“പൈതല്‍ വളര്‍ന്നു
ജ്ഞാനം നിറഞ്ഞു
ആത്മാവില്‍
ബലപ്പെട്ടുപോന്നു;
ദൈവകൃപയും അവന്മേല്
ഉണ്ടായിരുന്നു” (ലുക്കോസ്: 2:40)
ഒരു കുട്ടിയുടെ സമ്പൂര്‍ണ്ണമായ വികാസമാണ് വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം. ഉയര്‍ന്ന കാഴ്ചപ്പാടിലേക്ക് വിവേകികളും വിചാരശീലരുമായ എല്ലാവരും വന്നെത്തിയിരിക്കുന്ന ഒരു കാലഘട്ടമാണിത്. ബാലനായ യേശുവിന്റെ വളര്‍ച്ചയെക്കുറിച്ച് വി. ലൂക്കൊസിന്റെ സുവിശേഷം നല്കുന്ന ദര്‍ശനം സര്വ്വതോന്മുഖമായ വികാസത്തിന്റേതാണ്. ”പൈതല്‍ വളര്‍ന്നു, ജ്ഞാനം നിറഞ്ഞു, ആത്മാവില്‍ ബലപ്പെട്ടുപോന്നു” എന്നു വി. ലൂക്കൊസ് എഴുതുമ്പോള്‍ അതു യേശുവിന്റെ ശാരീരികവും മാനസികവും ആത്മീയവുമായ വളര്‍ച്ചയെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. ബാലനായ യേശുവിന്റെ ജീവിത മാതൃകയില്‍നിന്നും വിദ്യാഭ്യാസത്തിന്റെ സനാതനമായ മൂല്യങ്ങളും ലക്ഷ്യങ്ങളും നമുക്കു ഉള്‍ക്കൊള്ളുവാന്‍ സാധിക്കും.
“യേശുവോ, ജ്ഞാനത്തിലും വളര്‍ച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിര്‍ന്നു വന്നു” (ലൂക്കൊസ്: 2:52) യേശുവിന്റെ വളര്‍ച്ച എങ്ങനെയായിരുന്നു എന്നു വ്യക്തമാക്കുന്ന വാക്യമാണിത്. പ്രായത്തില്‍ മുതിര്‍ന്നുവരുന്ന കുട്ടി പക്വതയിലും മുതിര്‍ന്നു വരണം. വിദ്യാഭ്യാസം അതാണ് ലക്ഷ്യമാക്കുന്നത്. സ്രഷ്ടാവ് ദൈവമാണ്. സൃഷ്ടി വളരേണ്ടത് സ്രഷ്ടാവുമായുള്ള അഭേദ്യമായ ബന്ധത്തിലാണ്. യേശുവളര്ന്നത് ചുറ്റുപാടുകളുമായുള്ള ബന്ധത്തിലാണ്, സമൂഹ മധ്യത്തിലാണ്. വി. ലൂക്കൊസ് 2;41-52 ല്‍ നാം കാണുന്നത് ദൈവാലയത്തിലേക്കു പോകുന്ന യേശുവിനെയാണ്. ദൈവാലയത്തില്‍ യേശു ഒരു സംവാദത്തില്‍ ഏര്പ്പെട്ടിരിക്കുന്നതായിട്ടാണ് നാം കാണുന്നത്. ദൈവത്തിന്റെ ആലയത്തില്‍ ഒരു ജനസമൂഹത്തോടൊപ്പം യേശു ആയിരുന്നു എന്നതു തന്നേ യേശു ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയില്‍ മുതിര്ന്നുവന്നതിന്റെ നല്ല അടയാളമാണ്. വിദ്യാഭ്യാസം എന്തിന്? ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയില്‍ മുതിര്‍ന്നു വന്ന് ഫലങ്ങള്‍ പുറപ്പെടുവിക്കാനുള്ള പരിശീലനമാണ് വിദ്യാഭ്യാസം.
ആഴങ്ങളിലേക്കിറങ്ങുന്ന അന്വേഷണം
വിദ്യാഭ്യാസം ഒരു അന്വേഷണ പ്രക്രിയയാണ്. കടലിലെ തിരമാലകളെപ്പോലും വെല്ലുവിളിച്ച് കടലിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി മുത്തുകള്‍ സ്വന്തമാക്കുന്ന ഒരു കുട്ടിയുടെ ആഹ്ളാദം കരയിലിരുന്ന് കുറച്ചു കക്കകള്‍ ശേഖരിക്കുന്ന ഒരു കുട്ടിക്കുണ്ടാവില്ല. കടല്‍ത്തീരത്തു ചിതറിക്കിടക്കുന്ന കക്കകള്‍ ശേഖരിച്ചു കൊണ്ടുപോകുന്ന കുട്ടിയുടെ അവസ്ഥയാണ് പലപ്പോഴും, കുറേ അറിവുകള്‍ ശേഖരിച്ചുകൂട്ടുന്ന ഒരു വിദ്യാര്‍ത്ഥിക്കുള്ളത്. എന്നാല്‍ ശരിയായ വിദ്യാഭ്യാസം കുറേ അറിവുകളുടെ ശേഖരണമല്ല, അത് ആഴക്കടലില്‍ മുങ്ങിച്ചെന്ന് മുത്തുകള്‍ ശേഖരിക്കുന്ന അന്വേഷണത്വരയുടെ ആഹ്ളാദമാകണം. ‘ആഴത്തിലേക്കു വലയിറക്കുക’ എന്നു യേശു തന്റെ ശിഷ്യന്മാരോടു പറയുന്നത് ഒരു വിദ്യാഭ്യാസ ദര്‍ശനം കൂടിയാണ്. ഉപരിപ്ലവമായ കാഴ്ചകളും അന്വേഷണങ്ങളും വിട്ട് ആഴത്തിലുള്ള സത്യങ്ങള്‍ കണ്ടെത്തുവാനുള്ള ഒരു ആവേശവും താല്പര്യവും ആത്മീയ ജീവിതത്തിലും സജീവമായിട്ടുണ്ടാകണം.
Research Method ഇന്ന് പ്രൈമറിസ്കൂള്‍ തലത്തില്‍പ്പോലും കുട്ടികള്‍ പരിചയപ്പെടുന്നുണ്ട്. Project Report കള്‍ തയ്യാറാക്കുക, അവതരിപ്പിക്കുക എന്നത് പണ്ട് ഉന്നത വിദ്യാഭ്യാസത്തില്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഇന്ന് ആ സ്ഥിതിക്ക് മാറ്റം വന്നിരിക്കുന്നു. ഉത്തരം പഠിക്കുന്നതല്ല, ഉത്തരം സ്വയംകണ്ടെത്തുന്നതാണ് ശരിയായ പഠന സമീപനം എന്ന ധാരണ ഇന്നു വളരെ ശക്തമായിട്ടുണ്ട്. അതുകൊണ്ട് വിദ്യാഭ്യാസത്തില്‍ അദ്ധ്യാപകന്റെ പങ്കിനെക്കുറിച്ചുള്ള ധാരണകളും വളരെയേറെ മാറിയിട്ടുണ്ട്. അദ്ധ്യാപകന് ഉത്തരം കണ്ടുപിടിച്ചു കൊടുക്കുന്നതല്ല ഉത്തരത്തിലേക്കു എത്തിച്ചേരുവാന്‍ വഴിതെളിച്ചു കൊടുക്കുന്നവനാണ് എന്ന കാഴ്ചപ്പാടിനാണ് ഇന്ന് ഏറെ പ്രാമുഖ്യമുള്ളത്. ശരിയായ ചോദ്യം ചോദിക്കുവാന്‍ കുട്ടികളെ സജീവമാക്കുന്നതാണ് ശരിയായ വിദ്യാഭ്യാസം. ശരിയായ ചോദ്യമാണ് ശരിയായ ഉത്തരത്തിലേക്കു നമ്മെ നയിക്കുന്നത്. ഐസക് ന്യൂട്ടണ്‍ ആപ്പിള്‍ മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ ആപ്പിള്താഴേക്കു വീഴുന്നതുകാണുമ്പോള്‍ ന്യൂട്ടണ്‍ ചോദിച്ച ചോദ്യം – എന്തുകൊണ്ട് ആപ്പിള്‍ താഴേക്കു വീഴുന്നു? എന്ന ചോദ്യമാണ്, അന്വേഷണമാണ് പിന്നീട് ശാസ്ത്രലോകത്തെത്തന്നെ മാറ്റി മറിച്ച പല കണ്ടെത്തലുകളിലേക്കും നയിച്ചത്. യേശു ക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയിലെല്ലാം ഈ ചോദ്യോത്തര ശൈലി വളരെ പ്രകടമായിക്കാണാം. യേശു ഒരിക്കലും ചോദ്യം ചോദിക്കാന്‍ വേണ്ടി ചോദ്യം ചേദിച്ചവനല്ലാ, ഉത്തരത്തിലേക്കു ശിഷ്യരെ എത്തിക്കുവാന്‍ വേണ്ടി ചോദ്യം ചോദിച്ചവനാണ്. യേശുവിന്റെ ഈ മാത്യക ഉള്‍ക്കൊള്ളുന്ന ആദ്ധ്യാപകരാണ് ഈ കാലഘട്ടത്തിനു ഏറെ ആവശ്യമായിരിക്കുന്നത്.
സ്കൂളിലെ ഒരു ക്ലാസ്സു മുറിയില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒന്നല്ല വിദ്യാഭ്യാസം. ലോകം തന്നെ ഒരു ക്ലാസ് മുറിയായി ഇന്നു മാറിയിട്ടുണ്ട്. വിശാലമായ ലോകംതന്നെ ഒരു ക്ലാസ് മുറിയായി പ്രവര്‍ത്തിക്കുമ്പോള്‍ ഒരു കുട്ടി ലോകത്തിന്റെ ഭാഗമായാണ് വളരുന്നത് സമൂഹത്തിന്റെ ഭാഗമായാണ് വളരുന്നത്. ഈ വളര്‍ച്ചയുടെ, ഓരോ ഘട്ടവും കടക്കുന്നത് തന്റെ ചുറ്റുപാടുകളെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള അവബോധത്തോടുക്കൂടിയായിരിക്കണം. എങ്കില്‍ മാത്രമേ, സ്വീകരിക്കേണ്ടത് എന്ത് എന്നതിനെക്കുറിച്ചും ഉപേക്ഷിക്കേണ്ടത് എന്ത്? എന്നതിനെക്കുറിച്ചും രൂപപ്പെടുത്തേണ്ടത് എന്ത്? എന്നതിനെക്കുറിച്ചും ശരിയായ ധാരണകള്‍ രൂപപ്പെടുകയുള്ളു.
പല കുട്ടികള്‍ക്കും പഠനം വിരസമായിത്തീരുന്നതെന്തുകൊണ്ട്? എന്ന ചോദ്യം വളരെപ്രസക്തമാണ്. ഏതൊരു പ്രവര്‍ത്തനവും ആസ്വാദ്യമായിത്തീരുന്നത് ആ പ്രവര്ത്തനനത്തില്ത്തന്നെ ഒരു സന്തോഷവും സംതൃപ്തിയും ആഹ്ലാദവും ഉളവാകുമ്പോഴാണ്. കുട്ടികളിലെ അഭിരുചികളെ വളര്‍ത്തിയെടുക്കുന്ന രീതിയില്‍ പഠനം പ്രവര്‍ത്തനാധിഷ്ഠിതവും രസകരവുമായിത്തീരുമ്പോള് സ്വാഭാവികമായും പഠനം ഉന്മേഷകരമായ ഒരനുഭവമായിത്തീരും. കണ്ടെത്തലിന്റേതായ ഒരു വലിയ ആഹ്ളാദമുണ്ട്. ഈ ആഹ്ളാദം നിരന്തരം കുട്ടികള്‍ അനുഭവിക്കുന്ന രീതിയിലുള്ള പഠന പ്രവര്‍ത്തനങ്ങളാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്. അന്വേഷണത്തിന്റെയും പുനരന്വേഷണത്തിന്റെയും ആവേശം കുട്ടികള്‍ ആസ്വദിക്കണം. വിദ്യാലയ അന്തരീക്ഷം തന്നെ പുത്തന്‍ അറിവുകളുടെ ആഘോഷമായും അരങ്ങേറ്റവേദിയായും തീരണം.
ആയിരിക്കേണ്ടിടത്ത് ആയിരിക്കുന്നതാണ് ജീവിത സാഫല്യമെങ്കില്, അതിനുള്ള ഇടം കുട്ടി കണ്ടെത്താനും വിദ്യാഭ്യാസത്തിലുടെ പ്രാപ്തി നേടണം. ദൈവാലയത്തില്‍ യേശു തന്റെ മാതാപിതാക്കളോട് ചോദിച്ച ചോദ്യം വളരെ പ്രസക്തമാണ്. എന്നെ തിരഞ്ഞത് എന്തിന്? എന്റെ പിതാവിനുള്ളതില്‍ ഞാന്‍ ഇരിക്കേണ്ടത് എന്നു നിങ്ങള്‍ അറിയുന്നില്ലയോ? (ലൂക്കൊസ്: 2:49) താന്‍ ഇരിക്കേണ്ട ഇടം പന്ത്രണ്ടാമത്തെ വയസ്സില്‍തന്നെ കണ്ടെത്തിയ യേശുവിന്റെ നയപ്രഖ്യാപനമാണിത്. ദൈവാലയം, ദൈവവും വിശ്വാസസമൂഹവും കൂടിച്ചേരുന്ന ഇടമാണ്. ആ ഇടത്തെയാണ് യേശു തന്റെ സ്വന്തം ഇടമായിക്കണ്ടത്. സമൂഹമധ്യത്തിലാണ് യേശു ഇതു കണ്ടെത്തിയത്. ദൈവത്തോടും സമൂഹത്തോടുമുള്ള ബന്ധത്തില്‍ സ്വന്തം ഇടങ്ങളെ വ്യാഖ്യാനിക്കുവാന്‍ കുട്ടികള്‍ പ്രാപ്തി നേടണം. ഞാന്‍ ഒരു വൃത്തമല്ല, വൃത്തത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവു കൂടിയാണിത്. യേശു ഇതിലൂടെ തന്നെത്തന്നെ കണ്ടെത്തുകയാണ്. യേശു ദൈവാലയത്തില്‍ ആള്‍ക്കൂട്ടത്തിന്റെ മധ്യത്തില്‍ നിസ്സംഗനായി ഇരിക്കുകയായിരുന്നില്ല. യേശു തന്റെ ഇടവുമായുള്ള സംവാദത്തിലായിരുന്നു. താന്‍ കണ്ടെത്തിയ ഇടത്തെ തന്റെ സാന്നിദ്ധ്യം കൊണ്ട് നിറയ്ക്കുന്ന യേശുവിനെയാണ് നാം ഇവിടെ കാണുന്നത്. സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു വളരുവാനുള്ള ദര്‍ശനം കുട്ടികള്‍ക്കുണ്ടാവണം. തന്റെ സാമൂഹ്യ ഇടങ്ങളെ ശുശ്രൂഷകള്‍ കൊണ്ടു നിറയ്ക്കുവാനുള്ള മനോഭാവം കുട്ടികളില്‍ രൂപപ്പെടണം. അപ്പോഴാണ്, വിദ്യാഭ്യാസം എന്നത് ഉപജീവനത്തിനു വേണ്ടിയുള്ള ഒരു കുറുക്കുവഴിയല്ല, ജീവിതം തന്നെയാണ് എന്ന ദര്‍ശനം കൈവരുന്നത്.
ഇന്നലെയുടെ അറിവ് ഇന്നിന്റെ അറിവോടുകൂടി കൂട്ടിച്ചേര്‍ത്താണ് വിദ്യാഭ്യാസം കാലാനുസൃതമാകുന്നത്. കൂട്ടിച്ചേര്‍ത്തതു കൊണ്ടുമാത്രം തൃപ്തിപ്പെടാതെ അറിവിന്റെ പങ്കുവെയ്ക്കലിലൂടെ ജീവിതത്തെ ആഘോഷിക്കുവാന്‍ കഴിയണം. കൂട്ടിച്ചേര്‍ക്കപ്പെടുന്ന അറിവ്, പങ്കുവെയ്ക്കുമ്പോഴാണ് അതു സമൂഹത്തിന്റെ സ്വത്തായിത്തീരുന്നത്. പങ്കുവെച്ചാല്‍ ചിലയിടങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്നതും അഭിലഷണീയമല്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഇടങ്ങളിലേക്ക് പങ്കുവെയ്ക്കുവാന്‍ കടന്നു ചെല്ലുമ്പോഴാണ് അവിടെയുള്ളവരും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും മുഖ്യധാരയിലേക്കു കടന്നുവരുന്നത്. വിദ്യാഭ്യാസ അവകാശ നിയമം, വിദ്യാഭ്യാസം കുട്ടിക്കു ലഭിക്കേണ്ട ഔദാര്യമല്ല, വിദ്യാഭ്യാസം കുട്ടിയുടെ അവകാശമാണ് എന്നാണ് പ്രഖ്യാപിക്കുന്നത്. കുട്ടിക്ക് വിദ്യാഭ്യാസം കൊടുക്കേണ്ടത് മാതാപിതാക്കളുടെ മാത്രം കടമയല്ല. അതിലുപരി സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പൊതു ഉത്തരവാദിത്തമാണ്. സഭ വിദ്യാലയങ്ങള്‍ ആരംഭിച്ചത് ഈയൊരു കാഴ്ചപ്പാടോടു കൂടിയാണ്. ഈ ദൗത്യത്തില്‍ നമുക്കിനിയും വളരെ ദൂരം സഞ്ചരിക്കേണ്ടതായിട്ടാണിരിക്കുന്നത്.
വിജ്ഞാന വിസ്ഫോടനത്തിന്റെ കാലമാണിത് എന്നു പലരും അഭിപ്രായപ്പെടാറുണ്ട്. എന്നാല്‍ വിജ്ഞാന വിസ്ഫോടനത്തില്‍ മനുഷ്യമുഖം നഷ്ടപ്പെടുന്നുണ്ടോ, എന്നു ഗൗരവപൂര്‍വ്വം നാം ചിന്തിക്കണം. മനുഷ്യബന്ധങ്ങള്‍ ശിഥിലമാകുകയും, മനുഷ്യത്വം നഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് ഉള്ളതെങ്കില്‍ അതൊരു പ്രതിസന്ധിയിലേക്കാണ് സമൂഹത്തെ കൊണ്ടുചെന്നെത്തിക്കുന്നത്. അറിവിനെ നാം എങ്ങനെയാണ് ഉപയോഗിക്കുന്നത്? ഐ.ടി. മേഖല ഇന്ന് ഏറ്റവും പ്രസക്തവും പ്രബലവുമായ മേഖലയാണ്. എന്നാല്‍ ആധൂനിക സാങ്കേതിക വിദ്യകള്‍ ശിക്ഷകനായിട്ടാണോ? രക്ഷകനായിട്ടാണോ തീരുന്നത്? ആലോചിക്കേണ്ടതായിട്ടുണ്ട്. ദൈവത്തിന്റെയും മനുഷ്യന്റെയും കൃപയില്‍ മുതിര്‍ന്നു വരുമ്പോള്‍ മാത്രമേ ജീവിതം സമൂഹത്തിനു അനുഗ്രഹമായിത്തീരുവാന്‍ കഴിയുകയുള്ളു. ഇപ്രകാരമുള്ള ജ്ഞാനത്തിന്റെ ആഴങ്ങള്‍ തേടുവാന്‍ പുതിയ വിദ്യാലയ വര്‍ഷത്തില്‍ എല്ലാ ജ്ഞാനാന്വേഷകര്‍ക്കും കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ആശംസിക്കുന്നു