മനുഷ്യ മനസ്സുകള്‍ കീഴടക്കുന്നതിന് സംഗീതത്തിനുള്ള ശക്തിയും സ്വാധീനവും നമുക്കറിവുള്ള കാര്യമാണ്. ഏതു പ്രായത്തിലുള്ളവര്‍ക്കും ഹൃദ്യതയും സന്തോഷവും പകരുന്നതിനു മാത്രമല്ല, അവരുടെ വൈകാരികവും മാനസികവും ബൗദ്ധികവും ആത്മികവുമായ മണ്ഡലങ്ങളെ സ്വാധീനിക്കുവാനും സംഗീതത്തിനു കഴിയും. കുഞ്ഞുങ്ങളുടെ ക്രിസ്തീയ വിദ്യാഭ്യാസ ശുശ്രൂഷയില്‍ സംഗീതത്തിന്റെ സ്വാധീനം പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.
സണ്‍ഡേസ്‌കൂളുകളുടെയും വി.ബി.എസ് കളുടെയും അവിഭാജ്യ ഘടകമാണ് സംഗീതം. വിവിധ പ്രായത്തിലുള്ള കുട്ടികളുടെ അവബോധ വളര്‍ച്ച (Cognitive growth) യെ സഹായിക്കുന്ന തരത്തില്‍ ഗാനങ്ങള്‍ സംവേദനം ചെയ്യപ്പെടുന്നുണ്ടോ എന്നത് പര്യാലോചിക്കേണ്ടതാണ്. പലപ്പോഴും ഗാനപരിശീലനത്തിനുവേണ്ടി ഗാനങ്ങള്‍ ആലപിക്കുകയും, രസംകൊല്ലികളായ ഗാനങ്ങള്‍ തെരഞ്ഞെടുക്കുകയും, ഉത്സാഹം കെടുത്തിക്കളയുന്ന വിധത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ഉണ്ടോയെന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ പരിമിത സാഹചര്യമെങ്കിലും താളബോധത്തോടും രസകരമായും ഉത്സാഹത്തോടും പങ്കാളിത്തത്തോടും സന്തോഷത്തോടും കൂടി അവ നിര്‍വ്വഹിക്കുമ്പോള്‍ കുട്ടികളില്‍ ഗാനപരിശീലനം സന്തോഷത്തിന്റെ ആഘോഷമായിത്തീരും (joy of celebration).
കാലഘട്ടത്തിന്റെ സ്വാധീനങ്ങള്‍ എല്ലാ കലാവിഭവങ്ങളിലും കടന്നുകൂടിയിട്ടുണ്ട്. ആധുനിക മാധ്യമങ്ങളില്‍ റിയാലിറ്റി ഷോ മത്സരങ്ങള്‍ കുട്ടികളില്‍ ഒരു പ്രത്യേക മത്സര മാനസികാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ശബ്ദവും താളവും ശാസ്ത്രീയ അപഗ്രഥനവും ഒക്കെ ഇത്തരം പരിപാടികളിലെ നല്ല അംശങ്ങളായി കാണാമെങ്കിലും കുട്ടികളില്‍ ഉളവാക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. പാട്ടുകള്‍ പാടുന്നതിനോടൊപ്പം നൃത്തവും ഹാസ്യവും നടനവും ഒക്കെ അറിഞ്ഞിരുന്നാലെ ഷോയുടെ ഓരോ ഘട്ടവും തരണം ചെയ്യുന്നതിന് കുട്ടികള്‍ക്ക് കഴിയൂ. ചിലപ്പോഴെങ്കിലും മുതിര്‍ന്നവര്‍ അഭിനയിച്ച രംഗങ്ങളുടെ പകര്‍പ്പ് performance പുനരാവിഷ്‌കരിക്കപ്പെടുമ്പോള്‍ Dr. David Elkind അഭിപ്രായപ്പെടുന്നതുപോലെ കുട്ടികള്‍ miniature adults ആയിത്തീരുകയാണോ എന്ന് തോന്നിപ്പോകും. ഇത് സമൂഹത്തില്‍ ഉളവാക്കാന്‍ പോകുന്ന അവസ്ഥാവിശേഷം ഭയാശങ്കള്‍ ഉയര്‍ത്തുന്നുണ്ട്. തികച്ചും performance മാത്രം മാനദണ്ഡമാക്കപ്പെടുന്ന റിയാലിറ്റി ഷോകള്‍ കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയല്ല ലക്ഷ്യമാക്കുന്നത്.
സണ്‍ഡേസ്‌കൂളിലെ ഗാനങ്ങള്‍ ദൈവവചനാധിഷ്ഠിതമായിരിക്കണം. ദൈവവചനം ആവര്‍ത്തിച്ച് ഗാനരൂപേണ പരിശീലിക്കപ്പെടുന്നതിലൂടെ ദൈവവചനം ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതിന് ഇടയാകും. പില്‍ക്കാലത്ത് അവ ജീവിതത്തിന്റെ ശക്തമായ മൂലക്കല്ലായി പരിലസിക്കുകയും ചെയ്യും. മനസ്സില്‍ സംഗ്രഹിക്കപ്പെടുന്ന ദൈവവചനം കാലിനു ദീപവും പാതയ്ക്ക് പ്രകാശവുമായി തേജസ്സോടെ എന്നും ജ്വലിക്കുകയും ചെയ്യും. ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അഭ്യസിപ്പിച്ചാല്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. ജീവിതത്തിന് മൂല്യബോധവും നീതിയുള്ള ലക്ഷ്യവും ദൈവിക ചിന്തയുമുള്ള തലമുറയുടെ നിര്‍മ്മിതിയാണ് ഗാനപരിശീലനത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത്.
ചെറുപ്രായത്തില്‍ ഗാനപരിശീലനത്തിലൂടെ കുട്ടികള്‍ക്ക് ദൈവത്തെ സ്തുതിക്കുന്നതിന്റെ പ്രാധാന്യം സംവേദനം ചെയ്യാവുന്നതാണ്. ആരാധനയിലൂടെ ദൈവത്തോടുള്ള ആദരവും ഭക്തിയും വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കും. ഗാനങ്ങളിലെ ആശയങ്ങള്‍, അനുതാപത്തിനും സ്തുതി സ്‌തോത്രത്തിനും സമര്‍പ്പണത്തിനും ചേരുന്നവ തിരഞ്ഞെടുത്തവതരിപ്പിച്ചാല്‍ അവ കുട്ടികളില്‍ അനുതാപത്തിനും സമര്‍പ്പണത്തിനുമുള്ള വേളകളായി പരിലസിക്കും. കുട്ടികള്‍ സമൂഹ പ്രാര്‍ത്ഥനയിലും ആരാധനയിലും ഗാനപരിശീലനത്തിലും ഏര്‍പ്പെടുന്നതുവഴി തമ്മില്‍ തമ്മിലുള്ള ബന്ധങ്ങള്‍ ദൃഢമാകുന്നതിന് കാരണമാകും. ഇത്തരം അവസരങ്ങള്‍ അന്യതാബോധം അകറ്റി പാരസ്പര്യ ബന്ധത്തിന്റെ ശക്തിയും ഊഷ്മളതയും നിലനിര്‍ത്തുന്നതിനും കാരണമാകും.
ഒത്തൊരുമിച്ച് പാട്ടുകള്‍ പാടുന്നത് അവരവര്‍ ഉള്‍പ്പെടുന്ന കൂട്ടത്തിലെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാകും. സംഘബോധത്തോടെ പ്രവര്‍ത്തിക്കുന്നതിന്റെ മഹത്വം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുവാന്‍ അത്തരം വേളകളെ ഫലപ്രദമായി ഉപയോഗിക്കുവാന്‍ നേതൃത്വം നല്‍കുന്നവര്‍ ശ്രദ്ധിക്കുകയും വേണം. പരസ്പര ആശ്രയബോധം ഊട്ടി ഉറപ്പിക്കുന്നതിനും ഇത്തരം സന്ദര്‍ഭങ്ങള്‍ മൂലം സാധിക്കും. യൗവന കാലഘട്ടവും കടന്ന് മുതിര്‍ന്ന പ്രായത്തിലും നിലനില്‍ക്കുന്ന കൂട്ടായ്മയുടെ സജീവതയുമുണ്ടാകും. ഏകലക്ഷ്യത്തോടെ കൂട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ കൈവരിക്കാവുന്ന നന്മയും ഗാനപരിശീലനത്തിലുണ്ട്. വൈകാരികമായ തലങ്ങളെ സ്പര്‍ശിക്കുക വഴി ആത്മാവിന് നവോന്മേഷവും സ്വസ്ഥതയും കൈവരിക്കുന്നതിന് കുട്ടികള്‍ക്ക് കഴിയുന്നതുമാണ്.
ഗാനപരിശീലന കളരികള്‍ ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യേണ്ട ഒന്നല്ല. പ്രത്യുത കുട്ടികളില്‍ ആത്മാഭിമാനവും സംഘബോധവും വളര്‍ത്തി സഭയുടെയും സമൂഹത്തിന്റെ നന്മയെ ലക്ഷ്യമാക്കുവാന്‍ സാധിക്കണം. ദൈവിക സന്ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകവഴി അവര്‍ ദൈവവചനത്തിന്റെ ശക്തി സ്വയം അറിയുകയും വചനധാരയില്‍ സ്ഫുടം ചെയ്ത ഭാഷയുടെ പ്രയോക്താക്കളായി തീരുവാനും ഇടയാകും. ഗാനപരിശീലനം ദൈവത്തോടുള്ള ആദരവും ബഹുമാനവും വര്‍ദ്ധിച്ചുവരുന്നതിനുള്ള അവസരമായിത്തീരട്ടെ.