ക്രിസ്താനുഭവത്തിന്റെ രുചി:ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കോപ്പ
അന്‍പതു ദിവസങ്ങളിലെ ഒരുക്കവും പ്രാര്‍ത്ഥനയും ജാഗരണവും
പുനരുത്ഥാന നാളിനായി സഭയെ ഒരുക്കുന്നവയാണ്. ഭക്ഷണവും ആഡംബരങ്ങളും ഉപേക്ഷിച്ചും
സൗകര്യങ്ങള്‍ ലഘൂകരിച്ചും സഭ പുതുജീവന്റെയും പുനരുത്ഥാനത്തിന്റെയും
ശക്തി സംഭരിച്ച് ഉയിര്‍പ്പു പെരുന്നാളിനുവേണ്ടി നോമ്പുദിനങ്ങളില്‍… ഒരുക്കപ്പെടുകയാണ്.
തളിരിടാനൊരുക്കപ്പെടുന്ന കാലത്തെയാണ് ‘Lent’ എന്ന ലത്തീന്‍പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇലകള്‍ കൊഴിച്ച് താപസഭാവത്തില്‍ നില്‍ ക്കുന്ന വൃക്ഷക്കൂട്ടങ്ങളും, പൂമ്പാറ്റകള്‍ ചിറകണിയുന്നതിനു മുമ്പുള്ള പ്യൂപ്പാവസ്ഥയും നോമ്പിന്റെ ഭാവചിത്രങ്ങള്‍ തന്നെയാണ്.
കര്‍ത്താവിന്റെ പരസ്യശുശ്രൂഷയുടെ ആരംഭത്തിലെ 40 ദിവസവും പീഡാനുഭവദിനങ്ങളും ചേര്‍ന്ന് സമ്പൂര്‍ണ്ണ ക്രിസ്തുചരിതം സഭ ആവിഷ്‌ക്കരിക്കുകയാണ്.
ശുബ്‌ക്കോനോ (അനുരഞ്ജനം) എന്ന ശുശ്രൂഷയിലൂടെയാണ് സഭ നോമ്പിലേക്ക് പ്രവേശിക്കുക. തന്നോടുതന്നെയും ദൈവത്തോടും സമസൃഷ്ടങ്ങളോടുമുള്ള അനുരഞ്ജനമാണ് ഓരോ നോമ്പനുഭവവും വിശ്വാസികള്‍ക്ക് നല്‍കുന്നത്. പേത്രദാ എന്ന വരുവാനിരിക്കുന്ന സദ്യയുടെ മുന്‍കുറിയായ ആഘോഷമാണ് നോമ്പാരംഭത്തിന്റെ തലേന്നാള്‍ സഭ കൊണ്ടാടുന്നത്. അന്‍പതു ദിവസങ്ങളിലെ ഒരുക്കവും പ്രാര്‍ത്ഥനയും കുമ്പിടീലും ജാഗരണവും എല്ലാം പുനരുത്ഥാന നാളിനായി സഭയെ ഒരുക്കുന്നവയാണ്. ഭക്ഷണവും ആഡംബരങ്ങളും ഉപേക്ഷിച്ചും, സൗകര്യങ്ങള്‍ ലഘൂകരിച്ചും വിശ്വാസിയും സഭയും പുതുജീവന്റെയും പുനരുത്ഥാനത്തിന്റെയും ശക്തി സംഭരിച്ച് ഉയിര്‍പ്പു പെരുന്നാളിനുവേണ്ടി നോമ്പുദിനങ്ങളില്‍ ഒരുക്കപ്പെടുകയാണ്.
ഈ നോമ്പുകാലം നമ്മെ ചില വസ്തുതകള്‍ അനുസ്മരിപ്പിക്കുന്നു.
നോമ്പ്- ഒരു ഒരുക്കം
വിശ്വാസിയെ ക്രിസ്തുജീവിതത്തില്‍ വളര്‍ത്താന്‍ വേണ്ടിയും, ഉയര്‍ത്താന്‍ വേണ്ടിയുമുള്ള യാത്രയുടെ – സീയോന്‍ യാത്രയുടെ ഒരുക്കം. യേശുവിന്റെ പീഡാനുഭവവും, കുരിശുമരണവും എനിക്ക് യാഥാര്‍ത്ഥ്യമാണെന്ന് ബോധ്യപ്പെടു ത്തുവാനുള്ള ഒരുക്കം. വലിയ നോമ്പിനോടു ചേര്‍ന്നു നാം മൂന്ന് നോമ്പ് ആചരിക്കുന്നു. നിനവെയുടെ മാനസാന്തരമാണത് പഴയനിയമത്തില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും മാനസാന്തരം വ്യക്തമാക്കുന്നത് യോനയുടെ പുസ്തകമാണ്. ദൈവത്തിന്റെ ആജ്ഞ യെയും രക്ഷാപദ്ധതിയെയും യോന ചോദ്യം ചെയ്യുന്നു. പാതാളത്തിന്റെ ഇരുട്ടിനു സമമായ മത്സ്യത്തിന്റെ വയറ്റില്‍ മൂന്നുദിവസം കിടന്ന യോന ഒരുക്കപ്പെടുന്നു. 40 ദിവസത്തെ ഉപവാസത്താല്‍ കര്‍ത്താവ് വലിയ ശുശ്രൂഷയ്ക്കായി ഒരുക്കപ്പെടുന്നു. ക്രിസ്തുമാര്‍ഗ്ഗത്തിന്റെ ഒരു വ്യാപനമാണ് വിശ്വാസിക്ക് വലിയ നോമ്പ്.
നോമ്പ്:- വലിയ വിരുന്നിലേക്കുള്ള വിളി.
നോമ്പ് തുടങ്ങുന്ന ദിവസത്തിനു തലേന്നാള്‍ ‘പേത്രദാ’- വലിയ വിരുന്നോടുകൂടി ആരംഭിക്കുന്നു. അവസാനിക്കുന്ന ദിവസവും വലിയൊരു വിരുന്നാണ്; കര്‍ത്താവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ഓരോ വിശുദ്ധ കുര്‍ബ്ബാനയും ഈ വലിയ വിരുന്നിലേക്കുള്ള കാല്‍വയ്പ്പാണ്. ഒരു ഭക്ഷണത്തിലൂടെ, ആദമും, ഹവ്വായും ഏദന്‍തോട്ടത്തില്‍ നഷ്ടമാക്കിയ പറുദീസ വീണ്ടെടുക്കുന്നത് വിശുദ്ധകുര്‍ബ്ബാന എന്ന കര്‍ത്താവിന്റെ ശരീരവും രക്തവുമായ ഭക്ഷണം കൊണ്ടാണ്. ‘സ്വര്‍ഗ്ഗത്തിന്റെ ഗോതമ്പുമണിയായ കര്‍ത്താവേ…..’ എന്നു യേശുവിനെ വിളിക്കുന്ന പ്രാര്‍ത്ഥനയുടെ അര്‍ത്ഥവുമിതാണ്. ജീവന്‍ നല്‍കുന്നതും ജീവിപ്പിക്കുന്നതുമായ വിശുദ്ധകുര്‍ബ്ബാനയുടെ അപ്പം (അമീറ) സഭ സ്വീകരിക്കുവാന്‍ കാരണമിതാണ്.
നോമ്പ്:- ത്യജിക്കുവാനുള്ള അവസരം.
ഉപവസിക്കുക എന്നുള്ളത് വിശ്വാസിയുടെ ആയുധമാണ്, ബലഹീനന്റേതല്ല. രുചി വെടിഞ്ഞ് സമൂഹത്തിനു രുചി പകരുവാന്‍ നോമ്പ് അവസരമാണ്. ജീവിതം അപ്പം കൊണ്ടു മാത്രമല്ല എന്നു സ്വയം മനസ്സിലാക്കുവാനും, അതു പ്രകടമാക്കുന്നതിനും വേണ്ടിയാണ് നോമ്പ്. നമുക്കിഷ്ടമുണ്ട് എന്ന് പറയുന്നത് എല്ലാം ഉപേക്ഷിക്കുകയാണ് നോമ്പിലൂടെ നാം ചെയ്യേണ്ടത്- ‘അവനു വിശന്നു’ (മത്തായി 4:2) എന്ന് പറയുന്നത് കര്‍ത്താവ്, ഒരു Human Jesus ആയതുകൊണ്ടാണ്.
മുസ്ലീം സഹോദരന്‍മാര്‍ അവരുടെ നോമ്പില്‍ ശേഖരിക്കുന്ന പണം സക്കാത്ത് ആയി നല്‍കുന്നത്,കാത്തിരിക്കുന്ന പാവപ്പെട്ടവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ നോമ്പുവേളകള്‍ ആരുടെയെങ്കിലും ജീവിതത്തില്‍ പ്രതീക്ഷ യുണര്‍ത്തുന്നുണ്ടോ?…
രുചി വെടിഞ്ഞ് രുചി പകരുക
ഈ ചിന്ത നോമ്പിന്റെ അന്തസത്തയാണ് വെളിപ്പെടുത്തുന്നത്. ഉപവാസം ആരോഗ്യത്തിലേക്കുള്ള സ്വര്‍ണ്ണത്താക്കോലാണ്. അത് ശരീരം, മനസ്സ്, ആത്മാവ് ഇവയെ സംശുദ്ധമാക്കുന്നു. ഇവ ചേര്‍ന്ന് വ്യക്തിത്വത്തെ ദൈവം ഒന്നിച്ച് വസിക്കാന്‍ (ഉപവസിക്കുക) പ്രാപ്തിപ്പെടുത്തുന്നു. നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവിന്റെ പരസ്യജീവിതത്തോടും ക്രൂശുമരണത്തോടുമുള്ള ഏകത നോമ്പാചരണം മൂലം നമുക്ക് അര്‍ത്ഥവത്തായി അനുഭവപ്പെടും. പേത്രദായും ഈസ്റ്ററും എന്ന രണ്ട് ആഘോഷങ്ങളുടെ ഇടയിലാണ് ഈ നോമ്പാചരണം. കാനാവിലെ വിവാഹ സത്ക്കാരമാണ് പൗരസ്ത്യ സഭയുടെ പ്രഥമ ചിന്താവിഷയം. ഇനി അമാന്തിക്കേണ്ട, ഇതാണ് പ്രവര്‍ത്തനം ആരംഭിക്കാനുള്ള നാഴികയെന്ന് വിശുദ്ധ കന്യക മറിയാമിന്റെ വിശ്വാസത്തോടുകൂടിയ പ്രതികരണം യേശുവിന്റെ പരസ്യശുശ്രൂഷയുടെ ഉദ്ഘാടന കാരണമായിത്തീര്‍ന്നു. സമ്പൂര്‍ണ്ണതയുടെ അടയാളമായ ഏഴ് ആഴ്ചവട്ടക്കാലം ക്രിസ്തുചരിതം ആവര്‍ത്തിച്ച് സഭാഗാത്രത്തെ ക്രിസ്തുഗന്ധിയാക്കി തീര്‍ക്കുകയാണ് നോമ്പ്. ഇത് അനേകരെ ക്രിസ്തു സ്‌നേഹത്തിലേക്കും ക്രൂശിന്റെ വെല്ലുവിളിയിലേക്കും ദൈവരാജ്യാനുഭവത്തിലേക്കും നയിക്കുന്നു. പുനരുത്ഥാനത്തിന്റെ രഹസ്യം ക്രിസ്തു എന്ന രക്ഷകനില്‍ ഒത്തുചേര്‍ന്നത് സഭ വിസ്മയത്തോടെ നോക്കിക്കാ ണുകയാണ് അവാച്യമായ ഈ ക്രിസ്താനുഭവം.
മുസ്ലീം സഹോദരന്‍മാര്‍ അവരുടെ നോമ്പില്‍ ശേഖരിക്കുന്ന പണം സക്കാത്ത് ആയി നല്‍കുന്നത്, കാത്തിരിക്കുന്ന പാവപ്പെട്ടവര്‍ നമ്മുടെ സമൂഹത്തി ലുണ്ട്. നമ്മുടെ നോമ്പുവേളകള്‍ ആരുടെയെങ്കിലും ജീവിതത്തില്‍ പ്രതീക്ഷ യുണര്‍ത്തുന്നുണ്ടോ?… രുചി പകരുന്ന നമുക്കിഷ്ടമുള്ള ഭോജ്യങ്ങളെ വെടിഞ്ഞ് ആയതിലൂടെ ലഭിക്കുന്ന പണം, സമൂഹത്തിനു രുചി പകരുവാന്‍ ഉള്ള ആയുധമാക്കി നോമ്പ് കാലഘട്ടത്തെ മാറ്റുവാന്‍ നമുക്ക് സാധിക്കട്ടെ.
ക്രിസ്തു സഭയുടെ ആധാരവും അടിസ്ഥാനവും യേശുവിന്റെ പുനരുത്ഥാനം തന്നെ. സന്തോഷത്തോടെ നമുക്ക് കര്‍ത്താവിന്റെ പീഡാനുഭവത്തെ സ്മരിച്ചുകൊണ്ട് പറയാം. ”അറുതിയില്ലാത്ത മനുഷ്യസ്‌നേഹത്താല്‍ ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി സ്വമനസ്സാ കഷ്ടതയനുഭവിച്ച കാരുണ്യവാനും ദയാലുവുമായ മ്ശിഹാ തമ്പുരാനെ, നിന്റെ പീഡാനുഭവത്താല്‍ രക്ഷിക്കപ്പെട്ട ഞങ്ങള്‍ ആഹ്ലാദത്തോടെ ആര്‍ത്തു പറയുന്നു – അര്‍ത്ഥവത്തായ പുതുജീവന്‍ ഞങ്ങള്‍ക്ക് പ്രദാനം ചെയ്ത് രക്ഷാകരമായ പീഡാനുഭവമെ, സമാധാനത്തോടെ വരിക”.