ധനാശി – ഏകതാളം

യേശുവേ നിന്‍റെ രൂപമിയെന്‍റെ
കണ്ണുകള്‍ക്കെത്ര സൗന്ദര്യം
ശിഷ്യനാകുന്ന എന്നെയും നിന്നെ-
പ്പോലെയാക്കെണം മുഴുവന്‍
2
സ്നേഹമാം നിന്നെ കണ്‍ടവന്‍ പിന്നെ
സ്നേഹിക്കാതെ ജീവിക്കുമോ
ദഹിപ്പിക്കണം എന്നെ അശേഷം
സ്നേഹം നല്കണം എന്‍ പ്രഭോ!
3
ദീനക്കാരെയും ഹീനന്മാരെയും
ആശ്വസിപ്പിക്കാന്‍ വന്നോനെ
ആനന്ദത്തോടു ഞാന്‍ നിന്നെപ്പോലെ
കാരുണ്യം ചെയ്വാന്‍ നല്കുകേ
4
ദാസനപ്പോലെ സേവയെ ചെയ്ത
ദൈവത്തിന്‍ ഏകജാതനേ
വാസം ചെയ്യേണം ഈ നിന്‍വിനയം
എന്‍റെ ഉള്ളിലും നാഥനേ
5
പാപികളുടെ വിപരീതത്തെ
എല്ലാം സഹിച്ച കുഞ്ഞാടേ!
കോപിപ്പാനല്ല ക്ഷമിപ്പാനുള്ള
ശക്തി എനിക്കും നല്കുകേ
6
തന്‍റെ പിതാവിന്‍ഹിതമെപ്പോഴും
മോദമോടുടന്‍ ചെയ്തോനെ
എന്‍റെ ഇഷ്ടവും ദൈവ ഇഷ്ടത്തി-
ന്നനുരൂപമാക്കേണമേ
7
തിരുവെഴുത്തു ശൈശവം തൊട്ടു
സ്നേഹിച്ചാരാഞ്ഞ യേശുവേ
ഗുരു നീ തന്നേ വചനം നന്നെ ഗ്രഹി-
പ്പിക്ക നിന്‍ ശിഷ്യനെ
8
രാത്രിമുഴുവന്‍ പ്രാര്‍ത്ഥിച്ചുണര്‍ന്ന
ഭക്തിയുള്ളോരു യേശുവേ
പ്രാര്‍ത്ഥിപ്പാനായും ഉണരാനായും
ശക്തി തരേണം എന്നുമേ
9
ലോകസ്ഥാനങ്ങള്‍ സാത്താന്‍ മാനങ്ങള്‍
വെറുക്കും ദൈവവീരനേ
ഏകമാം മനം തന്നിട്ടെന്‍ ധനം
ദൈവം താന്‍ എന്നോര്‍പ്പിക്കുകേ
10
കൗശലങ്ങളും ഉപായങ്ങളും
പാകെക്കും സത്യരാജാവേ
ശിശുവിന്നുള്ള പരമാര്‍ത്ഥത
എന്നിലും നിത്യം കാക്കുകേ
11
ഇഹലോകത്തില്‍ ചിന്തകള്‍ ഒട്ടും
ഇല്ലാത്താശ്രിത വത്സലാ
മഹല്‍ ശക്തിയാം നിന്‍ദൈവാശ്രയം
കൊണ്‍ടെന്നുള്ളം ഉറപ്പിക്ക
12
മാനുഷ്യരിലും ദൂതന്മാരിലും അതി-
സുന്ദരനായോനെ
അനുദിനം നിന്‍ദിവ്യസൗന്ദര്യം
എന്നാമോദമാകേണമേ.
(വി.നാഗല്‍)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox