ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മാ & മാത്യൂസ് മാര്‍ അത്താനാസ്യോസ്- ഒരു മനസ്സോടെ അജപാലന ശുശ്രൂഷയില്‍ :മോസ്റ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ
മാര്‍ത്തോമ്മാ സഭാ പ്രതിനിധിമണ്ഡലത്തിന്റെ തീരുമാനപ്രകാരം, റാന്നി-നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ചുമതലയിലും മാര്‍ത്തോമ്മാ സഭാകൗണ്‍സില്‍ പ്രത്യേകമായി നിയോഗിച്ച, സഭാ സെക്രട്ടറി കണ്‍വീനറായുള്ള സബ്കമ്മറ്റിയുടെ മേല്‍നോട്ടത്തിലും അയിരൂര്‍ സെന്ററില്‍, ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലിത്തയുടെയും മാത്യൂസ് മാര്‍ അത്താനാസ്യോസ് എപ്പിസ്‌കോപ്പായുടെയും നാമധേയത്തില്‍ പണികഴിപ്പിച്ച അയിരൂര്‍ ഹോളിസ്റ്റിക് സെന്ററിന്റെ കൂദാശ 2012 മെയ് 27-ാം തീയതി ഞായറാഴ്ച നടന്നു. ഭാഗ്യസ്മരണീയരായ തിരുമേനിമാരുടെ ജീവിതകാലത്തെക്കുറിച്ച് ഈ വേളയില്‍ അനുസ്മരിക്കുന്നത് ഇന്നത്തെ തലമുറയ്ക്കും വരും തലമുറയ്ക്കും പ്രചോദനമാകുമെന്ന് വിശ്വസിക്കുന്നു.
ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ
1947 ല്‍ അബ്രഹാം മെത്രപ്പോലീത്താ വലിയ തിരുമേനി കാലംചെയ്തപ്പോള്‍ സഭയുടെ സാരഥ്യം ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മാ ഏറ്റെടുത്തു. വലിയ മെത്രാപ്പോലീത്തയായി അദ്ദേഹം അഭിഷേകം ചെയ്യപ്പെട്ടു. സംഘര്‍ഷാത്മകമായ ഒരു കാലഘട്ടത്തെയാണ് തിരുമേനി അഭിമുഖീകരിച്ചത്. 50 കളുടെ ആരംഭത്തില്‍ നടന്ന എപ്പിസ്‌കോപ്പല്‍ തിരഞ്ഞെടുപ്പിനടനുബന്ധിച്ച് സഭയില്‍ ഉളവായ വിശ്വാസസംബന്ധമായ ധ്രൂവീകരണങ്ങളുടെ സംവാദങ്ങള്‍ സഭയില്‍ ഏകദേശം 10 വര്‍ഷക്കാലഘട്ടത്തോളം ദുര്‍ഘടപൂര്‍ണ്ണമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. 50കള്‍ക്കു മുമ്പ് പട്ടമേറ്റ ചില പട്ടക്കാര്‍ തന്നെ ഇപ്രകാരം പറഞ്ഞതായി അറിവുണ്ട്. – മാര്‍ത്തോമ്മാ സഭയില്‍ ഒരു പട്ടക്കാരനായിത്തീരുക എന്നത് അക്കാലത്ത് ഒട്ടും ആകര്‍ഷകമായിരുന്നില്ല എന്ന്. ആ കാലഘട്ടത്തില്‍ ലോകത്തിന്റെ ആകര്‍ഷണങ്ങളെക്കാള്‍ ദൈവവിളിയുടെ ഔന്നത്യവും മഹത്വവും തിരിച്ചറിഞ്ഞ് വൈദിക വിദ്യാഭ്യാസത്തിനായി പോകുന്നതിനും വൈദിക പഠനം കഴിഞ്ഞ് ശെമ്മാശ്, കശ്ശീശാ സ്ഥാനങ്ങളിലേക്ക് നിയോഗിക്കപ്പെടുന്നതിനും എനിക്കിടയായത് ദൈവീക നിയോഗമായി ഞാന്‍ കരുതുന്നു. ഡോ. യൂഹനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ വിശ്വാസസംബന്ധമായ കാര്യങ്ങളില്‍ സ്വീകരിച്ച ദൃഢമായ നിലപാട് സഭയെ സുവിശേഷ വിഹിത സഭയായി വിശ്വാസത്തിന്റെ ശക്തമായ അടിത്തറയില്‍ പണിയപ്പെടുന്നതിന് ശക്തി പകര്‍ന്നു. അറുപതുകളിലും എഴുപതുകളിലും സഭയുടെ ശുദ്ധീകരണത്തിനു ഹേതുവായി തീര്‍ന്നത് വിശ്വാസസംബന്ധമായ നിലപാടുകളുടെ വ്യക്തതയും ശാക്തീകരണവുമാണ്. ആ ശക്തമായ വേരുകളോടുകൂടെയാണ് സങ്കീര്‍ത്തനക്കാരന്‍ പറയുന്നതുപോലെ ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ ഒരു വൃക്ഷംപോലെ പടര്‍ന്നു പന്തലിച്ച് ഒരു ആഗോളസഭയായി മാര്‍ത്തോമ്മാ സഭ ഉയര്‍ന്നത്. ബിഷപ്പ് സ്റ്റീഫന്‍ നീല്‍ പറഞ്ഞതുപോലെ ‘തത്വങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും നഷ്ടങ്ങള്‍ സഹിപ്പാനും തയ്യാറായി തത്വങ്ങളില്‍ നിലയുറപ്പിച്ച് അതേതലമുറയില്‍ സകലവും വീണ്ടും കണ്ടെത്തിയ ഒരു സഭയത്രെ മാര്‍ത്തോമ്മാ സഭ.’ തത്വങ്ങളില്‍ മുറുകെപിടിച്ച് സഭയ്ക്ക് ധീരമായ നേതൃത്വം നല്‍കിയ ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനിക്ക് ശക്തമായ പിന്തുണ നല്‍കിയ ദിവ്യശ്രീ. സി.വി.ജോണ്‍ കശ്ശീശായും കൊട്ടാരത്തില്‍ അഡ്വ. ശ്രീ. കെ.റ്റി. തോമസും ചിരസ്മരണീയരാണ്. സഭ പലവിധത്തില്‍ പ്രതിസന്ധികള്‍ അഭിമുഖീകരിച്ച ഒരു കാലഘട്ടത്തിലായിരുന്നു തിരുമേനി സഭയ്ക്ക് സുദൃഢമായതും സുധീരവുമായതുമായി നേതൃത്വം നല്‍കിയത് എന്ന് സൂചിപ്പിച്ചുവല്ലോ. മലങ്കര സഭയിലെ നവീകരണവിഭാഗത്തിന് സഭയില്‍ നേതൃത്വം നല്‍കിയ മലങ്കര മെത്രപ്പോലീത്താ തോമസ് മാര്‍ അത്താനാസ്യോസ് പിന്‍ഗാമികളെ വാഴിക്കാന്‍ ഇടയാകാതെ ആകസ്മികമായി കാലം ചെയ്ത സംഭവം സഭയെ അതീവ ദു:ഖത്തിലാക്കിയ ഒരു അനുഭവമായിരുന്നു. സഭ നേതൃത്വരഹിതമായി തീരുമല്ലോ എന്ന ഭയപ്പാടില്‍ സഭാ ജനങ്ങള്‍ ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിച്ചു. എല്ലായിടത്തും പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു. അതിനു നേതൃത്വം നല്‍കിയത് ചെങ്ങന്നൂര്‍ വലിയ പള്ളി വികാരി കോട്ടൂരേത്ത് അച്ചനായിരുന്നു. അദ്ദേഹം അന്നു കണ്ണുനീരോടുകൂടെ ദൈവസന്നിധിയില്‍ ഹൃദയം പകര്‍ന്നു വിലപിച്ചു- ”മോശ മരിച്ചപ്പോള്‍ ദൈവജനത്തിനു നേതൃത്വം കൊടുപ്പാന്‍ നീ യോശുവായെ ഒരുക്കി; ഞങ്ങള്‍ക്കു ആരെന്നു അറിയുന്നില്ല.” മാരാമണ്‍ പള്ളിയുടെ മുറ്റത്ത് തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ യുടെ കബറടക്ക ശുശ്രൂഷകഴിഞ്ഞ് പിരിഞ്ഞുപോകുന്ന ജനത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കണ്ട് അതീവ ദുഖഭാരത്തോടുകൂടിയാണങ്കിലും വിശ്വാസത്തിന്റെ നിറവില്‍ നിന്നുകൊണ്ട് അപ്പോള്‍ അവിടെയുണ്ടായിരുന്ന തിരുവല്ല പാലിയേക്കര ഇടവക വികാരിയായിരുന്ന ഐപ്പ് തോമാ കത്തനാര്‍ കോട്ടൂരേത്ത് അച്ചന്റെ തോളില്‍ കയ്യിട്ട് പ്രാര്‍ത്ഥന ഇങ്ങനെ പൂര്‍ത്തീകരിച്ചു. ‘സകലവും നീ ഞങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. വിശ്വാസത്തിന്റെ കണ്ണാല്‍ ഞങ്ങള്‍ അതു കാണുന്നു.’ ഈ പ്രാര്‍ത്ഥന ഉയരുമ്പോള്‍ അയിരൂര്‍ പറവേലിത്തുണ്ടിയില്‍ ഭവനത്തില്‍ ജനിച്ചിട്ട് ഏതാനു ദിവസങ്ങള്‍ മാത്രമായ ഒരു ശിശു കമുകിന്റെ പാളയില്‍ കുളിപ്പിക്കാന്‍ ഒരുക്കിക്കിടത്തപ്പെട്ട നിലയില്‍ കൈകാലുകള്‍ ഇട്ടടിച്ച് കിടക്കുന്നുണ്ടായിരുന്നു. ആ ശിശുവത്രെ സഭയുടെ ദൃഢീകരണത്തിനും സഭയെ നേരായപാതയില്‍ നയിക്കുന്നതിനും പിന്നീട് ദൈവം നിയോഗിച്ച ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മാ.മാര്‍ത്തോമ്മാ സഭയുടെ മേലദ്ധ്യക്ഷനായി മാത്രമല്ല 1954 ല്‍ അഖിലലോക സഭാ കൗണ്‍സിലിന്റെ അദ്ധ്യക്ഷനായും തിരുമേനി ആഗോളസഭയ്ക്കു തന്നെ നേതൃത്വം നല്‍കി എന്നത് ശ്രദ്ധേയമാണ്.വൈദിക സെമിനാരിയില്‍ വിദ്യാഭ്യാസത്തിനു പോകുന്ന കാര്യത്തില്‍ എന്നെ ധൈര്യപ്പെടുത്തിയത് യൂഹാനോന്‍ മാര്‍ത്തോമ്മാ തിരുമേനിയാണ്. പോകുന്നതിന്റെ തലേദിവസം എന്റെ ഭവനത്തില്‍ വന്ന് എന്നെ കൂട്ടികൊണ്ട് പുലാത്തീനില്‍ കൊണ്ടുവന്ന് അവിടെ താമസിപ്പിച്ചു. രാവിലെ യാത്രയാകുന്നതിനുവേണ്ട ക്രമീകരണം ചെയ്യുകയും ചെയ്തു. പിന്നീട് സഭയില്‍ പട്ടക്കാരനായി സ്ഥാനമേറ്റപ്പോള്‍ പ്രശ്‌നസങ്കീര്‍ണ്ണമായ ഇടവകകള്‍ തന്നെയാണ് അഭിവന്ദ്യ തിരുമേനി എനിക്കു നല്‍കിയത്. ഈ അനുഭവങ്ങളെല്ലാം എന്നെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടെയും ബലപ്പെടുത്തലിന്റെയും അനുഭവങ്ങളായിരുന്നുഎന്നത് നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.ഐറേനിയസ് എന്ന നാമധേയം നല്‍കി എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് എന്നെ ഉയര്‍ത്തിയ അവസരത്തില്‍ തിരുമേനി എനിക്കു നല്‍കിയ ഒരു കുറിപ്പ് പ്രചോദനവും ധൈര്യവും ശക്തിയും എനിക്കിന്നു പകര്‍ന്നുതന്നുകൊണ്ടിരിക്കുന്നു. ”ഭ്രാന്തുപിടിപ്പിക്കുന്ന സാഹചര്യങ്ങളിലേക്ക് ഇറങ്ങാന്‍ തയ്യാറായി കൊള്ളുക, കാറ്റിനാലും കോളിനാലും അന്തരീക്ഷം എപ്പോഴും മുഖരിതമായിരിക്കും. എന്നാല്‍ ഒരിടത്ത് ഉറച്ചുനിന്ന് ദൈവം നല്ലവനെന്ന് രുചിച്ചറിഞ്ഞ് ദിനംപ്രതി മുന്നോട്ടു പോകുക. ചാര്‍ച്ചയില്‍ എന്റെ മൂത്ത സഹോദരനും മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനുമായ യൂഹനോന്‍ തിരുമേനിയില്‍ നിന്നും ലഭിച്ച ഈ സന്ദേശം എനിക്കിന്നും ദൈവാശ്രയത്തോടുകൂടി പ്രശ്‌നങ്ങളുടെ മുമ്പില്‍ പതറാതെ നില്‍ക്കാന്‍ പ്രചോദനമേകുന്നു. ദൈവത്തിനു സ്‌തോത്രം.
സ്വതന്ത്ര തിരുവിതാംകൂറിനുവേണ്ടിയുള്ള ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെ പരിശ്രമത്തെ എതിര്‍ത്ത്, തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയന്റെ ഭാഗമായി തീരണമെന്നുള്ള വ്യക്തതയോടുകൂടി എബ്രഹാം മാര്‍ത്തോമ്മാ തിരുമേനി അഭിപ്രായം പറയുകയും ജനങ്ങളെ അതിനായി ഒരുക്കുകയും ചെയ്തപ്പോള്‍ ദിവാന്റെ രോഷം മാര്‍ത്തോമ്മാ സഭയ്ക്കും ഏബ്രഹാം മാര്‍ത്തോമ്മാ തിരുമേനിക്കും എതിരായി വരികയുണ്ടായി. ശ്രീമൂലം തിരുനാള്‍, മാര്‍ത്തോമ്മാ സഭയ്ക്ക് അനുവദിച്ചുതന്നതായ സ്ഥലം (ഇപ്പോഴത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിന് എതിര്‍വശത്ത് ലൈബ്രറി നില്‍ക്കുന്ന സ്ഥലം) യൂണിവേഴ്‌സിറ്റിക്കുവേണ്ടി കൂട്ടിച്ചേര്‍ക്കുകയും തിരുമേനിയെ കാരാഗൃഹത്തില്‍ അടയ്ക്കുന്നതിനുമുള്ള ആലോചനകള്‍ രൂപപ്പെടുത്തുകയും ചെയ്തു. അന്ന് മധ്യതിരുവിതാംകൂറിലെ ജനങ്ങള്‍ മനുഷ്യചങ്ങലയെക്കാള്‍ ഉപരിയായി ഒരു കോട്ട എന്നതുപോലെ ഏബ്രഹാം മാര്‍ത്തോമ്മാ തിരുമേനിയുടെ താമസസ്ഥലത്തിനു ചുറ്റും പാളയമിറങ്ങി ദിവാന്റെ പരിശ്രമത്തെ പ്രതിരോധിച്ചു. സത്യത്തിനുവേണ്ടി ധീരമായി പോരാടുന്ന ആ പാരമ്പര്യമത്രെ യൂഹാനോന്‍ തിരുമേനിയും പിന്‍പറ്റിയത്. അടിയന്തിരാവസ്ഥ കാലത്ത് ജനാധിപത്യ മൂല്യങ്ങള്‍ തിരസ്‌കരിക്കപ്പെടുന്നതിനെതിരെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് കത്തെഴുതുവാന്‍ യൂഹാനോന്‍ തിരുമേനി തയ്യാറായി. ആ കാലത്ത് യൂഹാനോന്‍ തിരുമേനിക്കും അറസ്റ്റ് ഭീഷണി ഉണ്ടായി. അന്ന് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ സമയോചിതവും സുധീരവുമായ നിലപാടുമൂലമാണ് അറസ്റ്റ് നടക്കാതെ പോയത്. സ്വാതന്ത്യത്തോടും ദേശീയമായ അവബോധത്തോടും വൈദേശിക മേല്‍ക്കോയ്മയ്‌ക്കെതിരെയുള്ള നിലപാടുകളോടും സഭ പുലര്‍ത്തിയ ആഭിമുഖ്യമത്രേ യൂഹാനോന്‍ തിരുമേനിയിലൂടെ പ്രതിധ്വനിച്ചത്. ധീരാത്മാവായ തിരുേമനിയുടെ സാമൂഹ്യപരവും ആത്മീയപരവുമായ ദര്‍ശനങ്ങള്‍ പരസ്പര പൂരകങ്ങളായിരുന്നു. സമൂഹത്തിന്റെ പ്രശ്‌നങ്ങളെ അവഗണിക്കുവാനോ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുവാനോ തിരുമേനി ഒരിക്കലും തയ്യാറായില്ല. ഭൂഭവനദാനപ്രസ്ഥാനം തിരുമേനിയുടെ വലിയ സാമൂഹിക അവബോധത്തിന്റെ ഒരു അടയാളമായിരുന്നു. പ്രശസ്ത എഴുത്തുകാരനായിരുന്ന ജോര്‍ജ്ജ് ബര്‍ണാഡ്ഷാ ഒരു കഥാപാത്രത്തിലൂടെ പറഞ്ഞു. ‘The worst sin toward our fellow creatures is not to hate them, but to be indifferent to them. That’s the essence of inhumanity.’ അവഗണയുടെ മനുഷത്വ രഹിതമായ വഴികളിലൂടെ മനുഷത്വത്തിന്റെയും നീതിയുടെയും വഴികളിലൂടെ സഞ്ചരിച്ച ഇടയശ്രേഷ്ഠനാണ് യൂഹാനോന്‍ തിരുമേനിയെന്നതില്‍ സഭയ്ക്കും അഭിമാനിക്കാം. കാലഘട്ടത്തിന്റെ വെല്ലുവിളികളെ ധീരമായി അഭിമുഖീകരിപ്പാന്‍ തിരുമേനിയെക്കുറിച്ചുള്ള ഓരോ സ്മരണകളും ഏവര്‍ക്കും പ്രചോദനമേകട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഡോ. മാത്യൂസ് അത്താനാസ്യോസ് എപ്പിസ്‌കോപ്പാ
ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തിരുമേനിയോടൊപ്പം നിന്ന് സഭയുടെ പ്രതിസന്ധിഘട്ടങ്ങളില്‍ സഭയ്ക്ക് ധീരമായ നേതൃത്വം നല്‍കിയ മാത്യൂസ് മാര്‍ അത്താനാസ്യോസ് എപ്പിസ്‌കോപ്പായുടെ ജീവിതം സ്മരണീയമാണ്. സഭയുടെ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും കൂടിയേറ്റ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നല്‍കിയ നേതൃത്വം സഭയുടെ ചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ എഴുതപ്പെടേണ്ടതാണ്. നാല്പതുകളുടെ മധ്യത്തില്‍ എബ്രഹാം മാര്‍ത്തോമ്മാ വലിയമെത്രാപ്പോലീത്താ പ്രാര്‍ത്ഥിച്ചു. ” എന്റെ ദൈവമേ, എന്റെ ജനത്തെ ചിതറിക്കേണമേ.” അത് എന്തിനുവേണ്ടി? ”എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ട് യെരുശലേമിലും യെഹൂദ്യയില്‍ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള്‍ ആകും” എന്ന കര്‍ത്താവിന്റെ ആഹ്വാനവും നിയോഗവും ആധുനിക കാലഘട്ടത്തില്‍ ഉള്‍ക്കൊണ്ട തിരുമേനിയുടെ പ്രതികരണമായിരുന്നു. തിരുമേനിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ”പ്രാണനാഥാ പ്രിയയേശുവേ; നിന്റെ സ്‌നേഹത്തിനു സ്‌തോത്രം, കരുതലിനു സ്‌തോത്രം” എന്നുസാക്ഷിക്കുന്ന വ്യക്തികളായി ലോകമെങ്ങും സാക്ഷ്യം പരത്തുവാന്‍ ചിതറിപ്പോകുന്നവര്‍ക്കു കഴിയണം എന്നതാണ് തിരുമേനി ഉദ്ദേശിച്ചത്. ”ഓരോ മാര്‍ത്തോമ്മാക്കാരനും ഓരോ സുവിശേഷകന്‍” എന്ന ഏബ്രഹാം മാര്‍ത്തോമ്മാ തിരുമേനിയുടെ ദര്‍ശനത്തിന്റെ പൊരുള്‍ ഇതാണ.് മാത്യൂസ് മാര്‍ അത്താനാസ്യോസ് തിരുമേനി, ഏബ്രഹാം മാര്‍ത്തോമ്മാ തിരുമേനിയുടെ ഈ ദര്‍ശനത്തിന്റെ സാരാംശം ഉള്‍ക്കൊണ്ടുകൊണ്ട് മധ്യതിരുവിതാംകൂറില്‍ നിന്നും മലബാറിലേക്കും വടക്കന്‍ തിരുവിതാംകൂറിലേക്കും മറ്റും പലയിടങ്ങളിലേക്കുമുള്ള കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് മാര്‍ത്തോമ്മാ സഭ ഒരു ആഗോള സഭയായി വളര്‍ന്നത്. ദീര്‍ഘവീക്ഷണത്തോടുകൂടി വിദ്യാഭ്യാസമേഖലയ്ക്ക് തിരുമേനി നല്‍കിയ നേതൃത്വവും സംഭാവനകളും സ്ഥാപനങ്ങളായി രൂപപ്പെട്ടതാണ് കീഴില്ലം സെന്റ്‌തോമസ്, പെരുമ്പാവൂര്‍ ആശ്രമം, അയിരൂര്‍ കലാലയം, ചെങ്ങന്നൂര്‍ കോളേജ്, തിരുവനന്തപുരം സെന്റ്‌തോമസ് റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സമുച്ചയം എന്നിവ. തിരുമേനിയുടെ പരിപാലനവും കരലാളനവും ഏറ്റ് വളര്‍ന്ന സ്ഥാപനങ്ങളാണ് ഇവയെല്ലാം. കീഴില്ലം സ്‌കൂളിന്റെ കെട്ടിടംപണി നടക്കുമ്പോള്‍ വിദൂരസ്ഥലങ്ങളില്‍ നിന്നാണ് ആഞ്ഞിലിമരം വെട്ടി പലകകളാക്കി കാളവണ്ടിയില്‍ കയറ്റികൊണ്ടു വന്നിരുന്നത്. ആഞ്ഞിലിത്തടി കാളവണ്ടിയില്‍ കയറ്റുന്ന സന്ദര്‍ഭത്തില്‍ മാത്യൂസ് മാര്‍ അത്താനാസ്യോസ് തിരുമേനി ഒരു തൊഴിലാളിയെപ്പോലെ നിന്നുകൊണ്ട് പലകകള്‍ കാളവണ്ടിയില്‍ കയറ്റുന്നതില്‍പോലും തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്നുനിന്നു എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. തിരുമേനിയുടെ കാലഘട്ടത്തില്‍ സഭയുടെ സ്ഥാപനങ്ങള്‍ക്കുണ്ടായ നേട്ടമാണ് സഭയ്ക്ക് ഇന്നും അഭിമാനിക്കാനുള്ളത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. 1947 ഡിസംബറില്‍ കോഴിക്കോട്ടുള്ള ഇപ്പോഴത്തെ സെന്റ് പോള്‍സ് പള്ളിയുടെ സ്ഥലം വാങ്ങുന്ന കരാര്‍ ഒപ്പിടുമ്പോള്‍ അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ഇടവകാംഗത്തില്‍ നിന്നും 1500 രൂപയുടെ ഒരു ചെക്ക് സ്വീകരിച്ചാണ് തിരുമേനി കരാര്‍ ഉറപ്പിച്ചത്. കരാറുകാരന്‍ പോയികഴിഞ്ഞപ്പോഴാണ് ചെക്ക് കൊടുത്തയാള്‍ പറയുന്നത് ബാങ്കില്‍ പണമില്ല എന്ന്. തിരുമേനി ബാസല്‍ മിഷന്‍ അംഗമായിരുന്ന ഒരു വ്യവസായപ്രമുഖന്റെ വീട്ടില്‍ ചെന്ന് ഈ പ്രതിസന്ധിയില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം തുക നല്‍കി സഹായിക്കുകയുണ്ടായി. തുടര്‍ന്ന് തിരുമേനി നാട്ടിലേക്ക് മടങ്ങി. അപ്പോഴാണ് എബ്രഹാം മാര്‍ത്തോമ്മാ കാലം ചെയ്ത വിവരം അറിയുന്നത്. പിന്നീട് കരാര്‍ പ്രകാരം ആ സ്ഥലത്തിനു കൊടുക്കേണ്ടിയിരുന്ന പണം സമാഹരിക്കുന്നതിനായി കൊല്ലംമുതല്‍ ആലപ്പുഴ വരെയുള്ള മാര്‍ത്തോമ്മാ സഭയുടെ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് തുക സമാഹരിച്ചാണ് കോഴിക്കോട് സെന്റ്‌പോള്‍സ് പള്ളി ഒരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്ത്. അന്ന് മലബാറിലെ കുടിയേറ്റത്തിന്റെ ഇടത്താവളമായി ആ സ്ഥാനം സഭാജനങ്ങള്‍ക്കു പ്രയോജനപ്പെട്ടു എന്നത് ഒരു അനിഷേധ്യസത്യമാണ്.
സഭയുടെ വിശ്വാസധ്രുവീകരണത്തിന്റെ കാലഘട്ടത്തില്‍ യൂഹനോന്‍ മെത്രാപ്പോലീത്തായോടു ചേര്‍ന്ന് നിന്ന് സഭയോടുള്ള പ്രതിബദ്ധത തിരുമേനി നിലനിര്‍ത്തി എന്നത് സ്മരണീയമത്രെ. ദൈവകൃപയില്‍ ആശ്രയിച്ച് ഒരുമയോടെ കരംപിടിക്കുന്നതിനും പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുവാനും അവര്‍ക്കു സാധിച്ചു. അങ്ങനെയാണ് മാര്‍ത്തോമ്മാസഭ വിശ്വാസത്തിന്റെ കെട്ടുറപ്പുള്ള സഭയായി വളര്‍ന്നത് എന്നു നാം ഓര്‍ക്കണം.
വൈദിക സെമിനാരിയില്‍ പോകാനായി ഞാന്‍ തീരുമാനിച്ചപ്പോള്‍ എന്റെ ആ തീരുമാനത്തില്‍ തിരുമേനി വളരെ സന്തുഷ്ടനായിരുന്നു. ചാര്‍ച്ചയില്‍ ഒരു പിതൃസഹോദരനായിരുന്ന അദ്ദേഹത്തില്‍ നിന്നു ലഭിച്ച വാല്‍സല്യവും പ്രചോദനവും അവിസ്മരണീയമാണ്. ഡോ. യൂഹനോന്‍ മാര്‍ത്തോമ്മാ തിരുമേനിയുടെയും മാത്യൂസ് മാര്‍ അത്താനാസ്യോസ് തിരുമേനിയുടെയും രക്തബന്ധത്തില്‍ ജനിച്ചു വളരുവാനും അവരോട് ചേര്‍ന്നു ദീര്‍ഘകാലം പ്രവര്‍ത്തിപ്പാനും ഇടയായ കാലഘട്ടം എന്റെ ഓര്‍മ്മകളില്‍ ഒരു വസന്തമായി നിറഞ്ഞുനില്‍ക്കുന്നു. ഈശ്രേഷ്ഠ ഇടയന്മാരുടെ കാലഘട്ടത്തില്‍ സഭാശുശ്രൂഷയിലേക്ക് കടന്നുവരുവാന്‍ കഴിഞ്ഞതും ദൈവം നല്‍കിയ വലിയ ഭാഗ്യമായി കരുതുന്നു. ഈ തിരുമേനിമാരുടെ സ്മരണയെ നിലനിര്‍ത്തുവാന്‍ പണികഴിപ്പിച്ച അയിരൂര്‍ ഹോളിസ്റ്റിക് സെന്റര്‍ എന്നുമൊരു പ്രകാശഗോപുരമായി നിലനില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
”നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്‍വീന്‍; അവരുടെ ജീവിതാവസാനം ഓര്‍ത്ത് അവരുടെ വിശ്വാസം അനുകരിപ്പിന്‍. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യന്‍ തന്നെ”.'(എബ്രാ.13: 7,8)