ദൗത്യത്തിന്റെ മാനങ്ങളും തൊഴിലിന്റെ അഭിമാനവും: മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ

 ദൗത്യത്തിന്റെ മാനങ്ങളും തൊഴിലിന്റെ അഭിമാനവും

റൈറ്റ് റവ. ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ


mar paulos (2)ദെവം സൃഷ്ടിച്ച് നല്ലതെന്നു കണ്ട ലോകത്തെ 
നിലനിര്‍ത്തുന്നതും കൂടുതല്‍ മനോഹരമാക്കുന്നതുമായ ഏതൊരു വേലയും കര്‍ത്താവിന്റെ വേലയാണ്. 
ഇക്കാര്യത്തില്‍ സഭയുടെ ശ്രദ്ധ കൂടുതല്‍ പതിയേണ്ടതായിട്ടുണ്ട്. വിവിധ തൊഴിലുകളിലേക്ക് പോകുവാന്‍ 
ഉദ്ദേശിക്കുന്നവരെ ഉന്നതമായ ദര്‍ശനത്തോടുകൂടി
അതിലേക്കു പ്രവേശിപ്പിക്കുവാന്‍  അവരെ                                                                   ഒരുക്കിവിടേണ്ട ചുമതല സഭയ്ക്കുണ്ട്.

തൊഴിലിന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചുകൊണ്ടും തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും ഓര്‍മ്മിപ്പിച്ചുകൊണ്ടുമാണ് ലോകതൊഴിലാളി ദിനമായി മെയ് 1 നാം ആചരിക്കുന്നത്. വിശാലമായ അര്‍ത്ഥത്തില്‍ നാം എല്ലാവരും ദൈവത്തിന്റെ തോട്ടത്തില്‍ വേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. നമ്മുടെ കടമകളും ഉത്തരവാദിത്തങ്ങളും ദൈവവിളിക്കനുസരിച്ചും ദൈവകൃപയിലും ചെയ്യുമ്പോള്‍ അവയെല്ലാം ആരാധനകളായി മാറും.
തൊഴിലും അദ്ധ്വാനവും – ദൈവരാജ്യ ദര്‍ശനത്തില്‍
അപ്പൊസ്തലനായ വിശുദ്ധ പൗലോസ് കൂടാരപ്പണിചെയ്യുന്ന ആളായിരുന്നു. താന്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് പൗലോസിനു അഭിമാനമുണ്ടായിരുന്നു. 2 തെസ്സലൊനിക്യര്‍ 3:7-10 വാക്യങ്ങളില്‍ പൗലോസ് ക്രിസ്ത്യാനികള്‍ അനുകരിക്കേണ്ട ഒരു മാതൃകയെക്കുറിച്ചാണ് സംസാരിക്കുന്നത്. ”ഞങ്ങളെ അനുകരിക്കേണ്ടിയത് എങ്ങനെ എന്നു നിങ്ങള്‍ തന്നേ അറിയുന്നുവല്ലോ. ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ക്രമം കെട്ടുനടന്നിട്ടില്ല, ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളില്‍ ആര്‍ക്കും ഭാരമായിത്തീരരുത് എന്നു വെച്ചു ഞങ്ങള്‍ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകല്‍ വേല ചെയ്തുപോന്നത് അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാന്‍ നിങ്ങള്‍ക്കു ഞങ്ങളെ മാതൃകയാക്കി ത്തരേണ്ടതിനത്രേ.” വേല ചെയ്യേണ്ടതിന്റെ ആവശ്യകതയും വേലയുടെ മഹത്ത്വവും ഒരുപോലെ വരച്ചുകാട്ടുന്ന സാക്ഷ്യമത്രേ ഇത്. നാം അദ്ധ്വാനിക്കുമ്പോള്‍ സമൂഹത്തിന്റെ  നന്മയ്ക്കായി നമ്മെത്തന്നെ സമര്‍പ്പിക്കുകയാണ്. നാം സമൂഹത്തിലൂടെയും സമൂഹം നമ്മിലൂടെയും വളരുകയാണ്. എന്നാല്‍ ഈ അദ്ധ്വാനം ഒറ്റപ്പെട്ടവരുടെ കഷ്ടപ്പാടല്ല, ഒരു കൂട്ടായ്മയുടെ വളര്‍ച്ച കൂടിയാവണം. ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷം കൂടി അനുഭവിക്കാന്‍ നമ്മുടെ പ്രവര്‍ത്തന ഇടങ്ങളില്‍ കഴിയണം. അതിലുപരിയായി ദൈവരാജ്യത്തിന്റെ കെട്ടുപണിയുടെ ഭാഗമായി തൊഴിലിനെ കാണുവാന്‍ പഠിക്കണം. ദൈവം നമ്മെ ജോലി ഏല്‍പ്പിച്ച് മാറിയിരിക്കുന്നവനല്ല ദൈവത്തോടുചേര്‍ന്നു ദൈവവിളി യാഥാര്‍ത്ഥ്യമാക്കുവാനാണ് ദൈവം ആഗ്രഹിക്കുന്നത്. അപ്പോള്‍ മാത്രമേ അദ്ധ്വാനം ഭാരം കൂടാതെയും സംതൃപ്തിയോടെയും ചെയ്യുവാന്‍ നമുക്കു സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് അദ്ധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും തന്റെ അടുക്കലേക്കു വരുവാന്‍ കര്‍ത്താവ് ആഹ്വാനം ചെയ്തത്. യേശു ആഹ്വാനം ചെയ്യുന്നു. ”അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിന്‍; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു” (മത്തായി: 11: 28-30). നാം വഹിക്കുന്ന നുകം മൃദുവല്ലായിരിക്കാം, ചുമട് ലഘുവല്ലായിരിക്കാം. എന്നാല്‍ കര്‍ത്താവിനോടു ചേര്‍ന്ന് അത് ഏറ്റെടുക്കുമ്പോള്‍ അവ  മൃദുവും ലഘുവുമായിത്തീരും. ഭക്ത കവിയായ കബീര്‍ ഒരു നെയ്ത്തുകാരനായിരുന്നു. തന്റെ തൊഴിലിനെ അദ്ദേഹം അങ്ങേയറ്റം സ്‌നേഹിച്ചിരുന്നു. Work is worship എന്ന ദര്‍ശനത്തിന്റെ ആള്‍രൂപമായിരുന്നു കബീര്‍. തന്റെ തൊഴിലിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് പ്രാര്‍ത്ഥനയുടെ ഭാഷയിലാണ്. ”ഞാന്‍ നെയ്യുന്നത് ഓരോ ശ്വാസത്തിലും നിറയെ പ്രാര്‍ത്ഥനയോടും കൃതജ്ഞതയോടും കൂടിയാണ്. ഞാനുണ്ടാക്കുന്നതു തുണികളാണെങ്കില്‍, വില്‍ക്കുവാന്‍ വേണ്ടി മാത്രം ഉണ്ടാക്കപ്പെട്ടവയല്ല. അത് ദൈവത്തെ സേവിക്കുവാനുള്ളതാണ്.” തങ്ങള്‍ ചെയ്യുന്ന തൊഴിലിനെ ഈ രീതിയില്‍ കാണുവാന്‍ ഇന്ന് എത്രപേര്‍ക്ക് കഴിയുന്നുണ്ട്? Government Servants, Public Servants എന്നെല്ലാം നാം പലരേയും വിശേഷിപ്പിക്കാറുമുണ്ട്.  Servant എന്ന വാക്കിനു ശുശ്രൂഷകന്‍ എന്ന അര്‍ത്ഥമാണുള്ളതെന്നു പലരുടെയും പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ തോന്നുകയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമല്ലേ? ശുശ്രൂഷയുടെ ഔന്നത്യത്തെ യേശുവിനോളം ഉയര്‍ത്തിക്കാട്ടിയ ഒരു വ്യക്തി ചരിത്രത്തിലില്ല. നമ്മുടെ നാടും രാഷ്ട്രവും ലോകവും നന്നാകുവാന്‍ ശുശ്രൂഷാ മനോഭാവം എല്ലാവരിലും ഉണ്ടാവുക എന്നതാണ് ഏക പോം വഴി. ഗവര്‍മെന്റുകള്‍ സ്വീകരിക്കുന്ന ജനോപകാരപ്രദമായ നടപടികള്‍പോലും സാധാരണക്കാരിലേക്കു എത്തുമ്പോള്‍ ഉദ്ദേശിച്ച ഫലം കിട്ടാതെ വരുന്നത് അഴിമതിമൂലവും കെടുകാര്യസ്ഥത മൂലവുമാണ്. ഇത്തരം ദുഷിച്ച പ്രവണതകളെ വേരോടെ പിഴുതുകളയണമെങ്കില്‍ ശുശ്രൂഷയുടെ മനോഭാവത്തെ വീണ്ടെടുക്കുന്നതിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. കര്‍ത്താവിന്റെ തോട്ടത്തിലെ വേലക്കാര്‍ വേലയെ ആരാധനയാക്കി മാറ്റുന്നവരായിരിക്കണം.
സംരക്ഷണവും പുതുക്കവും നല്‍കുന്ന ശുശ്രൂഷയുടെ     മാനങ്ങള്‍
കര്‍ത്താവിന്റെ വേലയില്‍ ആയിരിക്കുക എന്നു പറഞ്ഞാല്‍ സുവിശേഷഘോഷണത്തിലായിരിക്കുക എന്നു മാത്രം നിര്‍വ്വചിച്ച് വേര്‍തിരിക്കുന്നത് ശരിയല്ല. ദൈവം സൃഷ്ടിച്ച് നല്ലതെന്നു കണ്ട ലോകത്തെ നിലനിര്‍ത്തുന്നതും കൂടുതല്‍ മനോഹരമാക്കുന്നതുമായ ഏതൊരു വേലയും കര്‍ത്താവിന്റെ വേലയാണ്. ഇക്കാര്യത്തില്‍ സഭയുടെ ശ്രദ്ധ കൂടുതല്‍ പതിയേണ്ടതായിട്ടുണ്ട്. വിവിധ തൊഴിലുകളിലേക്ക് പോകുവാന്‍ ഉദ്ദേശിക്കുന്നവരെ ഉന്നതമായ ദര്‍ശനത്തോടുകൂടി അതിലേക്കു പ്രവേശിപ്പിക്കുവാന്‍ അവരെ ഒരുക്കിവിടേണ്ട ചുമതല സഭയ്ക്കുണ്ട്, പ്രത്യേകിച്ചു ഇടവകകള്‍ക്കുണ്ട്. സണ്ടേസ്‌കൂള്‍, യുവജനസഖ്യം തുടങ്ങിയ എല്ലാ പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധവെയ്‌ക്കേണ്ടതാണ്. സുതാര്യമായതും ലളിതമായതും, അതേ സമയം ഉന്നത ദര്‍ശനമുള്ളതുമായ ജീവിതശൈലിയോടു ആഭിമുഖ്യം പുലര്‍ത്തി വളരുവാന്‍ കുട്ടികള്‍ക്കും കഴിയണം. ദൈവവിളിയുടെയും ദൈവരാജ്യ ദര്‍ശനത്തിന്റെയും വിശാലമായ മാനങ്ങള്‍ ഗ്രഹിച്ച് വിവിധ ശുശ്രൂഷകളിലേക്കു പ്രവേശിക്കുവാന്‍ യുവജനങ്ങള്‍ക്കു കഴിയണം. ഇന്ത്യയുടെ ഉദയം ഗ്രാമങ്ങളുടെ ഉദയത്തിലൂടെ സ്വപ്നം കണ്ട മഹാത്മാഗാന്ധിയുടെ സര്‍വ്വോദയ ദര്‍ശനം സാധ്യമാകണമെങ്കില്‍ പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കുന്ന ഗൗരവത്തോടുകൂടിത്തന്നെ ഗ്രാമസഭകളില്‍ പങ്കെടുക്കുവാനും വേണ്ട, നിര്‍ദ്ദേശങ്ങളും പങ്കാളിത്തവും കൊടുക്കുവാനും സഭാ ജനങ്ങള്‍ക്കു കഴിയണം.
മാറ്റം – വ്യക്തികളിലൂടെ സമൂഹത്തിലേക്ക്
സമൂഹത്തില്‍ മാറ്റം വരുത്തണമെങ്കില്‍ മാറ്റത്തിനുവേണ്ടിയുള്ള ആഗ്രഹം മാത്രം ഉണ്ടായതുകൊണ്ടു കാര്യമില്ല; ആഗ്രഹിക്കുന്നവരില്‍ത്തന്നെ മാറ്റത്തിന്റെ തുടിപ്പുകള്‍ ദൃശ്യമാകണം. ഇക്കാര്യത്തില്‍ നാം വേണ്ടത്ര ശ്രദ്ധവെയ്ക്കുന്നുണ്ടോ? ”എനിക്കു പറയാനുള്ളതു കേള്‍ക്കാനായി നിങ്ങള്‍ക്കു പത്തുമിനിട്ട് മാറ്റി വെയ്ക്കാനുണ്ടോ?” എന്നു ചോദിച്ചു കൊണ്ട് ഇന്‍ഡ്യയുടെ പ്രസിഡന്റായിരുന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാം എല്ലാ ഇന്ത്യക്കാരുടെയും ചിന്തയ്ക്കും വിശകലനത്തിനുമായി 2003 സെപ്റ്റംബര്‍ 30 ന് ഒരു ചോദ്യം അവതരിപ്പിച്ചത് വളരെ ശ്രദ്ധേയമാണ്. ”നിങ്ങള്‍ പറയുന്നു, സര്‍ക്കാര്‍ കാര്യക്ഷമമല്ലെന്ന്. നിങ്ങള്‍ പറയുന്നു, നിയമങ്ങള്‍  കാലഹരണപ്പെട്ടവയാണെന്ന്. നിങ്ങള്‍ പറയുന്നു, മുനിസിപ്പാലിറ്റി മാലിന്യങ്ങള്‍ നീക്കുന്നില്ലെന്ന്. നിങ്ങള്‍ പറയുന്നു, ഫോണ്‍ തകരാറിലാണെന്ന്. റെയില്‍വേയുടെ കാര്യം മഹാ തമാശയാണെന്ന്. വ്യോമഗതാഗതം ലോകത്തിലേക്കും മോശമാണെന്ന്, തപാല്‍ സമയത്തിനെത്തുന്നില്ലെന്ന്. നിങ്ങള്‍ പറയുന്നു, രാജ്യം മഹാഗതികേടിലാണെന്ന്, നിങ്ങള്‍ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ നിങ്ങള്‍ എന്തു ചെയ്യുന്നു?” രാജ്യം നന്നാകത്തതിന് നൂറു കാരണങ്ങള്‍ കണ്ടുപിടിക്കുന്ന നാം നമ്മുടെ കര്‍ത്തവ്യങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട.്  ആദരണീയനായ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഈ ചോദ്യത്തിനു മുമ്പില്‍ ഒരു ആത്മപരിശോധനയ്ക്കു നാം തയ്യാറാണോ? തൊഴില്‍ മേഖലകളില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ ഉണ്ടാകണമെങ്കില്‍ തൊഴിലില്‍ ഏര്‍പ്പെടുന്നവരില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതായിട്ടുണ്ട്. പ്രശസ്ത മന:ശാസ്ത്രജ്ഞയായ വെര്‍ജീനിയ സറ്റീര്‍ ‘ആദ്യം ഞാന്‍ എന്നെത്തന്നെ മാറ്റിയിരുന്നെങ്കില്‍’ എന്ന പേരില്‍ ഒരു കുറിപ്പ് ലോകസമക്ഷം അവതരിപ്പിച്ചത് ചിന്തോദ്ദീപകമാണ്. ”ഭാവനയ്ക്ക് അതിരുകള്‍ ഇല്ലാതിരുന്ന ചെറുപ്പകാലത്ത് ഞാന്‍ പറഞ്ഞു, ഈ ലോകത്തെ ഞാന്‍ മാറ്റിമറിക്കുമെന്ന്. പ്രായവും പക്വതയുമായപ്പോള്‍ ഞാന്‍ മനസ്സിലാക്കി, ലോകം അത്രവേഗമൊന്നും മാറുകയില്ലെന്ന്. അപ്പോള്‍ യഥാര്‍ത്ഥ്യ ബോധം ഉള്‍ക്കൊണ്ടു കൊണ്ടു ഞാന്‍ പറഞ്ഞു. ലോകത്തെ മാറ്റിയില്ലെങ്കിലെന്താ, ഞാന്‍ എന്റെ രാജ്യത്തെ മാറ്റിയെടുക്കും. താമസിയാതെ ഞാന്‍ തിരിച്ചറിഞ്ഞു എന്റെ രാജ്യം അതിനു വഴങ്ങുകയില്ലെന്ന്. ജീവിത സായാഹ്നത്തില്‍ ഞാന്‍ തീരുമാനിച്ചു, എന്റെ കുടുംബത്തെയെങ്കിലും ഞാന്‍ മാറ്റിയെടുക്കും. പക്ഷേ, അവരും എന്റെ വരുതിക്കു വന്നില്ല. ഇപ്പോഴിതാ ഞാന്‍ മരണശയ്യയിലാണ്. ഞാനോര്‍ക്കുന്നു, ഞാന്‍ ആദ്യം എന്നെ മാറ്റിയിരുന്നെങ്കില്‍, അതു കണ്ടിട്ട് എന്റെ കുടുംബത്തില്‍ ഒരു ചലനം ഉണ്ടായേനേ. എന്റെ കുടുംബാംഗങ്ങളുടെ പ്രചോദനത്തിലും പ്രോത്സാഹനത്തിലും എനിക്കെന്റെ രാജ്യത്തെ കുറച്ചൊക്കെ മെച്ചപ്പെടുത്താമായിരുന്നു. ഒടുവില്‍ ആര്‍ക്കറിയാം ഞാന്‍ ലോകത്തെയും സ്വാധീനിച്ചേനേ. ഈ കുറിപ്പ് എന്റെ കല്ലറയിന്മേല്‍ കൊത്തി വയ്ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു” എന്നു വെര്‍ജീനിയ സറ്റീര്‍ എഴുതി വെച്ച ഈ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ എല്ലാവരും വിശ്രമിക്കുന്ന സെമിത്തേരിയില്‍ എഴുതിവെയ്‌ക്കേണ്ടതല്ല, മനുഷ്യര്‍ അദ്ധ്വാനിക്കുന്ന തൊഴില്‍ ശാലകളില്‍ എഴുതിവെയ്‌ക്കേണ്ട ചിന്തകളാണിവ. ഗുണമേന്മയുള്ള വ്യക്തികളെ സമൂഹത്തിന്റെ വിവിധ മേഖലകള്‍ക്കു സമ്മാനിക്കുക എന്നത് സഭയുടെ പരമപ്രധാനമായ ഒരു ദൗത്യമാണ്.
Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox