ചെയ്യുന്നവന്‍, അന്ധകാരമുള്ള ഇടങ്ങളില്‍ ജീവന്റെ സാക്ഷികളാകാന്‍ വിശ്വാസസമൂഹത്തെ വെല്ലുവിളിക്കുകയാണ്. ഉയിര്‍പ്പുപെരുന്നാള്‍ കൊണ്ടാടുന്ന ഈ സന്ദര്‍ഭത്തില്‍ നിരന്തരം ഘടനകളെ നവീനമാക്കുകയും വ്യക്തിജീവിതങ്ങളെ പുതുതാക്കുകയും ചെയ്യുന്ന പുനരുത്ഥാന സംഭവത്തെ നമുക്കു ധ്യാനിക്കാന്‍ കഴിയണം.

ജീവന്റെ പുതുക്കത്തിന്റെ തുടിപ്പ്
ജീര്‍ണ്ണമായ മനുഷ്യാവസ്ഥകളില്‍ ജീവന്റെ ചൈതന്യം പ്രദാനം ചെയ്യുന്ന അനുഭവമാണ് പുനരുത്ഥാനം. ജീവനെ നിഷേധിക്കുന്നതും ജീര്‍ണ്ണിപ്പിക്കുന്നതുമായ ഘടനകളില്‍ ജീവന്റെ പുനരുത്ഥാനശക്തി ചൈതന്യമായി മാറുന്നു. പുനരുത്ഥാന സംഭവത്തില്‍ ആകമാനം ദൈവിക ജീവന്റെ ചൈതന്യം മൃതപ്രായമായതും ജീര്‍ണ്ണിച്ചതുമായ ഘടനകളിലേക്കു കടന്നുകയറുന്നത് നമുക്ക് ദര്‍ശിക്കാം. റോമന്‍ സാമ്രാജ്യത്തിന്റെ മുദ്രപേറിയ, ഉറപ്പാക്കപ്പെട്ടതും, സംരക്ഷിക്കപ്പെട്ടതുമായ കല്ലറ ദൈവികശക്തിയുടെ പ്രഭാവത്താലാണ് തുറക്കപ്പെട്ടത്. കല്ലറ അടച്ചുവച്ചിരിക്കുന്ന കല്ല് ആര് മാറ്റുമെന്നത് നിസ്സഹായരുടെ നിലവിളിയായിരിക്കെ ദൈവം പ്രവര്‍ത്തിച്ചു (മര്‍ക്കോ.16:3-4). ഭയപ്പെട്ട് വാതില്‍ അടച്ച് ശിഷ്യര്‍ ഇരുന്ന സ്ഥലത്ത,് അടച്ച വാതിലിന്നുള്ളിലേക്കു പ്രവേശിക്കുന്ന ദൈവിക ശക്തി പുനരുത്ഥാന സംഭവത്തോട് ചേര്‍ത്ത് നാം വായിക്കുന്നു (യോഹ. 19:20). പീഡിതഹൃദയങ്ങള്‍ക്ക് സമാധാനം ആശംസിക്കുന്നു. സ്ഥലകാല പരിമിതികളെ അതിജീവിക്കുന്ന ദൈവിക ശക്തിയാണ് ശിഷ്യസമൂഹം അനുഭവിച്ചത്. ആദിമസഭ പീഡനങ്ങള്‍ അനുഭവിച്ച ആദ്യ നൂറ്റാണ്ടുകളില്‍ ഈ പുനരുത്ഥാനശക്തി തടവുകളിലും, ഏകാന്തതകളിലും, സഹന മരണങ്ങളിലും ജീവന്റെ ചൈതന്യമായി അനുഭവപ്പെട്ടു. ഇന്നും ജീവനെ നിഷേധിക്കുകയും തളര്‍ത്തുകയും ചെയ്യുന്ന അന്ധകാരശക്തികളോട് പോരാടാന്‍ ഈ ശക്തിപ്രഭാവം നമുക്ക് അനുഭവമാകുന്നു.
രൂപാന്തരത്തിന്നുള്ള ദൈവാനുഭവം
കര്‍ത്താവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ശിഷ്യര്‍ക്ക് നല്‍കിയത് ഒരു പുതിയ അനുഭവമാണ്. കര്‍ത്താവിനോടുള്ള പരിചയത്തില്‍ ലഭിച്ച ഒരു പുതിയ അറിവും അനുഭവവും. കല്ലറ വാതില്‍ക്കല്‍നിന്നു കരയുന്ന സ്ത്രീക്കും (യോഹ. 20:15), എമ്മവുസ്സിലേക്ക് യാത്ര ചെയ്യുന്ന ശിഷ്യന്മാര്‍ക്കും (ലൂക്കോ 24:13-31) ഒറ്റപ്പെട്ടുപോയ തോമസിനും (യോഹ 21:1-11) എല്ലാം പൊതുവായ ഒരു അനുഭവതലം ഉണ്ടായിരുന്നു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് അവര്‍ക്ക് പരിചിതമായിരുന്ന സങ്കേതങ്ങള്‍ക്കപ്പുറമായാണ് പ്രത്യക്ഷമായത്. ഇതുവരെ കണ്ടിട്ടില്ലാത്തതുപോലെ കാണാനും, അറിഞ്ഞിട്ടില്ലാത്തതുപോലെ അറിയാനും, അനുഭവിച്ചിട്ട് ഇല്ലാത്തതുപോലെ അനുഭവിപ്പാനുമുള്ള ഒരു ക്ഷണമാണ് പുനരുത്ഥാനത്തിലൂടെ ഉണ്ടായത്്. തുടര്‍ന്നുള്ള അവരുടെ പ്രേഷിതയാത്രകളില്‍ സാഹചര്യങ്ങളുടെ വെല്ലുവിളികള്‍ക്കു അനുസരണമായി സാക്ഷ്യം നിര്‍വ്വഹിക്കുവാന്‍ ഈ അനുഭവം അവര്‍ക്ക് പ്രചോദനമായി ത്തീര്‍ന്നു. ഉയിര്‍പ്പുപെരുന്നാളിന്റെ ഈ നാളുകളില്‍ ഇതു നമുക്ക് പ്രചോദനം നല്‍കുന്ന ദര്‍ശനമാകട്ടെ, ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് എപ്രകാരം ശിഷ്യസമൂഹത്തെ രൂപാന്തരപ്പെടുത്തിയോ, അപ്രകാരം നാമും രൂപാന്തരപ്പെടാനുള്ള സാദ്ധ്യതയാണ് ഉയിര്‍പ്പ് നല്‍കുന്നത്. ജീവിതമേഖലകളില്‍ ഉളവായിവരുന്ന ഓരോ സാഹചര്യത്തിനും ദൈവരാജ്യത്തിനു യോജിക്കുന്ന പ്രതികരണം നല്‍കാന്‍ ഈ രൂപാന്തരം നമ്മെ ശക്തിപ്പെടുത്തും.
ദൗത്യത്തിന്റെ പുതിയ മാനം
ക്രിസ്തുവിനെ അറിയേണ്ടതുപോലെ അറിയുക എന്നതു എക്കാലവും പ്രാധാന്യമുള്ളതാണ്. പ്രവര്‍ത്തനമേഖലകളില്‍ പരാജിതരായ ശിഷ്യര്‍, ക്രിസ്തുസാന്നിദ്ധ്യം തിരിച്ചറിഞ്ഞപ്പോള്‍ ദൗത്യത്തിന്റെ പുതിയ മാനം കണ്ടെത്തി. തിബെര്യാസ് കടല്‍ക്കരയില്‍ ശീമോന്‍ പത്രോസും കൂട്ടരും മത്സ്യബന്ധനത്തില്‍ പരാജയപ്പെട്ടപ്പോള്‍, ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് കരയില്‍ നിന്നിരുന്നു. പടകിന്റെ വലതുഭാഗത്ത് വല വീശുന്നതിനു നിര്‍ദ്ദേശം നല്‍കപ്പെട്ടു. നിറഞ്ഞ വലകള്‍ വലിച്ചടുപ്പിക്കുമ്പോള്‍ അത് കര്‍ത്താവാകുന്നു എന്ന തിരിച്ചറിവ് യേശു സ്‌നേഹിച്ച ശിഷ്യന്‍ പ്രഖ്യാപിക്കുന്നു (യോഹ. 21:7). ക്രൂശിന്റെ പാതയില്‍ മുന്നേറുവാനുള്ള സമര്‍പ്പണവും, ആവേശവും അതിന്റെ ഫലമായി അവര്‍ക്കുണ്ടാകുന്നു. മുറിക്കപ്പെട്ട ക്രിസ്തുശരീരത്തിന്റെ കാഴ്ച, മുറിക്കപ്പെടുവാനുള്ള സമര്‍പ്പണത്തിനു മുഖാന്തരമായി, ഉയിര്‍പ്പു പെരുന്നാളിന്റെ ആചരണം അപ്രകാരമുള്ള പ്രതിബദ്ധതയ്ക്കു മുഖാന്തരമായി തീരണം.
നന്മയുടെ പ്രചാരകരാകാനുള്ള പ്രചോദനം
ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നന്മയുടെ പ്രചാരകരായിരിപ്പാന്‍ ശിഷ്യരെ ശക്തീകരിച്ചു. ഭയപ്പെട്ട് അധൈര്യമുള്ളവരായിരുന്ന ശിഷ്യസമൂഹത്തെ തന്റെ സാന്നിധ്യത്താല്‍ കര്‍ത്താവ് ഭയരഹിതരാക്കി തീര്‍ത്തു. ലോകാവസാനത്തോളം നിങ്ങളോടുകൂടെയുണ്ടെന്ന് അരുളിചെയ്തവന്റെ സാന്നിധ്യം തുടര്‍മാനമായി അവരെ ശക്തീകരിച്ചു. നിങ്ങള്‍ക്കു സമാധാനം എന്ന ആശംസ അവര്‍ക്കു പുതിയ ധൈര്യവും പ്രത്യാശയും പകര്‍ന്നു. ഇന്നും സമാധാനം ആശംസിക്കുന്ന കര്‍ത്താവ് നമ്മെ ശക്തീകരിക്കുന്നു. ഇന്നു മനുഷ്യര്‍ നിരാശയിലും ആശങ്കയിലും ആയിരിക്കുമ്പോള്‍ കര്‍ത്താവ് കൂടെയുണ്ട് എന്ന അറിവ് ശാന്തിയും പ്രതീക്ഷയും ധൈര്യവും നല്‍കുന്നതാണ്. മരണത്തിന്റെ ശക്തികള്‍ പ്രബലമായിരിക്കുന്ന ഇടങ്ങളില്‍ ജീവന്റെ പ്രചാരകരും, വക്താക്കളുമാകാന്‍ നമുക്ക് കഴിയണം.
“എവിടെ മനുഷ്യത്വം നഷ്ടപ്പെടുന്നുവോ?
എവിടെ വ്യക്തി ജീവിതത്തില്‍ ഹിംസാശക്തികള്‍ പ്രബലപ്പെടുന്നുവോ?
എവിടെ ജീവന് ഭീഷണി ഉണ്ടാകുന്നുവോ?
അവിടെ ഉയര്‍പ്പിന്റെ സാന്നിധ്യം ലഭ്യക്കേണ്ടതാണ്”.
കളയും കോതമ്പുചെടിയും  ഒരുമിച്ചു വളരുന്ന വയലുകളില്‍, കോതമ്പു വിതക്കാതിരിക്കുകയല്ല, കോതമ്പിനെ വളര്‍ത്തുകയാണ് ആവശ്യം. തിന്മയാല്‍ തോറ്റുപോകാതെ, നന്മയാല്‍ തിന്മയെ ജയിക്കുന്നതിനുള്ള പ്രചോദനമാണ് ഉയിര്‍പ്പിന്റെ സാക്ഷികള്‍ക്കു ഉണ്ടാകേണ്ടത്. ഇതിനു സഹായിക്കുന്നത് സകലത്തെയും പുതുതാക്കുന്ന ദൈവികപ്രവര്‍ത്തനത്തിന്റെ ദര്‍ശനമാണ്. മനുഷ്യനെയും ലോകത്തേയും രൂപാന്തരപ്പെടുത്തുകയും പുതുതാക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ഇടപെടലിനെക്കുറിച്ചുള്ള ബോദ്ധ്യമാണ് ഉള്‍ച്ചേരലുകളുടെ ശൈലിയില്‍ പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. “കോതമ്പുമണി നിലത്തു വീണ് ചാകുന്നില്ലെങ്കില്‍ തനിയെ ഇരിക്കും. ചത്തു എങ്കിലോ വളരെ ഫലം കായ്ക്കും.” മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ഒരു നവസമൂഹസൃഷ്ടി സാദ്ധ്യമാക്കുന്നു. ഈ സ്വാധീനത്തില്‍ സൃഷ്ടിപരമായി പ്രവര്‍ത്തിക്കുവാനുള്ള വെല്ലുവിളിയാണ് ഉയിര്‍പ്പു പെരുന്നാള്‍ നല്‍കുന്നത്. നിഷ്‌ക്രിയമായ ഉത്സവങ്ങള്‍ കേവലം ആഘോഷങ്ങളായി അധഃപതിക്കുമ്പോള്‍, പുനരുത്ഥാനത്തിന്റെ അര്‍ത്ഥതലങ്ങളില്‍ നിന്നും നാം അനേകദൂരം അകലെയാണ് എന്ന തിരിച്ചറിവ് ഉണ്ടാക്കിയെടുക്കുവാന്‍ ഈ പെരുന്നാള്‍ സഹായകരമാകട്ടെ.
വിശ്രുത ദൈവശാസ്ത്രജ്ഞനായ C.S. Songന്റെ ഒരു ഉദ്ധരണി ശ്രദ്ധേയമാണ്.
“A strong faith in tomorrow despite bitter disappointments of yesterday and cruel realities of today”
ഇന്നിന്റെ ക്രൂര യാഥാര്‍ത്ഥ്യങ്ങളും, ഇന്നലെകളുടെ കൈപ്പേറിയ നിരാശകളും ഉണ്ടായിരിക്കുമ്പോള്‍ തന്നെ നാളയെക്കുറിച്ചുള്ള ശക്തമായ വിശ്വാസവും നമുക്കുണ്ടാകണം. നാളെയിലേക്കുള്ള വിശ്വാസയാത്ര കര്‍ത്താവിനോടൊത്ത് ആയിരിപ്പാന്‍ ദൈവം നമ്മെ സഹായിക്കട്ടെ. അപ്പോള്‍ വര്‍ത്തമാനകാലത്തിന്റെ ക്രൂരയാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാനുള്ള ദൈവികബലം നമുക്ക് അനുഭവമാകും.
Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox