ശങ്കരാഭരണം-ആദിതാളം
പാടും ഞാന്‍ പരമേശനു സതതം എന്‍റെ
പാപമെല്ലാം പോക്കിയതാല്‍ -പാടും
ചരണങ്ങള്‍
1.
അത്രയുമല്ലാശീര്‍വാദമൊക്കെയും ലഭിച്ചിടുവാന്‍
ആര്‍ത്തിപൂണ്‍ടു കാത്തിരുന്ന കാലമതിങ്കല്‍
ആര്‍ത്തിയെതിര്‍ത്തവനെ ഞാന്‍
ആര്‍ത്തുഘോഷിച്ചീടുവാനെന്‍
ആര്‍ത്തിയറിഞ്ഞവന്‍ തന്‍റെ വാര്‍ത്തയെനിക്കേകിയതാല്‍ – പാടും
2.
പാനം ചെയ്വാന്‍ കഷ്ടതയിന്‍ പാനപാത്രമവന്‍കൂടെ
സ്നാനമേല്പാന്‍കൃപ നല്‍കി പ്രീതിയായവന്‍
മരിച്ചു ഞാന്‍ കല്ലറയില്‍ അടക്കപ്പെട്ടവന്‍ കൂടെ
മഹത്വമായി ജീവിച്ചീടാന്‍ മഹിമയില്‍ ആവിയാലെ -പാടും
3.
ആര്‍ക്കുമേകാന്‍ സാദ്ധ്യമല്ലാത്താത്മ ശക്തി ലഭ്യമാകാന്‍
പാര്‍ത്ഥിവന്‍ മുന്‍ ആര്‍ത്തിയോടെ കാത്തിരുന്നു ഞാന്‍
പാര്‍ത്തവനെന്‍ ദുരിതങ്ങള്‍ ഓര്‍ത്തവനെന്‍
പ്രാര്‍ത്ഥനകള്‍ തീര്‍ത്തവനെന്‍ ദുരിതങ്ങള്‍ വാഗ്ദത്തത്തിന്‍ ആവിയാലെ പാടും
4.
ദൂതര്‍ക്കും കൂടവകാശം ലഭ്യമാകാറുള്ള രക്ഷ
ദൂതറിയിച്ചീടാന്‍ ഭാഗ്യം ലഭിച്ചെനിക്കു
ഭൂതഗണം കാവലായ് തന്നനുദിനം എനിക്കവന്‍
നൂതനമാം ദൂതുകളും ഊനമെന്യെ നല്‍കീടുന്നു – പാടും
5.
കഷ്ടതയോ പട്ടിണിയുപദ്രവമോ നഗ്നതയോ
കഷ്ടമേറ്റെന്‍റേശുവെപ്പോലാക്കീടുന്നെന്നെ
ഒട്ടനേകം സിദ്ധന്മാരോടൊത്തു ചേര്‍ന്നുനിന്നു സ്തുതി
ച്ചാര്‍ത്തിടുവാനവനെന്നെ യോഗ്യനാ
ക്കിത്തീര്‍ത്തതോര്‍ത്തു – പാടും
6.
കാത്തിരിക്കുന്നവനെ ഞാന്‍ കണ്‍ടിടുവാനെന്‍റെ കണ്‍കള്‍
കൊതിച്ചീടുന്നധികമായ് കുതുകമോടെ
കാലമേറെച്ചെല്ലും മുമ്പെ കാഹളനാദം കേള്‍ക്കുവാന്‍
കാതുകളും കൊതിക്കുന്നു കാരുണ്യ വാരിധേ-ദേവാ-പാടും
7.
വാട്ടവും മാലിന്യവുമെ ഒട്ടുമേശിടാതെയുള്ളോ
രുത്തമമാം അവകാശം ലഭ്യമാകുവാന്‍
തിട്ടമായിട്ടവനെന്നെ ചേര്‍ത്തിടുംമണിയറയില്‍
പാട്ടുപാടും കൂട്ടരുമായ് കോടി കോടി യുഗം വാഴാന്‍ പാടും
(കെ.എം.സഖറിയ)
