ഇടയപാതയിലെ ഐക്യഭാവം:റൈറ്റ്. റവ. ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പാ
”ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു;
യേശുക്രിസ്തുവിന്റെ ആളത്വവും പ്രവര്‍ത്ത നവും സഭയില്‍ക്കൂടി സമുഹത്തിലേക്ക് ആനയിക്കുന്ന ദൗത്യമാണ് സഭയുടെ ഇടയ ശുശ്രുഷ. Pastoral ministry has a vital and central part to play in the building up of a new human community. യോഹന്നാന്റെ സുവിശേഷത്തിലെ ‘നല്ല ഇടയന്‍’ എന്ന വിഷയത്തിന് ക്രിസ്തീയ ശുശ്രൂഷയെക്കുറിച്ചുള്ള പഠനത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. യോഹ. 10 -ാം അദ്ധ്യായം ‘നല്ല ഇടയനായ’ ക്രിസ്തുവില്‍ നിര്‍വ്വഹിക്കപ്പെടുന്ന ഇടയ ശുശ്രൂഷയെ വിചിന്തനം ചെയ്യുന്നു. ഈ അദ്ധ്യായത്തിന്റെ പഴയനിയമ പശ്ചാത്തലം യെഹസ്‌കേല്‍ 34- ാം അദ്ധ്യായമാണ്. ദൈവം ഇടയനും യിസ്രായേല്‍ ആടുകളുമായി വിശദീകരിക്കുന്ന പഴയ നിയമഭാഗങ്ങള്‍ ശ്രദ്ധേയമാണ് (സങ്കീ.23;74:1, 78:52, 19:13, 8:1,95:7, 100:3; യെശ. 40:11, യിരെ.23:1-4,5-8) പുതിയ നിയമത്തിലും ഇടയനെക്കുറിച്ച് പല പരാമര്‍ശങ്ങളുണ്ട് (മര്‍ക്കൊ. 6:34,14:27; മത്താ. 9:35,36, 15:24; ലൂക്കൊ. 12:32, 15:37; എബ്രാ. 13:20; 1പത്രൊ. 2:25, 5:4;. വെളി. 12:5,19:5).
നല്ല ഇടയന്‍ എന്ന നാമം മൂലഭാഷയില്‍ ‘കാലോസ് പ്രൊബാറ്റ’ എന്നീ ഗ്രീക്കു വാക്കുകളുടെ വിവര്‍ത്തനമാണ്. ‘നല്ല’ എന്നുള്ള വിശേഷണ പദത്തിന് ഗ്രീക്ക് ഭാഷയില്‍ ‘കാലോസ്’ ‘അഗാത്തോസ്’ എന്നി രണ്ടു വാക്കുകളുണ്ട്. ‘കാലോസ്’ എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതിന് വിശിഷ്ടവും മനോഹരവുമായത് എന്നര്‍ത്ഥം. വിശിഷ്ടവും ശ്രേഷ്ഠവുമായ ക്രിസ്തീയ ഇടയശുശ്രുഷയുടെ പ്രത്യേകതകള്‍ യോഹന്നാന്റെ സുവിശേഷം 10-ാം അദ്ധ്യായത്തില്‍ അനാവരണം ചെയ്യുന്നു.
വാതിലിലൂടെ കടക്കുന്ന ഇടയനും കള്ളന്മാരും തമ്മിലുള്ള വൈരുദ്ധ്യവും, ആടുകളെ സ്‌നേഹിച്ച് അവയെ പരിപാലിച്ച് അവയ്ക്കുവേണ്ടി ജീവനെ നല്കുന്ന ഇടയനും കൂലിക്കാരനും തമ്മിലുള്ള വൈരുദ്ധ്യവും നല്കുന്നതിലൂടെ യേശു നഷ്ടപ്പെട്ടു പോകുന്ന മനുഷ്യ ജീവിതങ്ങളെക്കുറിച്ച് കരുതലില്ലാത്ത പരീശമതഭക്തിയെയാണ് വിമര്‍ശിക്കുന്നത്. നല്ല ഇടയന്‍ ആടുകള്‍ക്കുമുമ്പായി നടക്കുകയും പച്ചയായ മേച്ചില്‍പ്പുറങ്ങളിലേക്ക് അവയെ നയിക്കുകയും ചെയ്യുന്നു. ആടുകളോടൊപ്പമുള്ള പങ്കാളിത്തത്തിലൂടെ ഏതു പ്രതിസന്ധിയെയും നേരിടുവാനുള്ള ഒരുക്കവും നേതൃത്വവും ‘നയിക്കുന്ന’ ദൗത്യത്തില്‍ അടങ്ങിയിരിക്കുന്നു. യോഹ, 14:6 ല്‍ പിതാവിങ്കലേക്കുള്ള വഴി ക്രിസ്തുവാകുന്നുവെന്ന് പ്രസ്താവിക്കുന്നു. ഈ വാതിലിലുടെ അല്ലാതെ കടക്കുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനുമാകുന്നു. യഥാര്‍ത്ഥ നേതാവിന് ഉദ്ദേശശു ദ്ധിയും ലക്ഷ്യബോധവും ഉണ്ടായിരിക്കണം. ആടുകളെക്കുറിച്ച് കരുതലുള്ള ഇടയന്‍ ഏതു എതിര്‍പ്പുകളേയും പ്രതിസന്ധികളേയും നേരിടുവാന്‍ തയ്യാറെടുപ്പോടുകൂടി ആടുകള്‍ക്കു മുമ്പായി നടക്കുന്നു. ആടുകള്‍ അവന്റെ ശബ്ദം അറിഞ്ഞ് അവനെ അനുഗമിക്കുകയും ചെയ്യുന്നു. ശബ്ദം ആളത്വത്തെ കുറിക്കുന്നു.
യേശുവിന്റെ സ്വയം വെളിപ്പെടുത്തല്‍ പ്രസ്താവനകളില്‍ മൂന്നാമത്തേത് ‘ഞാന്‍ വാതിലാകുന്നു’ എന്ന പ്രഖ്യാപനമാണ്. ക്രിസ്തീയ ശുശ്രുഷയുടെ മഹത്ത്വത്തെ വിളിച്ചറിയിക്കുന്ന പ്രസ്താവനയാണിത്. യഥാര്‍ത്ഥ ഇടയനു മാത്രമെ വാതിലിലൂടെ കടക്കുവാന്‍ കഴിയു. യോഹ.14:6 ല്‍ ”ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു” എന്ന പ്രസ്താവന യേശുവിന്റെ അതുല്യതയെ കാണിക്കുന്നു. കാപട്യം നിറഞ്ഞ നേതാക്കന്മാര്‍ അറുപ്പാനും മുടിപ്പാനുമത്രെ വരുന്നത്. എന്നാല്‍ ക്രിസ്തുവോ തന്റെ ആടുകള്‍ക്ക് ജീവന്‍ സമൃദ്ധിയായി ലഭിക്കുന്നതിനത്രെ വന്നത്. 15-ാം വാക്യത്തില്‍ ആടുകള്‍ക്കുവേണ്ടി ഞാന്‍ എന്റെ ജീവനെ കൊടുക്കുന്നു. ഇത് ഇടയന് ആടുകളോടുള്ള സ്‌നേഹത്തിന്റെ സ്പന്ദനമാണ്. കാപട്യം നിറഞ്ഞ ഇടയനും കൂലിക്കാരനുമായവന്‍ ആടുകളെ വിട്ട് കടന്നുകളയുന്നു. അപകടം നേരിടുമ്പോള്‍ ഈ ഇടയന്മാര്‍ സ്വന്തം സുരക്ഷിതത്വത്തെ ശ്രദ്ധിക്കുകയും ആടുകളെ ഉപേക്ഷിക്കുകയും ചെയ്യുന്നു. നല്ല ഇടയനായ ക്രിസ്തു ആടുകളെ രക്ഷിക്കുവാന്‍ തന്റെ ജീവന്‍പോലും വയ്ക്കുന്നതിനു തയ്യാറാകുന്നു. ‘ഞാന്‍ നല്ല ഇടയന്‍ ആകുന്നു’ എന്നു യേശു പ്രസ്താവിക്കുമ്പോള്‍ സ്വയം പരിത്യാഗത്തിലൂടെയാണ് യേശു നല്ല ഇടയനാകുന്നത് എന്നര്‍ത്ഥമാകുന്നു.
16-ാം വാക്യത്തില്‍ ഈ തൊഴുത്തില്‍ ഉള്‍പ്പെടാത്ത വേറെ ആടുകള്‍ എനിക്കുണ്ട് എന്ന പ്രസ്താവന ഇതര ജാതികളോടും സുവിശേഷം അറിയിക്കേണ്ടതാകുന്നു എന്ന ഇടയദൗത്യത്തെ ഓര്‍മ്മപ്പെടുത്തുന്നു. യഹുദമതത്തിന്റെ പരിധിക്കപ്പുറമായി സുവിശേഷം പ്രചരിപ്പിക്കുന്ന ദൗത്യ മാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. ലോകത്തിനു മുഴുവനായും ഒരു ഇടയനും ഒരു ആട്ടിന്‍ കൂട്ടവും ആയിരിക്കും. മനുഷ്യരാശിയുടെ ഐക്യചിന്തയിലേക്ക് ഇത് നയിക്കുന്നു. Basic Christian community should lead to basic human community. ക്രിസ്തു എന്ന ഒരേ ഇടയനാല്‍ സ്‌നേഹത്തില്‍ വിളിക്കപ്പെട്ടിരിക്കുന്ന സഭ ഒരു ആട്ടിന്‍ കൂട്ടമായിത്തീരേണ്ടതാണ്. മനുഷ്യരാശി മുഴുവനേയും ഈ സ്‌നേഹത്തിന്റെ കൂട്ടായ്മയിലേക്ക് നയിക്കേണ്ടത് ഇടയശുശ്രൂഷയുടെ മഹത്തായ ദൗത്യമാണ്.
27-ാം വാക്യത്തില്‍ ”ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു; ഞാന്‍ അവയെ അറിയുകയും അവ എന്നെ അനുഗമിക്കുകയും ചെയ്യുന്നു. ഞാന്‍ അവയ്ക്കു നിത്യജീവന്‍ കൊടുക്കുന്നു.” ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ‘അറിയുക’ എന്ന പദം ’60’ പ്രാവശ്യം യോഹന്നാന്റെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, തനിക്കുള്ളവയുമായുള്ള പരസ്പര ബന്ധത്തെ കുറിക്കുന്ന പദമാണിത്. നല്ല ഇടയനോടുകൂടെ ആടുകള്‍ സുരക്ഷിതരായിരിക്കുകയും, അവയ്ക്കുനിത്യ ജീവന്‍ ലഭിക്കുകയും ചെയ്യുന്നു. ‘The church which is a people’s movement must be centerd in Christ and mediate the transforming power of the New Humanity in Christ’. ക്രിസ്തുവിലൂടെ വെളിപ്പെട്ട ആളത്വത്തിന്റെ സമ്പൂര്‍ണ്ണതയെ കണ്ട് വിശ്വസിച്ച് അംഗികരിച്ച കൂട്ടമെന്ന നിലയില്‍ സഭയിലും സഭയുടെ ഇടയ ശുശ്രുഷയിലും ഈ ഉത്തരവാദിത്തമാണ് നിക്ഷിപ്തമായിരിക്കുന്നത്.
സഭ ക്രിസ്തുവിന്റെ ആളത്വത്തിന്റെ പ്രതീകവും ക്രിസ്തുവിന്റെ ശരീരധാരണത്തിന്റെ പിന്‍തുടര്‍ച്ചയുമാണ്. ക്രിസ്തുവിന്റെ ആളത്വത്തെ പ്രതിബിംബിപ്പിക്കുകയും ക്രിസ്തുവില്‍ തുടങ്ങിയ ഇടയ ശുശ്രുഷ നിവര്‍ത്തിക്കുകയും ചെയ്യുന്ന ദൗത്യമാണ് സഭയ്ക്കുള്ളത്. ”ഈ തൊഴുത്തില്‍ ഉള്‍പ്പെടാത്ത വേറെ ആടുകള്‍ എനിക്കുണ്ട്; അവയേയും ഞാന്‍ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേള്‍ക്കും; ഒരാട്ടിന്‍ കൂട്ടവും ഒരിടയനുമാകും” (യോഹ. 10:16).