”മനുഷ്യപുത്രാ, ഞാന്‍ നിന്നെ
യിസ്രായേല്‍ ഗൃഹത്തിനു
കാവല്‍ക്കാരനാക്കി വച്ചിരിക്കുന്നു;
നീ എന്റെ വായില്‍ നിന്ന് വചനം
കേട്ട് എന്റെ നാമത്തില്‍
അവരെ ഓര്‍മ്മപ്പെടുത്തണം”. (യെഹെസ്‌കേല്‍ :33:7)
സഭയില്‍ ഇടയന്മാരായി നിയോഗിക്കപ്പെടുന്നവരുടെ ദൗത്യം എന്തെന്ന് സഭയുടെ ദൗത്യവുമായുള്ള ബന്ധത്തില്‍ ദൈവവചനത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കപ്പെടേണ്ടത് നമ്മുടെ പുതുക്കത്തിനും സമര്‍പ്പണത്തിനും അത്യന്താപേക്ഷിതമാണ്. ആടുകള്‍ക്കുവേണ്ടി ജീവന്‍ പോലും കൊടുക്കുന്ന ഇടയനായ ക്രിസ്തുവിന്റെ ആടുകളാണ് വിശ്വാസസമൂഹം. ആടുകള്‍ക്ക് നല്ല ഇടയനായിരിപ്പാനാണ് ദൈവം പട്ടക്കാരെയും മേല്‍പട്ടക്കാരെയും തിരഞ്ഞെടുത്തു നിയോഗിക്കുന്നത്. ജനത്തിനു കാവലാളായിരിക്കുക എന്നതാണ് ഇടയധര്‍മ്മം. യെഹസ്‌കേല്‍ പ്രവാചകനിലൂടെ ദൈവം നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രഖ്യാപിച്ചതും വെളിപ്പെടുത്തിയതും ഇടയധര്‍മ്മത്തെക്കുറിച്ചുള്ള ദൈവഹിതമാണ്. കാവല്‍ക്കാരന്റെ ഉത്തരവാദിത്തം എന്തെന്ന് യെഹസ്‌കേല്‍ പ്രവാചകനിലൂടെ ദൈവം അതിശക്തമായ വാക്കുകളില്‍ പറയുന്നു. ”ഞാന്‍ ഒരു ദേശത്തിന്റെ നേരേ വാള്‍ വരുത്തുമ്പോള്‍ , ആ ദേശത്തിലെ ജനം തങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരു പുരുഷനെ തെരഞ്ഞെടുത്തു കാവല്‍ക്കാരനാക്കിവച്ചാല്‍ വാള്‍ വരുന്നതു കണ്ടിട്ട് അവന്‍ കാഹളം ഊതി ജനത്തെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ ആരെങ്കിലും കാഹള നാദം കേട്ട് കരുതിക്കൊള്ളാതെ ഇരുന്നാല്‍, വാള്‍ വന്ന് അവനെ ഛേദിച്ചു കളയുന്നു എങ്കില്‍ അവന്റെ രക്തം അവന്റെ തലമേല്‍ പതിക്കും”. (യെഹസ്‌കേല്‍ : 33: 2-4)
കാവല്‍ക്കാരന്റെ ഉത്തരവാദിത്തം എത്ര ഗൗരവമുള്ളതാണെന്ന് ഈ വാക്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. പ്രതിസന്ധി വരുമ്പോള്‍ പ്രതിസന്ധി കണ്ടില്ലെന്നു നടിച്ച് മാറിപ്പോകുന്നതല്ല, പ്രതിസന്ധിയുടെ മുമ്പില്‍ ഭീരുവിനെപ്പോലെ തളര്‍ന്നു വീഴുന്നവനല്ല, പ്രതിസന്ധികളില്‍ നിന്നും ഓടിയൊളിച്ചു പോകുന്നവനുമല്ല കാവല്‍ക്കാരന്‍ , കാവല്‍ക്കാരന്‍ ജനത്തിനു വേണ്ടി ഉണര്‍ന്നിരിക്കേണ്ടവനാണ്. വന്നുകൊണ്ടിരിക്കുന്ന അപകടത്തെക്കുറിച്ച് കാഹളമൂതി ജനത്തെ ഉണര്‍ത്തി ജാഗ്രതയുള്ളവരായിരിക്കുവാന്‍ ജനത്തെ ഉദ്‌ബോധിപ്പിക്കേണ്ടവനാണ്. മാനുകള്‍ കൂട്ടമായി സഞ്ചരിക്കുന്നത് ശ്രദ്ധേയമായ ഒരു കാഴ്ചയാണ്. ഒരു അപകട മേഖലയില്‍പ്പെട്ടുപോയാല്‍ മുന്‍പില്‍ നടക്കുന്ന മാന്‍ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. കാഹളമൂതുന്നതിനു തുല്യമായ ഒരു ധര്‍മ്മമാണ് അപ്പോള്‍ ആ മാന്‍ നിര്‍വഹിക്കുന്നത്. ആ മാന്‍കൂട്ടം അങ്ങനെയാണ് രക്ഷയ്ക്കുള്ള വഴികള്‍ കണ്ടെത്തുന്നത്. മുന്‍പിലെ അപകടം തിരിച്ചറിഞ്ഞിട്ടും അപകട സൂചന മുന്‍പേ നടക്കുന്ന മാന്‍ നല്‍കിയില്ലെങ്കില്‍, ഒരു പക്ഷേ ആ മാന്‍കൂട്ടം മുഴുവനായിത്തന്നെ പ്രതിയോഗികളുടെ ഇരകളായിത്തീരും. ഇത് നമുക്കു നല്‍കുന്ന പാഠം വളരെ വ്യക്തമാണ്. ചെയ്യേണ്ട കര്‍മ്മം, ചെയ്യേണ്ട സമയത്തും, ചെയ്യേണ്ട രീതിയിലും ചെയ്തില്ലാ എങ്കില്‍ കാവല്‍ക്കാരന്‍ അവന്റെ ദൗത്യത്തില്‍ പരാജയപ്പെടും എന്നു മാത്രമല്ല, ഇരകളായിത്തീരുന്നവരുടെ രക്തത്തിനു വലിയവനായ ദൈവത്തിന്റെ മുമ്പില്‍ സമാധാനം പറയേണ്ടിവരും. കാവല്‍ക്കാരന്‍ കാഹളം ഊതിയിട്ടും കേള്‍ക്കാതെയും തിരിച്ചറിയാതെയും ഇരിക്കുന്നവരുടെ ഭാവി ഒട്ടും ശുഭകരമായിരിക്കുകയില്ലെന്നും വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
മാനസാന്തരത്തിന്റെ വഴികളിലൂടെ രൂപാന്തരത്തിലേക്ക്
“എന്നാല്‍ ദുഷ്ടന്‍ തന്റെ വഴി വിട്ടു തിരിയേണ്ടതിനു നീ അവനെ ഓര്‍മ്മപ്പെടുത്തീട്ടും അവന്‍ തന്റെ വഴി വിട്ടു തിരിയാതിരുന്നാല്‍, അവന്‍ നിന്റെ അകൃത്യം നിമിത്തം മരിക്കും. നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.(9-ാം വാക്യം) എന്നത്രേ ദൈവം അരുളിച്ചെയ്യുന്നത്. കാഹളമൂതുന്നതിലൂടെ ഓര്‍മ്മപ്പെടുത്തുന്നത് ഒരു മനം തിരിവിന്റെ ആവശ്യകതയെയാണ്. ദുഷ്ടന്‍ തന്റെ വഴിവിട്ടു തിരിയേണം എന്നത്രേ ദൈവം ആഗ്രഹിക്കുന്നത്. മാനസാന്തരപ്പെടുക എന്നത് ക്രിസ്തീയ ദൗത്യത്തിന്റെ ഏറ്റവും ശക്തമായ പ്രബോധനങ്ങളില്‍ ഒന്നാണ്. വഴിതെറ്റിപ്പോയിരിക്കുന്നു എന്ന തിരിച്ചറിവ് ആദ്യം ഉണ്ടാകണം. തെറ്റായ വഴികളില്‍ നിന്നും ശരിയായ വഴിയിലേക്കു കടന്നുവരുവാനുള്ള മനസ്സുണ്ടാകണം. രൂപാന്തരത്തിന്റെ അനുഭവത്തിലേക്ക് നമ്മെ എത്തിക്കാത്ത അനുതാപവും മാനസാന്തരവും പ്രയോജനരഹിതമത്രെ. രൂപാന്തരത്തിലേക്കു നയിക്കുന്ന മാനസാന്തരത്തിനുവേണ്ടി കാഹളമൂതുന്നവനാണ് ശരിയായ കാവല്‍ക്കാരന്‍ .
പിന്മാറിപ്പോയ കാവല്‍ക്കാരെ യഥാസ്ഥാനപ്പെടുത്തുന്ന യേശു
വി. യോഹന്നാന്റെ സുവിശേഷം 21-ാം അദ്ധ്യായത്തിന്റെ ആരംഭത്തില്‍ നാം കാണുന്നത് പിന്മാറ്റത്തിലേക്കു പോയ ഒരു കൂട്ടം ‘കാവല്‍’ക്കാരെയാണ്. യേശു ഉയിര്‍ത്തെഴുന്നേറ്റു എന്നു വ്യക്തമായ ബോധ്യമുണ്ടായിരുന്നിട്ടും യേശു തങ്ങളെ ഭരമേല്‍പ്പിച്ച ദൗത്യത്തില്‍ നിന്നും പിന്മാറിപ്പോയ പത്രൊസ് ഉള്‍പ്പെടെയുള്ള ഏഴുപേരുടെ പിന്മാറ്റ ശൈലിയാണ് നാം അവിടെ കാണുന്നത് ആ എഴു പേര്‍ ഇന്നത്തെ സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ്. പത്രൊസിനെ ശ്രദ്ധിക്കുക. പത്രോസ് ഒരു എടുത്തു ചാട്ടം നടത്തുകയാണ്. പത്രൊസിന്റെ ജീവിത ശൈലിതന്നെ വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം അഭിപ്രായം പറയുന്ന ശൈലിയാണ്. മീന്‍ പിടിത്തത്തില്‍ നിന്നു മനുഷ്യരെ പിടിക്കുന്ന ദൗത്യത്തിലേക്കു യേശു വിളിച്ചു വേര്‍തിരിച്ചവനാണ് പത്രൊസ്. എന്നാല്‍ യേശു തന്റെ മരണത്തക്കുറിച്ച് സൂചന നല്‍കിയപ്പോള്‍ കുരിശു മരണം ഒഴിവാക്കാനുള്ള ആലോചനകളുമായി പത്രൊസ് ചാടി വീഴുന്നുണ്ട്. യേശുവിനോടൊപ്പം മരിക്കാനും തയ്യാറാണെന്നു പ്രഖ്യാപിച്ച പത്രൊസ് ഒരു വേലക്കാരത്തിയുടെ മുന്‍പില്‍ വെച്ച് യേശുവിനെത്തള്ളിപ്പറയുന്നു. ഇതെല്ലാം എടുത്തു ചാട്ട സ്വഭാവത്തിന്റെ വൈകല്യങ്ങളാണ്. ഇന്നത്തെ സഭയിലും ഇത്തരക്കാര്‍ ഉണ്ട് എന്നതാണ് വാസ്തവം. ഇങ്ങനെയുള്ളവര്‍ പിന്മാറ്റത്തിലേക്കു വഴുതി വീഴാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് പത്രൊസിന്റെ അനുഭവം പഠിപ്പിക്കുന്നു. ശിഷ്യരില്‍ പ്രധാനിയായ പത്രൊസ്, ആ കൂട്ടത്തിനു കാവല്‍ക്കാരനായി നില്‍ക്കേണ്ട ആളാണ്. എന്നാല്‍ യേശു നല്‍കിയ നിയോഗം വിട്ട് പിന്മാറിപ്പോയി എന്നു മാത്രമല്ല, കൂടെയുള്ളവരെക്കൂടി പിന്മാറ്റത്തിലേക്കു നയിക്കുന്ന അവസ്ഥ ഏറെ ദു:ഖകരമാണ്.
പത്രൊസിന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരാള്‍ തോമസാണ്. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും കയറി അഭിപ്രായം പറയുന്ന രീതി തോമസിനില്ല, എന്നാല്‍ ഒരു കാര്യവും നല്ല ഉറപ്പില്ലാതെ അംഗീകരിക്കുകയില്ല. എന്നാല്‍ ഉറപ്പ് ലഭിച്ചു കഴിഞ്ഞാല്‍ നല്ല നിശ്ചയ ദാര്‍ഢ്യത്തോടുകൂടിത്തന്നെ മുന്‍പോട്ടു പോകും. കര്‍ത്താവു ശിഷ്യന്മാരുടെ കൂട്ടത്തില്‍ ആദ്യം പ്രത്യക്ഷമാകുമ്പോള്‍ തോമസ് ആ കൂട്ടത്തിലുണ്ടായിരുന്നില്ല. അവരുടെ മധ്യത്തില്‍ യേശു പ്രത്യക്ഷപ്പെടുമ്പോള്‍ അവര്‍ യേശുവിനെ കാണുകയും കേള്‍ക്കുകയും യേശു അവരുടെമേല്‍ ഊതി നിയോഗം നല്‍കുകയും ചെയ്തു. ആ ഭാഗ്യം അനുഭവിപ്പാന്‍ തോമസിനു കഴിഞ്ഞില്ല. അനുഭവിച്ചവരുടെ സാക്ഷ്യം കേട്ട് വിശ്വസിക്കാനും തയ്യാറായില്ല. കണ്ടാലും പോരാ, കേട്ടാലും പോരാ, ഊതിയാലും പോരാ, അവന്റെ ആണിപ്പാടുകളില്‍ വിരലിട്ട് പൂര്‍ണ്ണ ബോദ്ധ്യത്തിലേക്കു വരുവാനാണ് തോമസ് ആഗ്രഹിച്ചത്. സ്വന്തം ബുദ്ധിയില്‍ ആശ്രയിച്ചു കൊണ്ട് യേശുവിനെ പിന്‍പറ്റുവാന്‍ പരിശ്രമിക്കുന്നവര്‍ ഇന്നുമുണ്ട്. നവീകരണ പോരാളിയായ മാര്‍ട്ടിന്‍ ലൂഥറിനോടു നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ? എന്നു ഒരാള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ബുദ്ധിക്കതീതമായ വിശ്വാസത്തിന്റെ ഒരു സാക്ഷ്യമായിരുന്നു- ”മറിയാവില്‍ നിന്നും ജനിച്ച്, 33 വര്‍ഷം ഈ ഭൂമിയില്‍ ജീവിച്ച്, പീലാത്തോസിനാല്‍ ക്രൂശിക്കാന്‍ വിധിക്കപ്പെട്ട്, ക്രൂശിക്കപ്പെട്ട്, മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുവില്‍ ഞാന്‍ എന്റെ ദൈവത്തെ കണ്ടു”. പ്രഗത്ഭചിന്തകനായ കേശവചന്ദ്രസെന്‍ പറഞ്ഞത് ”ദൈവത്തിന്റെ മനുഷ്യമുഖമാണ് ക്രിസ്തു”. ഒരു ബുദ്ധിജീവി ശൈലിയാണ് തോമസ് ആദ്യം സ്വീകരിച്ചത്. എന്നാല്‍ ബുദ്ധിക്കതീതമായ വിശ്വാസത്തിന്റെ സാക്ഷ്യമാണ് ”എന്റെ കര്‍ത്താവും എന്റെ ദൈവവുമേ” എന്ന തോമസിന്റെ പ്രഖ്യാപനത്തില്‍ നാം കേള്‍ക്കുന്നത്. എന്നാല്‍ പത്രൊസിന്റെ പിന്മാറ്റത്തിന്റെ ഒരു കൂട്ടുകാരനായി തോമസും തീര്‍ന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. തോമസുമാരെ ഇന്നത്തെ കാലഘട്ടത്തിലും നമുക്കു കാണാം. ഒരു കാര്യം വിശ്വസിക്കാനും ഏറ്റെടുക്കാനും മടിച്ചുനില്‍ക്കും. എന്നാല്‍ വിശ്വാസത്തില്‍ ഉറച്ചുകഴിഞ്ഞാല്‍, ഏറ്റെടുത്തുകഴിഞ്ഞാല്‍ ധീരമായി മുന്നോട്ടുപോകും. എന്നാല്‍ പിന്മാറ്റം ഇത്തരത്തിലുള്ളവരെയും പിടികൂടാന്‍ സാധ്യതയുണ്ട് എന്ന് തോമസിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
സെബദി മക്കളായ യാക്കോബും യോഹന്നാനും ആ കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ അമ്മ ഒരിക്കല്‍ യേശുവിന്റെ അടുക്കല്‍ എത്തി യേശുവിന്റെ ഇടത്തും വലത്തും ഇരിപ്പാനുള്ള വരം ചോദിച്ചതാണ്. യേശുവിന്റെ കൂടെക്കൂടിയാല്‍ എന്തു കിട്ടും എന്നു വിചാരിച്ച്, പലതും പ്രതീക്ഷിച്ച് കസേര പ്രിയരായി കൂടെക്കൂടുകയും പിന്നീട് ദര്‍ശനത്തില്‍ നിന്ന് പിന്മാറിപ്പോകുകയും ചെയ്യുന്ന പ്രവണത ഇന്ന് വളരെക്കൂടുതലാണ്.
പിന്മാറിപ്പോയവരില്‍ മറ്റൊരാള്‍ നഥനയേലാണ്. അത്തിമരച്ചുവട്ടില്‍ നഥനയേല്‍ ഇരിക്കുമ്പോള്‍ തന്നെ യേശു അവനെ കണ്ടെത്തിയതാണ്. ‘റബ്ബീ, നീ ദൈവപുത്രന്‍,’ നീ യിസ്രായേലിന്റെ രാജാവ് എന്ന് ആദ്യം തന്നെ യേശുവിനെക്കുറിച്ച് സാക്ഷ്യം പറഞ്ഞവനാണ് നഥനയേല്‍, ‘ഇതാ സാക്ഷാല്‍, യിസ്രായേല്യന്‍, ഇവനില്‍ കപടം ഇല്ല’ എന്നാണ് യേശു നഥനയേലിനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം. കാപട്യം അശേഷം ഇല്ലാതെയിരിന്നിട്ടും പിന്മാറ്റക്കാരുടെ കൂട്ടത്തില്‍ നഥനയേലും ഉള്‍പ്പെട്ടുപോയി എന്നതു നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.
ഏഴുപേരില്‍ ബാക്കി 2 പേരെക്കുറിച്ച് ‘വേറെ രണ്ടു പേര്‍’ എന്നാണ് പറഞ്ഞിരിക്കുന്നത്. അവരുടെ പേരു പറയുന്നില്ല. അവര്‍ പ്രശസ്തിയുള്ളവരല്ല, അവര്‍ പ്രശസ്തി ആഗ്രഹിക്കുന്നവരുമല്ല. പേരിനും പെരുമയ്ക്കും വേണ്ടി യേശുവിനെ പിന്‍പറ്റുന്നവരില്‍ നിന്നും ഇവര്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവരെപ്പോലുള്ളവര്‍ ശാന്തരും സൗമ്യരുമാണ്. നിശബ്ദസേവനക്കാരാണ് അവര്‍. ഇന്നത്തെ സഭയില്‍ ഇക്കൂട്ടര്‍ കുറഞ്ഞു വരികയാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമത്രെ. എന്നാല്‍ അവരും പിന്മാറ്റത്തിന്റെ അവസ്ഥയിലായി. പിന്മാറ്റം ആരുടേതായാലും പിന്മാറ്റം പിന്മാറ്റംതന്നെയാണ്, ദു:ഖകരമാണ്.
യേശുവിനോടൊപ്പം ശുശ്രൂഷയിലായിരിക്കുക
പിന്‍മാറിപ്പോയവരെ യേശു തേടി വന്നു യഥാസ്ഥാനപ്പെടുത്തുന്നത് ഹൃദയസ്പര്‍ശിയായ രംഗമാണ്. യേശുവിനെവിട്ട് മീന്‍ പിടിക്കാന്‍ പോയവര്‍ക്ക് ഒരു പൂഞ്ഞാനെപ്പോലും കിട്ടിയില്ല എന്നതും നാം ഓര്‍ക്കണം. മീന്‍പിടിത്തം എന്ന തൊഴില്‍മേഖലയില്‍ അങ്ങേയറ്റം സമര്‍ത്ഥരായിട്ടുള്ള പത്രൊസും സെബദി മക്കളും ഉള്‍പ്പെടെയുള്ള ശിഷ്യര്‍ക്ക് ഒരു മീന്‍പോലും കിട്ടിയില്ല എന്നതും ഒരു അത്ഭുതംതന്നെയാണ്. എന്നാല്‍ ഒന്നും കിട്ടിയില്ല എന്നു സമ്മതിക്കാനുള്ള വിനയം അവര്‍ക്കുണ്ടായിരുന്നു. യേശുവിന്റെ വാക്കിനു വലയിറക്കിയപ്പോള്‍ പെരുത്ത മീന്‍കൂട്ടം അകപ്പെട്ടു വല കീറാറായി. പരാജയപ്പെട്ട് സ്ഥാനത്തു തന്നെ വിജയം ആഘോഷിക്കുവാന്‍ കര്‍ത്താവു അവര്‍ക്കു അവസരം നല്‍കി എന്നു മാത്രമല്ല, അവര്‍ക്കുവേണ്ടി പ്രഭാത ഭക്ഷണം കരുതി വെയ്ക്കുകയും ചെയ്തു. ഈ സ്‌നേഹത്തെ തിരിച്ചറിയുവാന്‍ കാവല്‍ക്കാരായിത്തീരുന്നവര്‍ക്കു കഴിയണം. ഈ കൃപയിലാണ് കാവല്‍ക്കാരായിത്തീരുന്നവര്‍ ആശ്രയിക്കേണ്ടത്.
സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍ ദൗത്യം ഏറ്റെടുക്കുക
പ്രാതല്‍ കഴിച്ച് ഉന്മേഷവാനായ പത്രൊസിനെ യേശു വിണ്ടും ക്ഷണിക്കുന്നത് ‘കുഞ്ഞാടുകളെ’ മേയ്ക്കുവാനുള്ള ദൗത്യത്തിലേക്കാണ്. പ്രാതല്‍ കൊടുക്കുന്നതിനും ദൗത്യം കൊടുക്കുന്നതിനും ഇടയ്ക്ക് ഒരു വലിയ ചോദ്യം യേശു ചോദിക്കുന്നുണ്ട് – ”യോഹന്നാന്റെ മകനായ ശീമോനേ, നീ ഇവയില്‍ അധികമായി എന്നെ സ്‌നേഹിക്കുന്നുവോ”? നീ നിന്റെ വിജയത്തിന് ഉറപ്പായിക്കണ്ട മുഖാന്തരങ്ങളേക്കാള്‍ ഉപരിയായി എന്നെ സ്‌നേഹിക്കുന്നുവോ? പരിചയമുള്ള തൊഴില്‍, പരിചയമുള്ള തൊഴില്‍ മേഖല, അനുഭവ സമ്പത്താകുന്ന മൂലധനം ഇവയേക്കാള്‍ ഉപരിയായി എന്നെ സ്‌നേഹിക്കുന്നുവോ? എന്നാണ് യേശുവിന്റെ ഈ ചോദ്യത്തിന്റെ അര്‍ത്ഥം. കര്‍ത്താവിനോട് പത്രൊസിനുള്ള സ്‌നേഹത്തിന്റെ ഉറപ്പ് ലഭിച്ചതിനുശേഷമാണ് യേശു പത്രൊസിനെ ദൗത്യം ഏല്‍പിക്കുന്നത്. കാവല്‍ക്കാരന്‍, തന്നെ കാവല്‍ക്കാരനാക്കിയവനോടുള്ള സ്‌നേഹത്തിലും വിശ്വാസത്തിലും, പ്രതിബദ്ധതയിലും സര്‍വ്വോപരി സജീവമായ ആത്മബന്ധത്തിലുമാണ് ശുശ്രൂഷകള്‍ നിര്‍വഹിക്കേണ്ടത്. ഇപ്രകാരമുള്ള ഉത്തമബോധ്യവും സമര്‍പ്പണവുമുള്ളവര്‍ക്കു മാത്രമേ കര്‍ത്താവിന്റെ ദാസരായി ജനത്തിനു കാവല്‍ക്കാരായിരിക്കുവാന്‍ സാധിക്കുകയുള്ളു. നമ്മുടെ ബുദ്ധി പരാജയപ്പെടാം, ശക്തി കുറഞ്ഞുപോകാം, എന്നാല്‍ നമ്മോടുകൂടെയുള്ള ശക്തനായ ദൈവത്തിന്റെ ശക്തമായ സാന്നിദ്ധ്യം നാം വ്യക്തമായി തിരിച്ചറിയുമ്പോള്‍ കാവല്‍ക്കാരായിരിക്കുവാന്‍ ദൈവം മതിയായ കൃപ പകരും.