ക്രിസ്തുമസിന്റെ ഗ്രാമീണവിശുദ്ധിയുംഹൃദയശുദ്ധിയുള്ളവരുടെ ക്രിസ്തുമസും


Mar Athanasiusറൈറ്റ് റവ. ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ് എപ്പിസ്‌കോപ്പാ.

ന്നു ആ പ്രദേശത്തു ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍കൂട്ടത്തെ കാവല്‍കാത്തു വെളിയില്‍ പാര്‍ത്തിരുന്നു” (ലൂക്കോസ്: 2:8)ദൈവം മനുഷ്യനായി പിറന്ന മഹാസംഭവം പ്രഘോഷിക്കുന്ന രംഗം സുവിശേഷകനായ ലൂക്കോസ് വര്‍ണ്ണിക്കുമ്പോള്‍ ‘അന്ന്’ എന്നു പറഞ്ഞാണ് തുടങ്ങുന്നത്. അന്ന് എന്ന് ആരംഭിക്കുന്ന ആദ്യ വര്‍ണ്ണനയില്‍ തന്നെ ഗ്രാമീണമായ ഒരു അന്തരീക്ഷത്തിന്റെ വിശുദ്ധിയുടെ തിളക്കം വളരെ പ്രകടമാണ്. യേശുവിന്റെ ജനനത്തോടനുബന്ധിച്ചു നടക്കുന്ന ഓരോ കാര്യത്തിലും സ്വര്‍ഗ്ഗവും ഭൂമിയും സന്തോഷിക്കുന്ന ക്രിസ്തുമസിന്റെ സന്തോഷം നിറഞ്ഞു കവിയുന്നുണ്ട്. എന്നാല്‍ ‘ഇന്ന്’എങ്ങനെയാണ്? ഇന്ന് ക്രിസ്തുമസ് പോലും കമ്പോളവല്‍ക്കരിക്കപ്പെട്ടിരിക്കുകയല്ലേ? ഇന്ന് കമ്പോളത്തിന്റെ ആര്‍പ്പുവിളികളും ലേലംവിളികളുമാണോ ക്രിസ്തുമസിനെ വിളിച്ചറിയിക്കുന്നത്? അതോ ക്രിസ്തുമസ് ഉള്ളിലുണര്‍ത്തുന്ന  സന്തോഷത്തിന്റെയും സ്‌തോത്രത്തിന്റെയും സംഗീതധാര കൊണ്ടാണോ?

അന്ന്, ക്രിസ്തുമസിന്റെ യഥാര്‍ത്ഥ സന്തോഷം കേട്ടറിയുകയും കണ്ടറിയുകയും അനുഭവമാക്കുകയും ചെയ്ത ആട്ടിടയന്മാരില്‍ നിന്നും നാമിന്ന് എത്ര അകന്നിരിക്കുന്നു? ഗ്രാമീണമായ നിഷ്‌കളങ്കതയിലാണ് ആദ്യത്തെ ക്രിസ്തുമസ് സ്വര്‍ഗ്ഗവും ഭൂമിയും ബന്ധപ്പെട്ടവരെല്ലാവരും ആഘോഷിച്ചത്. അന്നത്തെ ആഘോഷത്തിന്റെയും ആരാധനയുടെയും ശ്രദ്ധാകേന്ദ്രം ആ ശിശുവായിരുന്നു. ഇന്ന് ആഘോഷങ്ങളില്‍ പലപ്പോഴും ആ ക്രിസ്തുവിനെ നമുക്കു നഷ്ടപ്പെടുകയാണോ? ജീവിതത്തില്‍ വളര്‍ന്ന് ഏറിക്കൊണ്ടിരിക്കുന്ന സങ്കീര്‍ണ്ണത നമുക്കൊരിക്കലും നഷ്ടപ്പെടാന്‍ പാടില്ലാത്ത എന്തൊക്കെയോ അപഹരിക്കയാണ്. പഴയ ലാളിത്യങ്ങള്‍ അപ്രത്യക്ഷമാകുന്നതിന്റെ ഫലം പഴയ സംതൃപ്തികളുടെ തിരോഭവിക്കലാണ്. കാരണം, ശാസ്ത്രങ്ങളും കണ്ടുപിടിത്തങ്ങളും മനുഷ്യന്റെ സുഖങ്ങളെയും ഇന്ദ്രിയ സൗഖ്യങ്ങളെയും പരിചരിക്കുമ്പോള്‍ അവ കൂടുതല്‍ കൂടുതല്‍ മോഹങ്ങള്‍ കാംക്ഷിക്കുന്ന അവസ്ഥ ഉണ്ടാക്കുകയാണ്. അങ്ങനെ മനുഷ്യന്റെ അസ്വാസ്ഥ്യവും അസംതൃപ്തിയും കൂടിക്കൂടി വരുന്നു. ക്രൈസ്തവ ധാര്‍മ്മിക നിയമങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ മാനവകുടുംബത്തിന്റെ ജീവിതത്തില്‍ അസ്വസ്ഥജനകമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. മതവിശ്വാസങ്ങള്‍ തകരുമ്പോള്‍ യാതൊരു വിശ്വാസവും നയിക്കാനില്ലാത്ത ദു:സ്ഥിതിയില്‍ ആയിരങ്ങള്‍ എത്തുന്നു. തിരക്കുപിടിച്ച ഈ സങ്കീര്‍ണ്ണയുഗം അന്തസ്സുറ്റ എന്തോ ഒന്നിനെ, ശാന്തവും സ്ഥായിയുമായ ലാളിത്യം തികഞ്ഞ എന്തോ ഒന്നിനെ നമ്മില്‍ നിന്ന് അപഹരിച്ച് എടുത്തിരിക്കുന്നു. ഈ ഭൂമിയില്‍ നിന്ന് മഹത്ത്വം പിന്‍വാങ്ങിപ്പോയിരിക്കുന്നുവെന്ന് വിലപിക്കുന്നവര്‍ക്ക് നാം മാപ്പുകൊടുക്കുക.
കര്‍ത്താവിന്റെ കാലത്ത് ആടുകളെ മേയിച്ചു നടക്കുന്നവര്‍ അധകൃതരായി പരിഗണിക്കപ്പെട്ടവരായിരുന്നു. നാടോടികളായി നടക്കുന്നവര്‍ക്ക് അനുഷ്ഠാനങ്ങള്‍ പാലിക്കുക എളുപ്പമല്ലല്ലോ. ഈ പോരായ്മയാണ്, അവരെ അധകൃതരായിക്കണ്ട് മാറ്റി നിര്‍ത്തുവാന്‍ യഹൂദന്മാരെ പ്രേരിപ്പിച്ച പ്രധാന കാരണം. എന്നാല്‍ ക്രിസ്തു ജനിക്കുമ്പോള്‍ അവര്‍ക്കാണ് ആദ്യസന്ദേശം ലഭിക്കുന്നത്. ഇടയനായിരുന്ന ദാവീദിന്റെ കുലത്തില്‍ പുതിയ നിയമത്തിന്റെ ഇടയനായ ദാവീദുപുത്രന്‍ പിറന്നു. ദാവീദിന്റെ നഗരത്തിലെ പശുത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ ദൈവം മനുഷ്യപുത്രനായി എന്ന വലിയ സന്തോഷ വാര്‍ത്ത മാലാഖമാര്‍ പറയുന്നത് രാജാവിനോടോ, മതപുരോഹിതന്മാരോടോ അല്ല, സാധാരണ ആട്ടിടയന്മാരോടാണ.് ദൂതന്‍ പറയുന്നത് ‘ഭയപ്പെടേണ്ട’ എന്നാണ.് ക്രിസ്തുമസിന്റെ സന്ദേശവും സന്തോഷവും നമ്മുടെ ഉള്ളിലെ ഭയത്തെ എടുത്തുമാറ്റുന്നതാണ്. നമ്മള്‍ ആയിരിക്കുന്ന ഇടങ്ങളില്‍ നിന്ന് നമ്മള്‍ എത്തിച്ചേരേണ്ട ഇടങ്ങളിലേക്കു നമ്മെ നയിക്കുന്നതാണ് യേശുവിന്റെ ജനനം.
പ്രവചനനിവൃത്തിക്കായി ഒത്തുച്ചേര്‍ന്നു നീങ്ങുന്ന യോസേഫും മറിയയും
ഗര്‍ഭിണിയായ മറിയയുടെ യാത്ര പ്രയാസകരമാണ്. സെന്‍സസുമായി ബന്ധപ്പെട്ട് പേര്‍ ചേര്‍ക്കുന്നതിനായി യോസേഫിന് ബേത്‌ലഹേമിലെത്തുകയും വേണം. പ്രവാചകന്മാരുടെ പ്രവചനം നിവൃത്തിയാകണമെങ്കില്‍ യേശുവിന്റെ ജനനം ബേത്‌ലഹേമില്‍ നടക്കണം. ബുദ്ധിമുട്ടുകളെയെല്ലാം തരണം ചെയ്ത് യോസേഫും മറിയയും ബേത്‌ലഹേമിലേക്ക് യാത്രയായി. നസ്രേത്തില്‍ നിന്ന് ബേത്‌ലഹേമിലെത്താന്‍ വളരെ ദൂരം യാത്രചെയ്യണം. ‘നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ’ എന്നു ദൂതന്മാരോടു മറുപടി പറഞ്ഞ മറിയ, വാക്കിനെ അന്വര്‍ത്ഥമാക്കി യോസേഫിനോടൊപ്പം യാത്രയായി, ‘ജീവന്റെ അപ്പ’മായവന്‍ അങ്ങനെ ‘അപ്പത്തിന്റെ ഭവന’ത്തില്‍ തന്നെ പ്രവചനങ്ങള്‍ പൂര്‍ത്തീകരിച്ച് ജാതനായി. ദൈവത്തിന്റെ പദ്ധതിയില്‍ പങ്കു ചേരുവാന്‍ പലതും തരണം ചെയ്യേണ്ടിവരും. ‘നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ’ എന്നതു മറിയ പറഞ്ഞ ഭംഗി വാക്കായിരുന്നില്ല, കഷ്ടത ഏറ്റെടുക്കുവാനുള്ള മനസ്സു തുറക്കലായിരുന്നു. ദൈവഹിതം എന്തെന്നു തിരിച്ചറിഞ്ഞിട്ടു തനിക്കു തോന്നിയ വഴികളിലൂടെ സഞ്ചരിക്കുന്നതാണ് ഇക്കാലത്തെ നമ്മുടെ സമീപനമെങ്കില്‍ യേശുവിന്റെ സവിധത്തില്‍ നാം ഒരിക്കലും എത്തിച്ചേരുകയില്ല.
സ്വര്‍ഗ്ഗം വിട്ടിറങ്ങി വന്ന മാലാഖമാര്‍
സ്വര്‍ഗ്ഗത്തിനും ഭൂമിക്കും അധിപതിയായവന്‍ ഒരു പുല്‍ക്കൂട്ടില്‍ മനുഷ്യശിശുവായിക്കിടക്കുന്ന കാഴ്ച മാലാഖമാരില്‍ എന്തു മാറ്റമാണ് വരുത്തിയത്? ഈ കാഴ്ച മാലാഖമാരെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാഴ്ചയാണ്. ആ കാഴ്ച മാലാഖമാരെ സ്വര്‍ഗ്ഗത്തില്‍ നിന്നിറക്കി. ആകാശവിതാനത്തില്‍ അവര്‍ പ്രത്യക്ഷരായി. അവര്‍ സ്വര്‍ഗ്ഗീയഗാനം പൊഴിച്ചു. ആദ്യത്തെ ക്രിസ്തുമസ് കരോള്‍ശുശ്രൂഷയ്ക്ക് സാക്ഷ്യം വഹിക്കുവാന്‍ ആട്ടിടയന്മാര്‍ക്കാണ് ഭാഗ്യമുണ്ടായത്. ആട്ടിടയന്മാര്‍ എവിടെയായിരുന്നു? ”അന്ന് ആ പ്രദേശത്ത് ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍കൂട്ടത്തെ കാവല്‍ കാത്തു വെളിയില്‍  പാര്‍ത്തിരുന്നു. അപ്പോള്‍ കര്‍ത്താവിന്റെ ഒരു ദൂതന്‍ അവരുടെ അരികെ നിന്നു, കര്‍ത്താവിന്റെ തേജസ്സ് അവരെ ചുറ്റി മിന്നി” (ലൂക്കോസ്: 2:8,9) വീട്ടില്‍ കിടന്നുറങ്ങിയ, സ്വന്തം സുരക്ഷിതത്വത്തിന്റെ ഇടങ്ങളില്‍ വിശ്രമിച്ചവര്‍ക്കല്ല യേശുവിന്റെ ജനനവാര്‍ത്ത ദൂതന്മാരില്‍ നിന്നും നേരിട്ടു കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായത്, ഉത്തരവാദിത്തപൂര്‍വ്വം തങ്ങളുടെ ആടുകളുടെ, ‘കാവല്‍’ എന്ന ചുമതല നിര്‍വഹിച്ചവര്‍ക്കാണ് ആ ഭാഗ്യമുണ്ടായത്. നമ്മെ ദൈവം ഏല്‍പ്പിച്ച ചുമതലാസ്ഥാനങ്ങളില്‍ നാം എത്രമാത്രം ഉത്തരവാദിത്ത്വമുള്ളവരാണ് എന്ന് ചിന്തിക്കണം. യേശുവിന്റെ ജനനം അലസരായിരിക്കുന്നവര്‍ക്കുള്ള സുവാര്‍ത്തയല്ല, തങ്ങളുടെ കര്‍മ്മ രംഗങ്ങളില്‍ ചുമതലാബോധമുള്ളവര്‍ക്കുള്ള സുവിശേഷമാണ്.
കേട്ട വാര്‍ത്തയെ നേരില്‍ക്കാണാന്‍ ഇറങ്ങിത്തിരിക്കുന്ന ആട്ടിടയര്‍
ദൂതന്മാരെ കാണുക, ദൂതന്മാരില്‍ നിന്നും യേശുവിന്റെ ജനനവാര്‍ത്ത കേള്‍ക്കുക, ദൂതന്മാരുടെ പാട്ടു കേള്‍ക്കുക എന്നിവയെല്ലാം ആട്ടിടയന്മാരെ ചരിത്രത്തിലെ ഒരു അസുലഭ ഭാഗ്യപദവിയിലേക്കാണ് ഉയര്‍ത്തിയത്. എന്നാല്‍ ആ പദവികൊണ്ട് അവര്‍ തൃപ്തിപ്പെട്ടില്ല. കേട്ട വാര്‍ത്ത കാണുവാന്‍ അവര്‍ ഇറങ്ങി പുറപ്പെട്ടു. ആട്ടിടയര്‍ പൊതുവെ സാഹസികരാണ്. അവര്‍ ഒരു സാഹസിക യാത്രയ്ക്കാണ്  ഇറങ്ങിത്തിരിക്കുന്നത്. അവരുടെ തിടുക്കത്തിലുള്ള യാത്ര  എത്ര സുന്ദരമായ ദൃശ്യമാണ്. രാത്രിയില്‍ സഞ്ചരിക്കുന്നതിന്റെ പ്രയാസങ്ങള്‍,  ബഹുദൂരം സഞ്ചരിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം തരണം ചെയ്താണ് അവര്‍ ലക്ഷ്യസ്ഥാനത്തെത്തിയത്. ഇന്ന്, പ്രത്യേകിച്ചും ക്രിസ്തുമസ് കാലയളവില്‍ എത്രയെത്ര സന്ദേശങ്ങളാണ് യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട് നാം കേള്‍ക്കുന്നത്. കേട്ടതിനെ അനുഭവമാക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കു മാത്രമാണ് ക്രിസ്തുമസിന്റെ യഥാര്‍ത്ഥ സന്തോഷവും, സംതൃപ്തിയും, ക്രിസ്തുമസ് നല്‍കുന്ന ദിശാബോധവും ലഭിക്കുന്നത്. ശീലകള്‍ ചുറ്റി പുല്‍ക്കൂട്ടില്‍ കിടക്കുന്ന ശിശുവിനെ കണ്ട്, ഈ പൈതലിനെക്കുറിച്ച് കേട്ട് വാക്ക് അറിയിച്ച്, കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചും ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടു മടങ്ങിപ്പോയി. ഈ മടങ്ങിപ്പോക്ക് നമുക്കിന്നാവശ്യമാണ്. അവര്‍ അവരുടെ പ്രവര്‍ത്തന മേഖലയിലേക്ക് മടങ്ങിപ്പോയത്, ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടാണ്. പുതിയൊരു ജീവന്‍ ക്രിസ്തുദര്‍ശനം അവര്‍ക്കു നല്‍കി. ക്രിസ്തുമസ് കഴിഞ്ഞ് പുതുവല്‍സരത്തിലേക്കു നാം പ്രവേശിക്കുമ്പോള്‍ ക്രിസ്തുവിലൂടെ ലഭ്യമായ പുതിയ ദര്‍ശനത്തോടും ചൈതന്യത്തോടും കൂടിയായിരിക്കണം നാം പ്രവേശിക്കേണ്ടത.് തന്നെത്തന്നെ ബലിയായി നല്‍കിയവനു നാം എന്താണ് പകരം നല്‍കുക?് ബലിയര്‍പ്പണമായി നമ്മുടെ ജീവിതം തീരണം.
ഫാ. ബോബി ജോസ് കട്ടിക്കാട്ട് ഇങ്ങനെയെഴുതി ”ക്രിസ്തുമസ് ഒരു ബലിയുടെ ഓര്‍മ്മകൂടിയാണ്. നെഞ്ചോടണച്ചു പിടിക്കുന്നയൊന്നിനെ വിട്ടുകളയുകയെന്നതിന്റെ വേദന എങ്ങനെയാണ് പറഞ്ഞുമനസ്സിലാക്കുക. ആയിരം ആട്ടിന്‍ പറ്റങ്ങളില്‍ നിന്ന് ഒരാടിനെ നല്‍കുന്നത് ബലിയല്ല. സ്വന്തം ഉടലിന്റെയും മനസ്സിന്റെയും ഭാഗമായൊരാളെ പോകാനനുവദിക്കുന്നതാണ് ബലി. ഹോറെബ് മലയിലെ അബ്രഹാമിന്റെ ബലി പോലെ. ക്രിസ്തുമസ്സിന്റെ വര്‍ണ്ണപ്പകിട്ടിലും ഞാനോര്‍മ്മിച്ചു വ്യാകുലപ്പെടുന്നത് പിതാവായ ദൈവത്തിന്റെ മനസ്സിനെക്കുറിച്ചാണ്. ഇസഹാക്കിനുപകരം അബ്രഹാമിന് ആട്ടിന്‍കുട്ടിയെ സമ്മാനിച്ചവന്‍ തന്റെ പുത്രനു പകരം ഒരാട്ടിന്‍ കൂട്ടിയെ കണ്ടെത്തിയില്ലല്ലോ. തന്റെ ഏകജാതനെ നല്‍കുമാറ് അത്രമേല്‍ ഭൂമിയെ ഇഷ്ടപ്പെട്ട ദൈവത്തിനായി നന്ദി മാത്രം മനസ്സില്‍.  ക്രിസ്തു മരിച്ചപ്പോള്‍ ഏതാണ്ട് മദ്ധ്യാനമായിരുന്നു. എന്നിട്ടും നമ്മളിങ്ങനെ വായിക്കുന്നു. ”അപ്പോള്‍ സൂര്യനസ്തമിച്ചു.” ക്രിസ്തു പിറന്നത് പാതിരാവിലും. അവന്റെ പിറവിയെ വിളംബരം ചെയ്ത് നക്ഷത്രമുദിച്ചു. ഒരുപമപോലെ ധ്യാനിക്കണം ഇവയെ.  ഏതു മാധ്യാഹ്നത്തിലും എന്റെ മനസ്സില്‍ ക്രിസ്തുവിന്റെ മിഴികള്‍ അടയപ്പെടുമ്പോള്‍ എന്റെ സൂര്യനെ എനിക്ക് കൈമോശം വരുന്നു; ഒപ്പം ഏതിരുളിലും അവന്റെ മിഴികള്‍ എന്റെ നെഞ്ചില്‍ തുറക്കപ്പെടുമ്പോള്‍ എന്റെ സൂര്യനുദിക്കുന്നു. ഇനിമുതല്‍ ഉദയാസ്തമയങ്ങളെ നിര്‍ണ്ണയിക്കുന്നത്  പ്രകൃതിയുടെ താളങ്ങളും നിയമങ്ങളുമല്ല, മറിച്ച്, ഉള്ളിലെ ക്രിസ്തുവിന്റെ സാന്നിധ്യവും അസാന്നിധ്യവുമാണ്. ബേത്‌ലഹേമിനു മുകളില്‍ തെളിഞ്ഞുനിന്ന നക്ഷത്രം പിന്നെ താഴേയ്ക്കു പതിച്ചുവെന്ന് ഒരു പാരമ്പര്യ കഥയുണ്ട്, യാക്കോബിന്റെ കിണറിന്റെ ആഴങ്ങളിലേക്ക്. ഇന്നുമതിന്റെ അടിത്തട്ടില്‍ ജ്വലിച്ചു കിടപ്പുണ്ട്. പക്ഷേ, പ്രശ്‌നമുണ്ട്. ഹൃദയ നൈര്‍മ്മ്യല്യമുള്ളവര്‍ക്കു മാത്രമേ നക്ഷത്രത്തിന്റെ ദര്‍ശനസൗഭാഗ്യം ലഭിക്കുകയുള്ളൂ” (സഞ്ചാരിയുടെ ദൈവം)
ഈ ചിന്തയുടെ നക്ഷത്രം നമ്മെ നയിക്കുന്നത് ഒരു സത്യത്തിലേക്കാണ്. ആ സത്യം സാക്ഷാല്‍ സത്യമായ ക്രിസ്തു തന്നെ ഗിരിപ്രഭാഷണത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
”ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍;അവര്‍ ദൈവത്തെ കാണും” (മത്തായി 5:8)
ഈ വര്‍ഷത്തെ ക്രിസ്തുമസിന്റെ ആരാധനകളും ആഘോഷങ്ങളുമെല്ലാം, ഹൃദയശുദ്ധിയുള്ളവരായി ദൈവത്തെ കാണുന്ന, ദൈവം ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്ന ജീവിതസാക്ഷ്യത്തിലേക്ക് നമ്മെ നയിക്കട്ടെ.
 (as published in the Sabha Tharaka December 2011 Issue)
Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox