മണിരങ്കു-ആദിതാളം
പല്ലവി

എന്തതിശയമേ! ദൈവത്തിന്‍ സ്‌നേഹം
എത്ര മനോഹരമേ അതു
ചിന്തയിലടങ്ങാ-സിന്ധുസമാനമായ്
സന്തതം കാണുന്നു ഞാന്‍ – എന്ത…

ചരണങ്ങള്‍

1
ദൈവമേ നിന്‍ മഹാ സ്‌നേഹമതിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം
എനിക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമതു – എന്ത…
2
ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെഴുതോ
പതിനായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ – എന്ത…
3
മോദമെഴും തിരുമാര്‍വ്വിലുല്ലാസമായ്
സന്തതം ചേര്‍ന്നിരുന്ന
ഏകജാതനാമേശുവേ പാതകര്‍ക്കായ് തന്ന
സ്‌നേഹമതിശയമേ – എന്ത…
4
പാപത്താല്‍ നിന്നെ ഞാന്‍ കോപിപ്പിച്ചുള്ളൊരു
കാലത്തിലും ദയവായ്
സ്‌നേഹവാപിയെ നീയെന്നെ സ്‌നേഹിച്ചതോര്‍ത്തെന്നില്‍
ആശ്ചര്യമേറിടുന്നു -എന്ത…
5
ജീവിതത്തില്‍ പല വീഴ്ചകള്‍ വന്നിട്ടും
ഒട്ടും നിഷേധിക്കാതെ
എന്നെ കേവലം സ്‌നേഹിച്ചു പാലിച്ചീടും തവ
സ്‌നേഹതുല്യമഹോ -എന്ത…

(പി.വി.തൊമ്മി)

Malankara Mar Thoma Syrian Church

Malankara Mar Thoma Syrian Church

WordPress Lightbox