കോണ്‍ക്രീറ്റ് കാടുകളിലെ വന്യജീവികള്‍

 

കോണ്‍ക്രീറ്റ് കാടുകളിലെ  വന്യജീവികള്‍ Zacharias Mar Theophilus Suffragan Metropolitan 
Suffragan-Metropolitan (2)ഒരു വീട്! എല്ലാവരുടെയും സ്വപ്നമാണ്. സ്വന്തമായൊരു വീടുണ്ടാക്കാന്‍ മറുനാടുകളില്‍ എല്ലാം മറന്ന് എന്തുപണിയുമെടുക്കാന്‍ ആര്‍ക്കും ഒരു മടിയുമില്ല. അയല്‍ക്കാരന്റെ വീടിനെക്കാള്‍ കേമം ആയിരിക്കണം എന്റേത്  എന്നേ ഉള്ളു. ആവശ്യമുണ്ടോ? വരുമാനമുണ്ടോ? എന്തു തുക മുടക്കണം? അതൊന്നും ഒരു വിഷയമേയല്ല. മക്കളെല്ലാം വിദേശത്തായിരിക്കുന്ന ഒരു വല്ല്യപ്പച്ചനെയും, വല്ല്യമ്മച്ചിയെയും സന്ദര്‍ശിക്കുകയുണ്ടായി. ഇരുവരെയും അന്വേഷിക്കുവാന്‍ ഒരു പുരുഷനെയും, സ്ത്രീയെയും മക്കള്‍ നല്ല ശമ്പളത്തില്‍ നിര്‍ത്തിയിട്ടുണ്ട്. വലിയ ബംഗ്‌ളാവിലാണ് അവരുടെ താമസം. വിശാലമായ കുളിമുറികളാണ് പണിതിട്ടിരിക്കുന്നത്. ബാത്ത് ടബില്‍ മുഴുവന്‍ വൈക്കോല്‍ നിറച്ചിരിക്കുന്നു. ഈയിടെ പ്രസവിച്ച പശുക്കിടാവിനെ വേലക്കാര്‍ സംരക്ഷിച്ചിരിക്കുന്നത് അതിനുളളിലാണ്. ബാത്ത് ടബില്‍ മുങ്ങി കുളിക്കാനുളളതാണ്, കിടാവിനെ കിടത്താനുളളതല്ല. ഉദ്ദേശ്യം പാളിപ്പോയാല്‍ എന്തൊക്കയാവും സംഭവിക്കുക. ഉന്നതമായ ലക്ഷ്യവും ആ ലക്ഷ്യം പ്രാപിക്കുന്നതിനുളള സമര്‍പ്പണവുമാണ് ജീവിത വിജയത്തിന് ആധാരം.
ടോക്കിയോ സന്ദര്‍ശിച്ചപ്പോള്‍ ഒരു ജപ്പാനീസ് സുഹ്യത്ത് പറഞ്ഞതോര്‍ക്കുന്നു. നിങ്ങള്‍ ഇന്ത്യക്കാര്‍ ഹാര്‍ഡ്‌വെയറിന് അധികപ്രാധാന്യം നല്‍കുന്നു. സോഫ്റ്റ്‌വെയര്‍ ശ്രദ്ധിക്കാറേയില്ല. ശരിയല്ലേ,കെട്ടിടം പുറമെ മോടിപിടിപ്പിച്ചതായിരിക്കും. അകത്ത് ചൊവ്വേയുളള ഒരു കസേര പോലും ഉണ്ടാവില്ല.വീട് പാര്‍ക്കാനല്ല, Show Piece ആയി കാണുവാനാണ്. നഗരവല്‍ക്കരണം വീടുകളെ Flat ആക്കിക്കളഞ്ഞു.കരിങ്കല്‍ ചീളുകളും, ഇരുമ്പു കമ്പികളും, സിമന്റ് ചാന്തും ചേര്‍ത്ത കോണ്‍ക്രീറ്റ് വനത്തിനുളളില്‍ വന്യജീവികളെപ്പോലെ   അകെപ്പട്ടിരിക്കുകയാണ് എല്ലാവരും. കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ നിന്ന് ഉയരുന്ന ചൂട് ആഗോളതാപ വര്‍ദ്ധനവിന് ആക്കം കൂട്ടുന്നു. ചുട്ടുപൊളളുന്ന വെയിലില്‍ ഷവര്‍ എടുക്കാതെതന്നെ  കുളിച്ചു കഴിഞ്ഞ മട്ടിലാവും കോണ്‍ക്രീറ്റ് സൗധങ്ങളിലെ താമസക്കാര്‍. മരച്ചുവട്ട’ില്‍ കയര്‍ കട്ടിലില്‍ കുളിര്‍കാറ്റേറ്റ് നീലാകാശത്ത് കണ്ണുചിമ്മി സല്ലപിക്കുന്ന താരഗണങ്ങളെ കണ്ട് ആനന്ദിച്ചുറങ്ങുന്ന ഗ്രാമീണനോ, എ.സി മുറിയില്‍ നിദ്രാവിഹീനനായി തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കഗുളികകളുടെ പിന്‍ബലത്താല്‍ മയക്കത്തിലാണ്ടുപോകുന്ന സമ്പന്നനോ സന്തുഷ്ടന്‍? കോണ്‍ക്രീറ്റ് കാടുകള്‍ക്ക് രൂപം കൊടുക്കുന്ന പുത്തന്‍ കെട്ടിട സംസ്‌കാരം. ഒരു Elivatre Culture ന് വഴി ഒരുക്കുന്നു. ലിഫ്റ്റ് നിറയെ ആണും പെണ്ണുമുണ്ടാവും. പക്ഷേ ആരും ആരോടും മിണ്ടില്ല. ഒന്നുകില്‍ വാച്ചില്‍ നോക്കി നില്‍ക്കും, അല്ലെങ്കില്‍ മാറികൊണ്ടിരിക്കുന്ന Flat കളുടെ നമ്പറിലേക്കോ, കണ്ണാടിഭിത്തിയിലേക്കോ നോക്കി സമയം തീര്‍ക്കും ആരും ആരോടും മിണ്ടില്ല. ഒരു മൗനസംസ്‌കാരം രൂപം കൊളളുന്നു.
കോടികള്‍ മുടക്കിയാണ് ഇന്ന് പളളികള്‍ പണിയുന്നത്. നല്ലൊരു പങ്കു തുകയും ചെലവിടുന്നത് മുഖവാരം പടുത്തുയര്‍ത്തുന്നതിനായിരിക്കും. ഇരിപ്പിട  സൗകര്യങ്ങള്‍ക്കോ, ദ്യശ്യശ്രാവ്യമുഖാന്തരങ്ങള്‍ക്കോ പ്രാധാന്യം കൊടുക്കാറില്ല. ബാബേല്‍ ഗോപുരങ്ങളുടെ പുനരാവിഷ്‌ക്കരണത്തിലേര്‍പ്പെടുകയാണ് എന്ന് തോന്നും. ധൂര്‍ത്തും, ദുര്‍വ്യയങ്ങളും, ദൈവാലയങ്ങളില്‍ നിന്നെങ്കിലും ഒഴിച്ചു നിര്‍ത്തേണ്ടതല്ലെ? കൊട്ടാരങ്ങളെ തഴഞ്ഞ് പശുതൊട്ടിലിനും കീറ്റുശീലയ്ക്കും മുന്‍ഗണന നല്‍കിയ ക്രിസ്തുവിന്റെ പിന്‍ഗാമികള്‍ വ്യത്യസ്തനായ ഗുരുവിന്റെ വ്യത്യസ്തരായ ശിഷ്യരാകേണ്ടതല്ലേ, വിലപിടിപ്പുളള ആലയങ്ങളിലാവണമെന്നില്ല. തീക്ഷ്ണമായനുതപിക്കുന്ന ഹൃദയങ്ങളായിരിക്കും ദൈവം വസിക്കുന്നത്. നൂതന കെട്ടിട സംസ്‌കാരം,മനുഷ്യസംസ്‌കൃതിക്ക് വഴിമാറേണ്ടിയിരിക്കുന്നു.
ഉരുമ്മിനില്‍ക്കുന്ന കെട്ടിടങ്ങളിലാണ് താമസം, എങ്കിലും അയല്‍വീട്ടില്‍ ആരാെണന്ന് ആര്‍ക്കും അറിവുണ്ടാവില്ല. റ്റി.വി യും, മൊബൈലും, ഇന്റര്‍നെറ്റ്-ഉം വീട്ടിനുളളില്‍ ഉണ്ടെങ്കില്‍ ആര്‍ക്ക് ആരെ വേണം. മനുഷ്യനെ വേണ്ടാത്ത മനുഷ്യന്‍, പ്രാവിന്‍ കൂട്ടില്‍ എന്ന പോലാണ് ജീവിതം. ഭിത്തികളാല്‍ പരസ്പരം അകറ്റപ്പെട്ടിരിക്കുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഒരിക്കല്‍ പറയുകയുണ്ടായി. നമ്മുക്കു ചുറ്റും മതിലുകള്‍ പണിയുമ്പോള്‍ നാം നമ്മുടേതായ തടവറ പണിതുയിര്‍ത്തുകയാണ്. സിംഹത്തെപ്പോലെയുളള വന്യജീവികള്‍ക്ക് അവരുടേതായ അതിര്‍ത്തികളുണ്ട്. സഞ്ചാരപഥമുണ്ട്. മുറിച്ചു കടക്കുന്ന ഇതരജീവികളുടെ കഥ കഴിഞ്ഞതുതന്നെ. മതം, ഭാഷ, സംസ്‌കാരം, രാഷ്ട്രിയം ഇവയെല്ലാം ഇന്ന് മനുഷ്യനെ പരസ്പരം വേര്‍തിരിക്കുന്ന ഭിത്തികളായി മാറിയിരിക്കുന്നു. മനുഷ്യജീവിതത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നതിനു പരസ്പരം സഹകരിക്കുകയും സഹായിക്കുകയും വേണം. മതിലുകള്‍ക്കപ്പുറം പോകുന്ന മനസ്സുകള്‍ക്കേ ശാന്തിയും സന്തോഷവും ലഭ്യമാകയുളളു.
Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox