സമര്‍പ്പിത മാനസരായ് സന്യാസവഴികളിലൂടെ
നമ്മുടെ ദയറാകളിലും ആശ്രമങ്ങളിലും നിത്യ ശെമ്മാശന്മാര്‍ നിരന്തരം ഉണ്ടായി വരുന്നതിന് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. മെത്രാന്‍ സ്ഥാനത്തേക്ക് അവരോധിക്കുന്നവര്‍ റമ്പാന്മാരായിരിക്കണമെന്നാണ് സഭ നിഷ്‌കര്‍ഷിക്കുന്നത്. ആര്‍ഷ ഭാരതത്തിലെ സഭ ദേശീയ സംസ്‌കാരം ഉള്‍ക്കൊള്ളുന്നതിന്റെ ലക്ഷണം കൂടിയാണ് സന്യാസിമാരെ മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത്. ഗുരുവിനുചിതമായ ധാടിയും മോടിയും ചേര്‍ന്ന് അവര്‍ കേശാദിപാദം സമര്‍പ്പിതരായിരിക്കണം. വേദപരിജ്ഞാനത്തിലും സഭാ വിജ്ഞാനീയത്തിലും, ദൈവഭക്തിയിലും, സത്യവിശ്വാസം പിന്തുടരുന്നതിലും അഭ്യസിപ്പിക്കുന്നതിനും ഇവര്‍ ഏറെ ശുഷ്‌കാന്തിയുള്ളവരായിരിക്കണം. കേശാദിപാദം ഒരിക്കല്‍ സമര്‍പ്പിക്കപ്പെട്ടാല്‍ ചോദ്യം ചെയ്യാതെ അനുസരിപ്പാന്‍ അവര്‍ എന്നും കടപ്പെട്ടവരാണ്.
കര്‍ത്താവു നല്‍കുന്ന നുകം ശിഷ്യത്വത്തിന്റെ അടയാളം
സഭയുടെ സത്യവിശ്വാസം മുറുകെ പിടിക്കുന്നതില്‍ ഏറെ ശ്രദ്ധയും അതില്‍ ആഴത്തില്‍ വേരൂന്നിയവരുമായിരിക്കണം. സാധാരണ വിശ്വാസികള്‍ പൊതുജീവിതത്തിന്റെ ഭാഗമായിട്ടും അംശമായിട്ടും മാത്രമേ വിശ്വാസത്തെ കണക്കാക്കാറുള്ളൂ. സന്യാസിമാര്‍ പൊതുജീവിതം ഉഴിഞ്ഞുവെച്ച് സഭയുടെ വിശ്വാസത്തിന്റെ കെട്ടുറപ്പിനും അവയില്‍ വെള്ളം ചേര്‍ക്കാതെ പരിരക്ഷിക്കുന്നതിനും, ഓരോ തലമുറയിലേക്ക് അവ കുറ്റവും കുറവും കൂടാതെ പരിരക്ഷിക്കുന്നതിനും ചുമതലപ്പെട്ടവരാണ്. അതുകൊണ്ടാണ് സന്യാസിമാര്‍ക്ക് ലഭിക്കുന്ന അങ്കിയുടെ നിറം കടും കറുപ്പ് നിറം ആയിരിക്കുന്നത്. സത്യം, നീതി, വിശ്വാസം ഇവയുടെ തീവ്രത കാണിക്കുന്നതാണ് കറുപ്പു നിറം. സ്തുതി ചൊവ്വാക്കപ്പെട്ട (Orthodox) സത്യവിശ്വാസത്തിന്റെ കാവല്‍ക്കാരും പ്രചാരകരും പ്രയോക്താക്കളുമാണ് നമ്മുടെ ദയറാക്കാര്‍. ദയറാ സമൂഹം അടുത്ത കാലത്ത് സഭയില്‍ ഉണ്ടായി വന്ന ഒന്നല്ല. സഭയുടെ ആദ്യകാലം മുതല്‍ ദയറാക്കാരാണ് സഭയെ നയിച്ചതും നിയന്ത്രിച്ചതും, പരിപാലിച്ചതും. അംഗസംഖ്യ പരിമിതമായിരുന്നു. ശെമ്മാശന്മാരെ പോലെ സന്യാസിമാരും ദയറാവാസികളുമായി കൂടുതല്‍ സന്യസ്ഥരുണ്ടാവണം. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സഭ പതറി പോകാതെ വിശ്വാസത്തില്‍ പിടിച്ചു നില്‍ക്കുന്നതിനും അതു മുന്നോട്ട് കൊണ്ടുപോകുന്നതിനും ദൃഢചിത്തരും ക്രിസ്തു വിശ്വാസത്തില്‍ പിടിക്കപ്പെട്ടവരും സത്യസുവിശേഷത്തിന് സാക്ഷികളാകുന്നതിന് യൗവ്വനക്കാരേ, നിങ്ങളെ സഭയ്ക്ക് ആവശ്യമുണ്ട്. വരിക-വന്ന് ഈ നുകം പേറുക. കര്‍ത്താവ് പറയുന്നു.-എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നു (മത്തായി 11:30).
അടയാളങ്ങളുടെ സന്ദേശം
അംഗവസ്ത്രത്തോടൊപ്പം റമ്പാന്മാര്‍ക്ക് ഒരു തലപ്പാവും കൊടുക്കുന്നു. പന്ത്രണ്ട് ചെറുകുരിശുകളും ഒരു വലിയ കുരിശും ചേര്‍ന്ന ഒരു തൊപ്പി. ക്രിസ്തുവോടു ചേര്‍ന്ന് പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ വിശ്വാസത്തിന്റെ ഏകതയും ഐക്യവും അതിന്റെ പിന്‍തുടര്‍ച്ചയുമാണ് ഈ അടയാളത്തിലൂടെ കാണിക്കുന്നത്. അതോടൊപ്പം ഒരു കുരിശു മാല. കുരിശ് നിന്ദയുടെ പര്യായമായിരുന്നു. ക്രിസ്തുവിനുവേണ്ടി നിന്ദ ധരിക്കാന്‍ വിളിക്കപ്പെട്ടവര്‍, കുരിശിന്റെ സാക്ഷികള്‍ എന്നിങ്ങനെ വിവക്ഷ. കാര്‍മ്മികന്‍ കാല്‍ കഴുകി അവരെ ചെരുപ്പു ധരിപ്പിക്കുന്നു. നിരന്തര യാത്രക്കാര്‍, സീയോന്‍ നോക്കി യാത്ര ചെയ്തവര്‍, സീയോനിലേക്ക് വിശ്വാസികളെ നയിക്കേണ്ടവര്‍. ഇവരായിരിക്കണം സഭയുടെ ദാസ്യശുശ്രൂഷയുടെയും എളിമയുടെയും പ്രതീകങ്ങള്‍. സന്യസ്ഥര്‍ക്ക് പിന്‍തുടര്‍ച്ചക്കാര്‍ സഭയില്‍ ഏറിവരട്ടെ.
സ്വയംവെടിഞ്ഞ് ആത്മാവില്‍ നിറയുക
റാബ് എന്ന സുറിയാനി വാക്കില്‍ നിന്നാണ് റബാന്‍ അല്ലെങ്കില്‍ റമ്പാന്‍ എന്ന പദം ഉത്ഭവിച്ചത്. Great, Teacher, Abbot എന്നൊക്കെ അര്‍ത്ഥം പറയാം. സിസ്റ്റര്‍ മേരീ ബനീഞ്ജയുടെ ‘ലോകമേയാത്ര’ എന്ന കവിതയിലൂടെ സ്വയം ശുന്യമാക്കപ്പെടുന്ന അനുഭവം വികാരതീവ്രതയോടെ സിസ്റ്റര്‍ വരച്ചു കാണിച്ചിരിക്കുന്നു
”ജനിച്ചനാള്‍ തുടങ്ങിയെന്നെയോമനിച്ചു തുഷ്ടിയോ-
ടെനിക്കു വേണ്ടതൊക്കെ നല്കിയാദരിച്ചലോകമേ
നിനക്കു വന്ദനം! പിരിഞ്ഞുപോയിടട്ടെ ഞാനിനി
ശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയേ വരിക്കുവാന്‍”
തീവ്രവും ഭക്തിസാന്ദ്രവുമായ വാക്കുകളിലൂടെയാണ് സന്യാസ ജീവിതത്തേക്കു ചുവടുവെയ്ക്കുന്ന അനുഭവത്തെ ഇവിടെ ചിത്രീകരിക്കുന്നത്. ത്യാഗത്തിന്റെയും സഹനത്തിന്റെയും പാതകളിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് സിസ്റ്റര്‍ പറയുന്നു.
”സമസ്തവും ത്യജിച്ചു ഞാനിറങ്ങിടുന്നു, ധീരരാം ശമി
പ്രവീരരെത്തുടര്‍ന്നു ജീവിതം നയിക്കുവാന്‍,
ക്ഷമിച്ചിടട്ടെ ലോകമെന്റെ സാഹസ പ്രവൃത്തിയെ
ശ്രമിച്ചിടട്ടെ ഞാനിതില്‍ പ്രശസ്തമാം ജയത്തിനായ്”
സന്യാസ ജീവിതത്തിന്റെ അര്‍ത്ഥത്തിന്റെയും മഹത്വത്തിന്റെയും ഉയരങ്ങളും ആഴങ്ങളുമാണ് മേല്‍പ്പറഞ്ഞ വരികളില്‍ തെളിയുന്നത്. ദൈവം വില കല്പിക്കുന്നതിന് വില കല്പിച്ചുകൊണ്ട് ലോകം വില കല്പിക്കുന്നതിനെ ത്യജിക്കുന്നതാണ് സന്യാസത്തിന്റെ അടിസ്ഥാന ശൈലി. ക്ഷണികമായതിനെ പിന്തുടര്‍ന്ന് പരമമായതിനെ അവഗണിക്കുന്ന രീതിയാണ് പലപ്പോഴും ലോകം പിന്തുടരുന്നത്. ലോകത്തിന്റെ ഇത്തരം വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നത്. ആത്മബലിയുടെ വഴിയാണ് സന്യാസത്തിന്റെ വഴി. സന്യാസത്തില്‍ ത്യജിക്കല്‍ മാത്രമല്ല ഉള്‍ക്കൊള്ളലുമുണ്ട്. പരമമൂല്യവും പരമസത്യവുമായ ദൈവത്തെ സ്വീകരിക്കുന്നതിനുവേണ്ടിയാണ് ദൈവം വില കല്പിക്കാത്തതിനെ നാം ത്യജിക്കേണ്ടത്.
നമുക്കു നല്‍കപ്പെട്ട ദിവ്യശ്രീമാന്മാരായ വര്‍ഗീസ് മത്തായി റമ്പാനും, കെ.വി. വര്‍ക്കി റമ്പാനും, ഉമ്മന്‍ ജോര്‍ജ്ജ് റമ്പാനും ആശംസകള്‍ അര്‍പ്പിക്കുന്നു. അവര്‍ ദൈവത്തിന്റെ സഭയില്‍ കലവറക്കാരും സത്യവിശ്വാസത്തിന്റെ തൂണും മല്പാന്മാരുമായിട്ട് ക്രിസ്തുവിന്റെ ദാസ്യശുശ്രൂഷ ലോകത്തിന് കാണിച്ചു കൊടുക്കുന്നതിന് സര്‍വ്വശക്തനായ ദൈവം തുണയ്ക്കട്ടെ എന്നുപ്രാര്‍ത്ഥിക്കുന്നു.