മാലിന്യരഹിത മനസ്സും മാലിന്യവിമുക്ത പരിസരവും

മാലിന്യരഹിത മനസ്സും മാലിന്യവിമുക്ത പരിസരവും-Zacharias Mar Theophilus Suffragan Metropolitan
CLICK FOR ENGLISH TRANSLATION

Suffragan-Metropolitan (2)സിംഗപ്പൂരിലാണെന്നു തോന്നുന്നു. നമ്മുടെ ഒരു വിദ്വാന്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ കയ്യിലുണ്ടായിരുന്ന ബോഡിംഗ് പാസ്സും, ഏതാനും കടലാസു കഷണങ്ങളും ചുരുട്ടിക്കൂട്ടി പോയവഴിയിലെറിഞ്ഞിട്ട് വെളിയിലേക്കിറങ്ങി. കവാടത്തില്‍ നിന്ന പോലീസുകാരന്‍ നൂറു ഡോളര്‍ ഫൈന്‍ ചെയ്ത് രസീത് അയാള്‍ക്ക് കൊടുത്തു. ആ രസീതും കൊണ്ട് മുമ്പോട്ടു പോയ ആള്‍ അരിശം  പൂണ്ട് ആ രസീത് പിച്ചിച്ചീന്തി തറയിലിട്ടതിന് ശേഷം ഒരു സിഗരറ്റ് കത്തിച്ച് സുഖമായി വലിച്ചു. ഏതാനും ചുവടു വച്ചതേയുള്ളൂ അതു കണ്ടു നിന്ന പോലീസുകാരന്‍ കടലാസ് അവിടെയിട്ട് പരിസരം മലിനമാക്കിയതിനും സിഗരറ്റ് വലിച്ച് വായു മലനമാക്കിയതിനും വെവ്വേറെ ശിക്ഷ നല്‍കി. സിംഗപ്പൂര്‍ മനോഹരമായ ഒരു നഗരമാണ്. മാലിന്യ രഹിതമാണ്. ശിക്ഷ ആളുകളെ മലിനീകരണത്തില്‍ നിന്നും പിന്‍വലിക്കുന്നു. മാത്യൂസ് തിരുമേനി പറയാറുണ്ടായിരുന്നു ‘dirt is anything misplaced’ ശരിയല്ലെ? കടല്‍പ്പുറത്തെ പൂഴിമണ്ണ് അവിടെ എത്ര സുന്ദരമാണ്. ഭക്ഷണമേശയിലെ വിഭവങ്ങളില്‍ അതുകിടന്നാല്‍ എത്രയോ വിഷമയമാണ്. മലിനീകരണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും നമ്മുടെ നാട്ടിലൊരു കീറാമുട്ടി പ്രശ്‌നമായിരിക്കുകയാണ്. നമ്മുടെ വീട്ടിലെ മാലിന്യം ആരും കാണാതെ അയല്‍ക്കാരന്റെ പുരയിടത്തിലേക്കോ വഴിയിറമ്പിലേക്കോ വലിച്ചെറിയുന്നതിന് ആര്‍ക്കും ഒരു മടിയുമില്ല. ‘Throw away culture’ സമ്പന്ന രാജ്യങ്ങളില്‍ ഒരു പ്രശ്‌നമല്ലായിരിക്കാം. കാരണം അവ ഉടനടി തുടച്ചു മാറ്റുന്നതിന് വേണ്ട യന്ത്ര സംവിധാനവും സമ്പ്രദായവും അവിടെ ഉണ്ട്. എന്നാല്‍ നമ്മെ സംബന്ധിച്ചിടത്തോളവും മാലിന്യ കൂമ്പാരങ്ങള്‍ കുഴിച്ചിടുവാനോ കരിച്ചു കളയുവാനോ മറ്റു രീതിയില്‍  സംസ്‌കരിക്കുവാനോ യാതൊരു സാധ്യതയും ഇല്ലാതെയാണിരിക്കുന്നത്. ഫാക്ടറികളും ഹോട്ടലുകളും പുറം തള്ളുന്ന ഖര, ദ്രവ വാതക മാലിന്യങ്ങള്‍ കരയെയും, നദികളെയും വായുവിനെയും മലീമസമാക്കിയിരിക്കുന്നു എല്ലായിടവും വാസയോഗ്യമല്ലാതാക്കി തീര്‍ക്കുകയും ചെയ്യുന്നു.
മാലിന്യ സംസ്‌കരണം ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ഒരു ആവശ്യകതയാണ്. ഓരോ വീട്ടിലും ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ ഗാര്‍ബേജ് ബാഗില്‍ നിക്ഷേപിക്കുകയും കമ്പോസ്റ്റ് വളം ഉണ്ടാകുന്നതിനോ ഗോബര്‍ ഗ്യാസ് നിര്‍മ്മിക്കുന്നതിനോ ഉപയോഗിക്കേണ്ടതാണ്. കൊറിയയില്‍ മനുഷ്യ വിസര്‍ജ്ജ്യങ്ങള്‍ പ്രോസസ്സ് ചെയ്തതിന് ശേഷം ഗ്രീന്‍ഹൗസിലെ സസ്യങ്ങള്‍ക്ക് വളമായി ഉപയോഗിക്കുന്നത് കാണുകയുണ്ടായി. മാലിന്യ കൂമ്പാരങ്ങളില്‍ നിന്നും കത്തിക്കാനുപയോഗിക്കുന്ന വാതകവും വൈദ്യുതോര്‍ജ്ജവും  ഉണ്ടാക്കാന്‍ കഴിയുമെന്നതിനാല്‍ നല്ലതല്ലാതെയും നന്മയ്ക്കല്ലാതെയും ഒന്നും ദൈവം സൃഷ്ടിച്ചില്ല എന്ന യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നു. അഴുക്കു ചാലുകള്‍ നദികളിലെയും കിണറുകളിലെയും കുളങ്ങളിലേയും മത്സ്യ സമ്പത്തിനേയും സസ്യ വളര്‍ച്ചയേയും പക്ഷിമൃഗജീവജാലങ്ങളെയും ഉന്മൂലം നാശം ചെയ്യുവാന്‍ പോന്നവയാണ്. വ്യാപകമായികൊണ്ടിരിക്കുന്ന പകര്‍ച്ച വ്യാധികളുടെ പിന്നില്‍ നിര്‍ദ്ദോഷമെന്നോണം വലിച്ചെറിയുന്ന ചപ്പു ചവറുകള്‍ക്ക് ഒരു പങ്ക് ഉണ്ട്.

വ്യവസായ ശാലകളില്‍ നിന്നും ചെറുതും വലുതുമായ വാഹനങ്ങളില്‍ നിന്നും ഉയരുന്ന പുക പടലങ്ങള്‍ നാം ശ്വസിക്കുന്ന വായുവിനെ വിഷലിബ്ദമാക്കുന്നു. അലര്‍ജ്ജി, ആസ്തമ മുതലുള്ള അനേക രോഗങ്ങളാല്‍ മനുഷ്യര്‍ വലയുന്നതിനും അവരുടെ പ്രവര്‍ത്തന ശേഷി നശിക്കുന്നതിനും ഇതു കാരണമാകുന്നു. ശുദ്ധ ജല സങ്കേതങ്ങളുടെ വര്‍ദ്ധനവ്, ചെടികളും, മരങ്ങളും ചുറ്റുപാടും തഴച്ചു വളരുന്നത് ഇവയെല്ലാം മെച്ചപ്പെട്ട ഒരു ജീവിതത്തിന് മാറ്റ് വര്‍ദ്ധിക്കുന്നു. ചെറുപ്പത്തിലെ നല്ല ശീലങ്ങള്‍ സ്വയത്തമാക്കിയിട്ടുള്ളവര്‍ ഒരിക്കലും അതില്‍ നിന്ന് ഇടറി വീഴുകയില്ല. ”ചൊട്ടയിലെ ശീലം ചുടല വരെ” എന്നാണല്ലോ പഴമക്കാര്‍ പറയുന്നത്. മരങ്ങളോടും മൃഗങ്ങളോടും സ്‌നേഹമുള്ളവര്‍ക്കു മാത്രമേ മനുഷ്യനേയും സ്‌നേഹിക്കുവാന്‍ കഴിയൂ. വാസ്തവത്തില്‍ മലിനീകരണം ഉടലെടുക്കുന്നത് മനുഷ്യ മനസ്സിലാണ്. മാലിന്യ നിബിഡമായ മനസ്സ് ചുറ്റുപാടിനെയെല്ലാം മലീമസമാക്കും. ശുദ്ധമായ മനസ്സിന്റെ ഉടമകള്‍ അവര്‍ ആയിരിക്കുന്ന പരിസരവും വിശുദ്ധമാക്കുന്നു. എന്നാണല്ലോ ചൊല്ല്. നിങ്ങളുടെ ശരീരം ദൈവത്തിന്റെ മന്ദിരം, അത് വിശുദ്ധമായിരിക്കണം. അതുപോലെ ദൈവം സൃഷ്ടിച്ച പ്രപഞ്ചവും ശുദ്ധമുള്ളതായിരിക്കണം. മനുഷ്യനെ ഭരമേല്‍പ്പിച്ചിരിക്കുന്ന വലിയ ഉത്തരവാദിത്വമാണ് ഈ പ്രപഞ്ചത്തെ മുഴുവന്‍ വിശുദ്ധിയും വെടിപ്പുമുള്ളതായി കാത്തു സൂക്ഷിക്കുക എന്നത്. ഇക്കാര്യത്തില്‍ നാം പരാജയപ്പെട്ടിരിക്കുന്നു എന്നറിയുകയും വിജയം വരിക്കുന്നതിന് ബോധപൂര്‍വ്വം പരിശ്രമിക്കുകയും വേണം.
Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox