ക്രിസ്തുമസ്സ് ദൈവകൃപയുടെ ആവിഷ്‌കാരം : ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പാ
Mathews Mar Makarios Episcopa 1 (1)(As published in the December 2011 Issue of the Sabha Tharaka)

രു ഗുരു തന്റെ ശിഷ്യന്മാരെ അടുക്കല്‍ വിളിച്ച് ഇപ്രകാരം ചോദിച്ചു. എപ്പോഴാണ് ഇരുട്ടുമാറി പ്രകാശം വന്നുവെന്ന് പറയുവാന്‍ കഴിയുക. ഒന്നാമന്‍ പറഞ്ഞു ഒരേ പോലെയുള്ള മരങ്ങള്‍ കണ്ടിട്ട് ഒന്നു ആല്‍മരവും മറ്റേത് മാവുമാണെന്ന് തിരിച്ചറിയുവാന്‍ കഴിയുമ്പോഴാണ് ഇരുട്ടുമാറി പ്രകാശം വന്നുവെന്ന് പറയുവാന്‍ കഴിയുക. രണ്ടാമന്‍ പറഞ്ഞു അങ്ങു ദൂരെ രണ്ടു മൃഗങ്ങളെ കണ്ടിട്ട് ഒന്ന് കഴുതയും മറ്റേത് കുതിരയുമാണെന്ന് തിരിച്ചറിയുവാന്‍ കഴിയുമ്പോഴാണ് ഇരുട്ടുമാറി പ്രകാശം വന്നുവെന്ന് പറയുവാന്‍ കഴിയുക. രണ്ടുത്തരങ്ങളിലും തൃപ്തനാകാത്ത ഗുരു മൂന്നാമനോടും അപ്രകാരം ചോദിച്ചു. മൂന്നാമന്‍ പറഞ്ഞു അങ്ങുദൂരെ ഒരു മനുഷ്യരൂപം കാണുമ്പോള്‍ അത് എന്റെ സഹോദരനാണെന്ന് തിരിച്ചറിയുവാന്‍ കഴിയുമ്പോഴാണ് ഇരുട്ടുമാറി പ്രകാശം വന്നുവെന്ന് പറയുവാന്‍ കഴിയുക. പ്രബുദ്ധത എന്തെന്ന് ഗുരു പഠിപ്പിക്കുകയാണ്. ശരിയായ തിരിച്ചറിവാണ് പ്രബുദ്ധത. നമുക്കുചുറ്റും ഒരു വ്യക്തിഗത സംസ്‌കാരം രൂപപ്പെടുമ്പോള്‍ ദൈവം യേശുവിലൂടെ ശരീരധാരണം ചെയ്ത സ്വയം നല്‍കലിന്റെ അര്‍ത്ഥതലങ്ങളിലേക്കും അവ നമുക്ക് നല്‍കുന്ന നിയോഗങ്ങളിലെക്കും നമുക്ക് ശ്രദ്ധിക്കാം.

ലൂക്കോസിന്റെ സുവിശേഷത്തിന്റെ ആദ്യത്തെ രണ്ടു അദ്ധ്യായങ്ങളിലും ഒരു പുതിയ സാമൂഹിക ക്രമത്തിന്റെ പ്രതിധ്വനി കേള്‍ക്കാം. സഖറിയായും, എലിസബേത്തും, യോസേഫും, മറിയയും, ആട്ടിടയന്മാരും മറ്റും മശിഹായുടെ ആഗമനം പ്രതീക്ഷിച്ച് കാത്തിരുന്ന സാധാരണക്കാരായ ആളുകളും ഉള്‍പ്പെടുന്ന വര്‍ണന ലൂക്കോസ് നല്‍കുന്നു. യേശുവില്‍ ദൈവരാജ്യം സമാഗതമായിരിക്കുന്നു. ദാവീദിന്റെ വംശത്തില്‍ നിന്നുള്ളോരു മശിഹാ രാജാവിനെക്കുറിച്ചുള്ള പ്രതീക്ഷ സാര്‍ത്ഥകമായി. നീതി, സമാധാനം ഇവയുളവാക്കുന്ന ഒരു സാമൂഹ്യ ദര്‍ശനം ക്രിസ്തുവില്‍ യാഥാര്‍ത്ഥ്യമാകുന്നു.

സ്വയം പരിമിതപ്പെടുത്തുന്നു ദൈവകൃപ

വചനം ശരീരം ധരിച്ച് കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. റോമന്‍ അധീശത്ത്വത്തിനെതിരെയുള്ള വിമര്‍ശനവും വെല്ലുവിളിയുമാണ് യേശുവിന്റെ ജനനത്തോടു ചേര്‍ന്നുള്ള വിവരണങ്ങളില്‍ ലൂക്കോസ് നല്‍കുന്നത്. ലൂക്കോസ് നല്‍കുന്ന യേശുവിന്റെ വര്‍ണ്ണന പാരമ്പര്യ മൂല്യഘടനകളുടെ തിരുത്തലാണ്. യേശുവില്‍ ഒരു പുതിയ സാമൂഹിക ക്രമം പ്രവചിക്കപ്പെടുന്നു. ദൈവം മറിയയെ തന്റെ താഴ്ചയില്‍ കടാക്ഷിക്കുകയും ലോക രക്ഷകനായ യേശുവിനെ ലോകത്തിന് നല്‍കുവാന്‍ മറിയയെ തെരഞ്ഞെടുക്കുകയും ചെയ്തു. വിനയവും, എളിമയും ഉള്ളിടത്താണ് യേശു ജനിക്കുന്നത്. യേശുവിന്റെ അമ്മ മറിയയുടെ കാലത്ത് ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഒരു സ്ത്രീ പിടിക്കപ്പെട്ടാല്‍ അവള്‍ നിഷ്‌കരുണം ശിക്ഷിക്കപ്പെടുമായിരുന്നു. (ഉദാ. യോഹ. 7:53-8:11) മോശയുടെ ന്യായപ്രമാണം അപ്രകാരം അനുശാസിച്ചിരുന്നു. ഇങ്ങനെയുള്ള മതസാമൂഹിക നിയമങ്ങള്‍ നിലനിന്ന കാലഘട്ടത്തിലാണ് മറിയക്ക് ദൈവദൂതന്റെ പ്രത്യക്ഷത ലഭിച്ചത്. ഭയപ്പെടേണ്ട നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു എന്നു പറയുന്നു. വേദനയുടെ ബലിവേദിയില്‍ സ്വയം ഹോമിക്കപ്പെടുവാന്‍ തയ്യാറായ മറിയയിലൂടെയാണ് ലോകരക്ഷകനെ മനുഷ്യരാശിക്കു ലഭിക്കുന്നത്. സ്വയം പരിമിതപ്പെടുത്തുന്ന ദൈവകൃപയുടെ ആവിഷ്‌കാരമാണ് ക്രിസ്തുമസ്സ്.

അസാധ്യതകളെ സാധ്യമാക്കുന്ന ദൈവകൃപ

യേശുവിന്റെ കാലത്തെ യഹൂദന്മാരുടെ ഇടയില്‍ സ്വാതന്ത്ര്യത്തിന്റെ, വിടുതലിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും നിലനിന്നിരുന്നു. ദൈവജനമായ യിസ്രായേല്‍ സാര്‍വത്രികമായ അധീശത്വം കൈയേല്‍ക്കുന്ന സുന്ദര ഭാവിയെ സ്വപ്നം കണ്ടവര്‍ ഒരു വശത്ത്, മോശയുടെ നിയമങ്ങളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അനുസരിക്കുന്ന അമൂല്യ നിമിഷത്തില്‍ പ്രതീക്ഷകളുടെ പൂര്‍ത്തീകരണമായ മശിഹായും ആഗതമാകുമെന്ന് കരുതിയവര്‍ മറുവശത്ത്. ഇങ്ങനെ പ്രതീക്ഷകള്‍ സ്വപ്നങ്ങളായി വളര്‍ന്നു നിന്ന അന്തരീക്ഷത്തിലാണ് ദൈവരാജ്യത്തിന്റെ ആഗമന സന്ദേശവുമായി ക്രിസ്താഗമനം. വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയില്‍ ഉപയോഗിക്കുന്ന ഒരു പ്രാര്‍ത്ഥന ഇപ്രകാരമാണ്: ‘ശരീരികളും അശരീരികളുമാകുന്ന വാനസേനകളാകുന്ന സൂര്യനും ചന്ദ്രനും സകല നക്ഷത്രങ്ങളും, സ്വര്‍ഗ്ഗീയ ഊര്‍ശ്ലേമില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ആദ്യജാതന്മാരായ മാലാഖമാരും പ്രധാനമാലാഖമാരും റിശെനിവാസന്മാരും ശുല്‍ത്താനന്മാരും മൌത്ത്‌ബേന്മാരും മാറാവാസന്മാരും ഹൈലേന്മാരും കണ്ണുകള്‍ വളരെയുള്ള ക്രോബേന്മാരും കാലുകളും മുഖങ്ങളും മൂടികൊണ്ട് അന്യോന്യം പറന്ന്, ആകാശവും ഭൂമിയും തന്റെ മഹത്വംകൊണ്ട് നിറഞ്ഞിരിക്കുന്ന സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ് പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന് ആര്‍ത്തുപാടി ചൊല്ലുന്ന ആറാറുചിറകുളുള്ള സ്രാപ്പേന്മാരും സ്തുതിക്കുന്ന’ സ്വര്‍ഗ്ഗത്തിലെ സകല മഹിമകളെയും വെടിഞ്ഞ് താണ അവസ്ഥയില്‍ മനുഷ്യരോടൊപ്പം മനുഷ്യരിലൊരുവനായ ശരീരം ധരിച്ച യേശു സ്വയം പരിമിതപ്പെടുത്തുന്ന ദൈവകൃപയുടെയും അസാധ്യതകളെ സാധ്യതകളാക്കുന്ന ദൈവകൃപയുടെയും ആവിഷ്‌കാരമാണ്.

ശ്രേഷ്ഠമായതിനെ പങ്കുവയ്ക്കുന്ന ദൈവകൃപ

ദൈവം തന്റെ ഏകജാതനായ പുത്രനെ മാനവരാശിയുടെ രക്ഷക്കായി നല്‍കിയതിലൂടെ ഏറ്റം ശ്രേഷ്ഠമായതിനെ പങ്കു വയ്ക്കുന്ന ദൈവകൃപയുടെ ആവിഷ്‌കാരമാണ് സാധ്യമായത്. തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു. കാണ്മീന്‍ നാം ദൈവമക്കള്‍ എന്നു വിളിക്കപ്പെടുവാന്‍ പിതാവ് നമുക്ക് എത്ര വലിയ സ്‌നേഹം നല്കിയിരിക്കുന്നു.

വിമോചനത്തിനു വേണ്ടി ദാഹിക്കുന്ന മനുഷ്യകുലത്തിന് രോഗത്തില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും മരണത്തില്‍ നിന്നും മോചനം വേണം. ഈ വിമോചന ദൗത്യത്തിന്റെ ഉദാത്തമായ ആവിഷ്‌കാരമാണ് ക്രിസ്താഗമനത്തിലൂടെ സാധ്യമാകുന്നത്.

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox