മലങ്കരയിലെ നവീകരണത്തിന്റെ 175-ാം വാര്‍ഷികം ആചരിക്കുന്ന സമൂഹമാണ് നമ്മുടെ സഭ. നമ്മുടെ ഏതു കൂടിവരവും നവീകരണത്തിന്റെ പൊരുള്‍ എന്ത് എന്നു തിരിച്ചറിയുവാനും നവീകരണത്തിന്റെ ആത്മചൈതന്യം ഏറ്റുവാങ്ങി നിരന്തരം പുതുക്കപ്പെടുന്നതിനുള്ള മുഖാന്തരമായിത്തീരേണ്ടതായിട്ടുണ്ട്. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കി ദൈവം നടത്തിയ വഴികളെ ഓര്‍ത്ത് സ്‌തോത്രം ചെയ്യേണ്ട സന്ദര്‍ഭമാണിത്. ദൈവകൃപകളെ നാം എങ്ങനെയാണ് കൈക്കൊണ്ടത് എന്നു തിരിച്ചറിയുവാന്‍ നമുക്കു കഴിയണം. അനര്‍ഹമായ കരങ്ങളിലാണ് കൃപചൊരിഞ്ഞതെന്നോര്‍ത്ത് ദൈവത്തിനു പശ്ചാത്തപിക്കുവാന്‍ നാം ഇടവരുത്തിയിട്ടുണ്ടോ? ആത്മ പരിശോധനക്കു നാം തയ്യാറാകണം. ”നല്ലവനും വിശ്വസ്തനുമായ ദാസനേ” എന്ന സംബോധനയ്ക്കു നാം യോഗ്യതനേടിയിട്ടുണ്ടോ? കണക്കും കാര്യപരിപാടികളും മാത്രമായി എരിഞ്ഞുതീരേണ്ട ഒരു സമൂഹമല്ല സഭ. സഭകളും ഭദ്രാസനങ്ങളും സ്വയം ലക്ഷ്യങ്ങളല്ല (End in itself), ദൈവത്തിന്റെ ഉപകരണങ്ങള്‍ മാത്രമാണ്.
- ദൈവരാജ്യമൂല്യങ്ങളിലൂടെ ലോകത്തിന്റെ രൂപാന്തരം: ദൈവരാജ്യമൂല്യങ്ങള്‍ക്ക് അനുസരിച്ച് ലോകത്തെ രൂപാന്തരപ്പെടുത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഈ ലക്ഷ്യത്തെക്കുറിച്ചുള്ള ബോധം ആത്മാവില്‍ ജ്വലിച്ചുനിന്നാല്‍ മാത്രമേ സാര്‍ത്ഥകമായ ശുശ്രൂഷ സാധ്യമായിത്തീരുകയുള്ളൂ, അല്ലെങ്കില്‍ നമ്മുടെ പൊങ്ങച്ചങ്ങളേയും ദുരഭിമാനത്തേയും ചീര്‍പ്പിക്കാന്‍ മാത്രം ഉതകുന്ന ഒന്നായിത്തീരും സഭ. സഭയുടെ ചരിത്രം ഈ കെടുതിയുടെ ചരിത്രം കൂടിയാണെന്ന സത്യം നാം വിസ്മരിച്ചുകൂടാ. ഈ കെടുതിയില്‍ നിന്നും സഭയെ രക്ഷിക്കാനാണ് മലങ്കരയിലെ നവീകരണ ശില്പികള്‍ ജീവന്മരണപോരാട്ടം നടത്തിയത്. ഏതെല്ലാം ഉപേക്ഷിക്കേണ്ടിവന്നാലും വചനദര്‍ശനം ഉപേക്ഷിക്കുകയില്ല എന്ന ഉറച്ച തീരുമാനമെടുത്തവരാണ് നമ്മുടെ പൂര്‍വ്വ പിതാക്കന്മാര്‍ എന്ന സത്യം നമ്മുടെ നവീകരണത്തിന്റെ 175-ാം വാര്‍ഷികാചരണത്തിന്റെ നാളുകളില്‍ നാം ഓര്‍ക്കേണ്ടതാണ്. നവീകരണത്തിന്റെ ദീപശിഖ സഭയില്‍ കൊളുത്തിവയ്ക്കുമ്പോള്‍ നവീകരണ വാദികള്‍ക്ക് നഷ്ടപ്പെടാന്‍ ഏറെ ഉണ്ടായിരുന്നു. നഷ്ടപ്പെട്ടതു ഏറെ ആയിരുന്നു. പക്ഷെ അവയെ ഓര്‍ത്ത് വിചാരപ്പെടാതെ ലഭിച്ച വചനദര്‍ശനത്തോടു വിശ്വസ്തത പാലിച്ചു കൊണ്ട് മുന്നോട്ടു പോകുവാന്‍ കഴിഞ്ഞതാണ് നവീകരണത്തിന്റെ വിജയം. എന്നാല്‍ നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. നവീകരണത്തിന്റെ ദര്‍ശനം അതേ ശോഭയോടെ, ജ്വലനതീക്ഷ്ണതയോടെ ഇന്നു നിലനില്‍ക്കുന്നുണ്ടോ? നിലനിര്‍ത്താന്‍ നാമിന്നു ശ്രമിക്കുന്നുണ്ടോ? സുരക്ഷിത പരിസരങ്ങളെ ഉപേക്ഷിച്ച് അനിശ്ചിതത്വമുള്ളതും അജ്ഞാതവുമായ ഭാവിയിലേക്ക് പോകൂ എന്നാണ് ദൈവം വിളിച്ചവരോടെല്ലാം ദൈവം പറഞ്ഞത്. ആ സാഹസികയാത്രയിലാണ് വിളിച്ചവന്റെ വിശ്വസ്തത തെളിയിക്കപ്പെട്ടത്.
- നവീകരണം-ഇടര്‍ച്ചയില്ലാത്ത ഒരു തുടര്‍ച്ച: നവീകരണം എന്നോ ഒരിക്കല്‍ നടന്ന ചരിത്രസംഭവങ്ങള്‍ അല്ല, അതു അവിരാമം തുടരേണ്ടുന്ന ഒരു പക്രിയയുടെ ആരംഭമാണ്. ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ലോകത്തെ ജ്ഞാനസ്‌നാനം ചെയ്യിക്കാനുള്ള നിയോഗമാണ് സഭയ്ക്കു ലഭിച്ചിരിക്കുന്നത്. നഷ്ടപ്പെട്ടതെല്ലാം നേടിയെന്ന് അഭിമാനിക്കാവുന്ന അവസ്ഥയില്‍ സഭയിന്ന് എത്തിയിരിക്കുന്നു. എന്നാല്‍ എല്ലാ അനുഗ്രഹങ്ങളിലും നാം അറിയാത്ത ഒരു പരീക്ഷകൂടി അടങ്ങിയിരിക്കുന്നു എന്നു നാം അറിയുന്നില്ല. ഒരു പക്ഷെ നാം അത് ശ്രദ്ധിക്കുന്നില്ല എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. പരീക്ഷയില്‍ തോറ്റവരുടെ ചരിത്രവും പരീക്ഷയാണെന്നറിഞ്ഞ് വീഴാതെ പിടിച്ചുനിന്നവരുടെ ചരിത്രവും നമുക്കു പാഠമായിരിക്കേണ്ടതാണ്. എന്നാല്‍ പാഠങ്ങളൊന്നും ഗ്രഹിക്കാതെ പരീക്ഷയില്‍ അകപ്പെട്ടുപോകുന്ന അവസ്ഥയിലാണോ സഭയെത്തിയിരിക്കുന്നത് എന്ന് ഭീതിയോടെ നാം ചോദിക്കേണ്ടിയിരിക്കുന്നു. പ്രസ്ഥാനത്തിന്റെ മൂല്യബോധത്തെ തോല്‍പ്പിക്കും വിധത്തില്‍ സ്ഥാപനവല്‍ക്കരണം സഭയെ കീഴടക്കുന്നുവോയെന്നു നാം ആത്മപരിശോധന നടത്തേണ്ടതാണ്.
ധാര്‍മ്മികതയുടെ കരുത്തിലൂടെ സഭയുടെ അസ്തിത്വം: ജീവിക്കുന്ന ചുറ്റുപാടുകളെ രൂപാന്തരപ്പെടുത്തുന്ന ധാര്‍മ്മികശക്തിയായി നിലനില്‍ക്കുമ്പോഴാണ് സഭയുടെ അസ്തിത്വം സാര്‍ത്ഥകമായിത്തീരുന്നത്. ഈ സാര്‍ത്ഥക ശുശ്രൂഷയില്‍ നാമിന്ന് എവിടെ നില്‍ക്കുന്നു? ഒഴുക്കിനൊത്ത് ഒഴുകിപ്പോകുന്നതിനുപകരം, ദിശാബോധമില്ലാതെ പാഞ്ഞുപോകുന്ന സമൂഹത്തെ തടഞ്ഞുനിര്‍ത്തുന്ന ധാര്‍മ്മിക പ്രതിരോധശക്തിയാകാന്‍ സഭയ്‌ക്കെന്തുകൊണ്ടു കഴിയുന്നില്ല? കഴിയാത്തത് ഒരു പക്ഷേ നാം ആ ഒഴുക്കില്‍പ്പെട്ട് ഒഴുകുന്നതുകൊണ്ടുമാകാം. ഇന്നത്തെ കമ്പോള കോലാഹലത്തില്‍ വിശ്വാസസമൂഹം കക്ഷിയല്ലെന്നു പറയുവാന്‍ കഴിയുമോ? കുടുംബകോടതികള്‍ വരെയെത്തുന്ന കുടുംബകലഹങ്ങള്‍ ഇന്നു പെരുകിക്കൊണ്ടിരിക്കുന്നു. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കിടയില്‍ നമ്മുടെ പ്രാതിനിധ്യം കുറയാതിരിപ്പാന്‍ നാം എത്രമാത്രം ശ്രദ്ധിക്കുന്നു! ഏതു പീഡനകഥകളിലെയും നായകസ്ഥാനത്തു പ്രതിഷ്ഠ കിട്ടുവാന്‍ നമ്മളും മത്സരിക്കുകയല്ലേ? ഹൃദയാലുക്കള്‍ക്ക് ശ്വാസവേഗം കൂടാതെ വായിക്കാന്‍ കഴിയുന്നതാണോ ഇന്നത്തെ വര്‍ത്തമാന പത്രങ്ങള്‍? ഏതു കൊലപാതകവും ഏത് അതിക്രമവും ഉത്സവവേളയാക്കാന്‍ നാടാകെ ശ്രമം നടക്കുന്നു. വിവരസാങ്കേതിക വിദ്യയുടെ എല്ലാ നൂതന സംവിധാനങ്ങളും എങ്ങനെ ദുരുപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങളാണ് പ്രായോഗികതലത്തില്‍ പലപ്പോഴും നടക്കുന്നത്. എവിടെയാണ് നമുക്ക് തെറ്റു പറ്റിയത്? രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് വെര്‍ജില്‍ എന്ന കവി ”ദുരപൂണ്ടനഗരത്തിന്റെ ശബ്ദ കോലാഹലം” എന്നെഴുതിയത് നമ്മുടെ കാലഘട്ടത്തെക്കുറിച്ചാണോ എന്നു സംശയം തോന്നുമാറാണ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നത്. ലോകം മുഴുവനും സ്വന്തമാക്കാനുള്ള തിരക്കില്‍ മനുഷ്യരിന്നു ഓടുകയാണ്. പരക്കം പായുകയാണ്. ഈ തിരക്കില്‍ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നത് ആരറിയുന്നു? അവനവന്റെ വിലയേറിയ ആത്മാവിനെ പണയപ്പെടുത്തി വിലയില്ലാത്തതെല്ലാം വാരിക്കൂട്ടുന്നവര്‍ സ്വന്തം ആത്മാവിനെത്തന്നെ നഷ്ടപ്പെടുത്തുകയാണ്. തങ്ങളെത്തന്നെ വില്‍ക്കുകയും തങ്ങള്‍തന്നെ വില പേശുകയും ചെയ്യുന്നതിനെക്കുറിച്ച് കവി അയ്യപ്പപണിക്കര്‍ എഴുതിയത് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നു. പ്രായഭേദമെന്യേ എല്ലാവരും കൊണ്ടു നടക്കുന്ന മൊബൈല്‍ എന്ന നരിന്ത് ഉപകരണത്തിന്റെ കഥ ആലോചിച്ചാല്‍ മതിയല്ലോ, ഈ കെടുതികളുടെ രൂപവും വലിപ്പവും മനസ്സിലാക്കാന്‍. കുറ്റാന്വേഷണ വകുപ്പില്‍ പ്രത്യേകമൊരു സെല്‍ രൂപീകരിക്കാന്‍ തന്നെ ഈ നരിന്ത് ഉപകരണം കാരണമായിരിക്കുന്നു. - ആത്മദാനത്തിന്റെ വഴികളിലൂടെ: നാം ജീവിക്കുന്ന ലോകം ഇങ്ങനെ പലമട്ടില്‍ ഭീതിയുടെയും, ഉല്‍ക്കണ്ഠകളുടേയും ലോകമായി തീര്‍ന്നിരിക്കുന്നു. പരസ്പരമുള്ള വിശ്വാസം തകര്‍ക്കപ്പെട്ടിരിക്കുന്നു, സ്‌നേഹ കാരുണ്യങ്ങള്‍ ഏതോ വിദൂര ഭൂതകാലത്തിന്റെ മതിഭ്രമം മാത്രമായി തീര്‍ന്നിരിക്കുന്നു. ‘ആത്മാവു തേടുന്ന ആധുനിക മനുഷ്യന്‍’ എന്നത് കഴിഞ്ഞ നൂറ്റാണ്ടിലെ അതി പ്രശസ്തനായ ഒരു മന:ശാസ്ത്രജ്ഞന്റെ അതി പ്രശസ്തമായ ഒരു പുസ്തകത്തിന്റെ പേരാണ്. തീരാത്ത കൊതിയോടെ പാഞ്ഞു നടക്കുകയും തൃഷ്ണ തീര്‍ക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ആത്മാവു നഷ്ടപ്പെടുന്നത്. എല്ലാം കൈക്കലാക്കി അപരന്റേതുകൂടി കൈക്കലാക്കുമ്പോള്‍ ആണ് യഥാര്‍ത്ഥ സുഖം കൈവരുന്നത് എന്ന മിഥ്യാധാരണയില്‍ ആരംഭിക്കുന്നു എല്ലാ പാപവും പതനവും. വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നത് എല്ലാം നേടുന്നതിലല്ല, എല്ലാം കൊടുത്തു തീര്‍ക്കുന്നതിലാണ്, ജീവന്‍പോലും പങ്കിട്ടുകൊടുക്കുന്നതിലാണ് ആത്മസാക്ഷാത്ക്കാരം എന്നതാണ്. ആത്മദാനത്തിന്റെ ഈ വഴിയിലേക്കു ലോകത്തെ കൊണ്ടുവരുന്നതിന് പരിശ്രമിക്കുകയാണ് നവീകരണ സഭയുടെ ലക്ഷ്യം. എന്തു നേടി എന്നതല്ല എന്തു കൊടുത്തു എന്നാണ് ജീവിതവിജയത്തിന്റെ മാനദണ്ഡം. ആത്മാവു നഷ്ടപ്പെടുത്തി, സകല ലോകവും നേടുവാന്‍ നടത്തുന്ന വെപ്രാളത്തില്‍നിന്നും രക്ഷപെടാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.
- വചനത്തിലൂടെ രൂപാന്തരം: മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാന്‍ വിത്തും തിന്നുവാന്‍ ആഹാരവും നല്‍കത്തക്കവണ്ണം ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ എന്റെ വായില്‍നിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവര്‍ത്തിക്കുകയും ഞാന്‍ അയച്ച കാര്യം സാധിപ്പിക്കുകയും ചെയ്യും” (യെശയ്യാവ് : 55:10,11) പ്രവാചകന്റെ ഈ വാക്കുകള്‍ വചനത്തിന്റെ ശക്തിയെ പ്രഘോഷിക്കുന്നതാണ്. ദൈവവചനത്തിന്റെ കേള്‍വിയാലും വചനപഠനത്തിലൂടെയും ധ്യാനപൂര്‍വ്വമായ ഉള്‍ക്കൊള്ളലിലൂടെയുമായിരുന്നു. ഇന്ന് ഇത് ഏറ്റവും ആവശ്യമായിരിക്കുന്നു. നവീകരണ സഭയിലെ വിശ്വാസസമൂഹം പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ സമൂഹത്തിനു നല്‍കുന്നവരായിത്തീരുവാനും വളരുവാനും ദൈവം നമ്മെ സഹായിക്കട്ടെ.