റമ്പാന്‍ – വ്യതിരിക്തമായൊരു ജീവിതശൈലിയുടെ ഉദാത്ത മാതൃക : റൈറ്റ് റവ. ഡോ. സഖറിയാസ് മാര്‍ തെയോഫിലസ് സഫ്രഗന്‍ മെത്രാപ്പോലീത്താ
Mar Theophilus     എറണാകുളത്ത് നടന്ന പ്രത്യേക സമര്‍പ്പണശുശ്രൂഷയിലൂടെ, മാര്‍ത്തോമ്മാ  സഭയിലെ മൂന്ന് വൈദീകര്‍ 2011 മെയ് 7-ാം തീയതി റമ്പാന്‍ സ്ഥാനത്തേക്ക്  പ്രവേശിച്ചിരിക്കുകയാണല്ലോ. ആദ്യമായാണ് ആ മേഖലയില്‍വെച്ചും പ്രത്യേകം കൂദാശ  ചെയ്യപ്പെട്ട മദ്ബഹായില്‍വെച്ചും ഈ ശുശ്രൂഷ നിര്‍വ്വഹിക്കപ്പെട്ടത്.
സഭാ ഭരണഘടനയില്‍ റമ്പാന്‍ , അര്‍ക്കദിയാക്കോന്‍ , വികാരി ജനറാള്‍ എന്നീ  സ്ഥാനങ്ങള്‍ ആവശ്യാനുസരണം ഏര്‍പ്പെടുത്തി നടപ്പില്‍ വരുത്തേണ്ടതാണ് എന്നും ഈ  മൂന്ന് വിഭാഗങ്ങളും സഭയുടെ പൊതു പ്രതിനിധി സമ്മേളനമായ പ്രതിനിധി മണ്ഡലത്തില്‍  അംഗങ്ങളായിരിക്കും എന്ന സാധാരണമായ ഒരു പരാമര്‍ശം മാത്രമാണ് കാണുന്നത്. ശെമ്മാശ്, കശീശ്ശാ, എപ്പിസ്‌കോപ്പാ എന്നീ ത്രിമുഖ പട്ടത്വ സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതല്ല റമ്പാന്‍ സ്ഥാനം. ദൈവവിളിയും വരവും ലഭിച്ച വൈദികര്‍ സ്വയം സ്വീകരിക്കുന്ന ഒരു ജീവിത ക്രമമാണ് ഇത്. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം തുടങ്ങിയ ജീവിതചര്യ ആയുഷ്പര്യന്തം നിറവേറ്റുവാന്‍ സ്വയം സമര്‍പ്പിതരായവരാണ് റമ്പാന്മാര്‍. ആജീവനാന്തം ധ്യാനത്തിലും പഠനത്തിലും പ്രാര്‍ത്ഥനയിലും ജാഗരൂകരായിരുന്ന് ദൈവവുമായുള്ള നിരന്തര സംസര്‍ഗ്ഗത്തില്‍ ക്രിസ്തുവേശുവിലുള്ള ഭാവം ഉള്‍ക്കൊണ്ട് അത് പ്രശോഭിപ്പിക്കുവാന്‍ സന്നദ്ധരായി മുന്നോട്ടു വരുന്ന അര്‍പ്പിതരാണ് ഇക്കൂട്ടര്‍ .
പൗരസ്ത്യ സഭയില്‍ പൊതുവെ ദയറാകള്‍ റമ്പാന്മാര്‍ക്ക് ജന്മം നല്‍കുന്നു. മുന്‍പറഞ്ഞ ഭാവങ്ങളും ജീവിത രീതിയും നയിക്കുന്നതിന് ക്രിസ്തുവിന്റെ നുകത്തിന് കീഴെ തലവെച്ചുകൊടുത്തിരിക്കുന്ന സന്യാസിവര്യന്മാരാണ് റമ്പാന്മാര്‍. റമ്പാന്‍ സ്ഥാന ശുശ്രൂഷയിലെ ഒരു പ്രാര്‍ത്ഥന ഇപ്രകാരമാണ്. ”ദൈവമേ നിന്നോടടുപ്പാന്‍ വേര്‍തിരിഞ്ഞിരിക്കുന്ന ഈ നിന്റെ ദാസനെ കൈക്കൊള്ളേണമേ. വിശുദ്ധവും നിഷ്‌കളങ്കവുമായ ജീവിതവും സല്‍ക്രിയകളുംകൊണ്ട് തന്റെ ആയുഷ്പര്യന്തം നിന്റെ തിരുവുള്ളത്തെ പ്രസാദിപ്പിപ്പാനും ഹൃദയ പരമാര്‍ത്ഥതയോടെ നിന്നെ ശുശ്രൂഷിപ്പാനും ഇവന്‍ മൂലം നിന്റെ വന്ദ്യ നാമം സ്തുതിക്കപ്പെടുവാനും ഇവന് കൃപ നല്‍കേണമേ” എന്നാണ്. ആകര്‍ഷകവും ആസക്തി പകരുന്നതും ഉപരിപ്ലവുമായ സന്തുഷ്ടി നല്‍കുന്ന എല്ലാറ്റിനെയും നിര്‍ദ്ദാക്ഷിണ്യം വര്‍ജ്ജിക്കുവാനും ഉയരങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്ന ആത്മീയ ഉടയാട ധരിക്കുന്നതിനുള്ള ശക്തമായ പ്രേരകമാണ് റമ്പാന് പിന്നിലുള്ളത്. ഭൗതീകതയും ആര്‍ജന ത്വരയും പ്രബലമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ വ്യതിരിക്തമായ മാതൃക നല്‍കുന്ന ഒരു സമൂഹമാണ് ദയറാ സമൂഹം. ചുറ്റുമുള്ള സമൂഹത്തിനു മദ്ധ്യേ വ്യത്യസ്തമായ ഒരു സമൂഹത്തിന്റെ സാന്നിദ്ധ്യവും സാദ്ധ്യതയുമാണ് ഈ സമൂഹം കാഴ്ചവയ്ക്കുന്നത്. ഒരു കാലത്ത് സമൂഹത്തില്‍ നിന്നും അന്യപ്പെട്ട് പ്രത്യേക മുറികള്‍ക്കുള്ളില്‍ പ്രാര്‍ത്ഥനാ നിരതരായി ഒതുങ്ങിക്കഴിഞ്ഞവരായിരുന്നു സന്യാസ സമൂഹം. അവര്‍ ധരിച്ചിരുന്ന കറുത്ത ശിരോവസ്ത്രം പര്‍ദ്ദപോലെ മുഖം മറച്ചിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് സമൂഹത്തില്‍ നിന്ന് ഒളിച്ചോടി കഴിയേണ്ടവരല്ല, മനുഷ്യന്റെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് തങ്ങളാലാകുവോളം പരിഹാരം കണ്ടെത്തുന്നതിന് അവരോടൊപ്പം പരിശ്രമിക്കേണ്ടവരാണ് എന്ന ദര്‍ശനം ലഭിച്ചതോടെയാകുന്നു മുഖം മറയ്ക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ശിരോവസ്ത്രത്തിന്റെ ആ ഭാഗം പിന്നോട്ടായി ക്രമീകരിച്ചത്. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഒരുപോലെ ദൈവത്തിന് പ്രസാദകരമായ യാഗമായി സമര്‍പ്പിക്കുന്നതിന് ദയറാക്കാര്‍ മുന്നോട്ടു വന്നു.

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox