സുരുട്ടി-മിശ്രചാപ്പ്
പല്ലവി
തനയാ നിന്നുടെ പേര്‍ക്കായി-ട്ടെന്നുടെ ചോര
ബലിചെയ്തായതിനെ ഓര്‍ക്ക
അനുപല്ലവി
വിനയാല്‍ നീ നരകത്തീ-ക്കനലില്‍ വീഴുവാറായി
മനസാലെന്നുടെ ജീവന്‍-നിനക്കായ് തന്നു വീണ്‍ടില്ലെ?
തനയാ…
1
ഇതിനെ നീ കരുതീടാതെ-മായമോഹത്താല്‍
മതികേടായ് നിന്നിടാതെ-
ചതിയനാം പിശാചിനെ-അതിദൂരെയകറ്റാഞ്ഞാല്‍
പതിയും നീ നരകത്തില്‍-അതിനില്ലേതുമേ മാറ്റം-
തനയാ നിന്നുടെ പേര്‍ക്കായി-ട്ടെന്നുടെ ചോര
ബലിചെയ്തായതിനെ ഓര്‍ക്ക
2
ഇതിനു തുല്യമായെന്തോ നീ തന്നിടും പാപി
കുതുകമോടിതു ചിന്തിക്ക
അതിരറ്റുള്ളോരുമോദം-അകമേ തന്നതിന്നായി
പതിയാമെന്നുടെ പാദേ-വരിക നീ മടിയാതെ
തനയാ നിന്നുടെ പേര്‍ക്കായി-ട്ടെന്നുടെ ചോര
ബലിചെയ്തായതിനെ ഓര്‍ക്ക
3
ദുരിതം ഞാന്‍ പലതുമേറ്റു-നിന്‍ ദുരിതങ്ങള്‍
ശിരസ്സില്‍ ഞാന്‍ ചുമന്നു തീര്‍ത്തു
കരുതുകിന്നിതിനെ നീ-അരുതു സംശയമേതും
വിരുതുവാങ്ങുവാനായ് നീ കുരിശുംകൊണ്‍ടു ശീഘ്രം വാ
തനയാ നിന്നുടെ പേര്‍ക്കായി-ട്ടെന്നുടെ ചോര
ബലിചെയ്തായതിനെ ഓര്‍ക്ക
4
വരുമോരോ ഞെരുക്കം ഭൂമൗ-നീ അതിനാലെ
പരിതപിച്ചിരുന്നിടാതെ
മരണനാഴികയോളം-ഇരിക്ക വിശ്വസ്തനായി
തരുവേന്‍ ജീവകിരീടം-അതിനു സംശയിക്കേണ്‍ടാ
തനയാ നിന്നുടെ പേര്‍ക്കായി-ട്ടെന്നുടെ ചോര
ബലിചെയ്തായതിനെ ഓര്‍ക്ക
5
ദിനവും നീ മരിച്ചീടേണം-എന്നില്‍ ജീവിപ്പാന്‍
വിനയം നീ ധരിച്ചീടേണം
അകമേ ഞാന്‍ വളരേണം-പുറമേ നീ
നശിക്കേണം
കറയെ ഞാന്‍ കളയുമ്പോള്‍-ഭ്രമിച്ചിടേണ്‍ട
നീയേതും തനയാ നിന്നുടെ പേര്‍ക്കായി-ട്ടെന്നുടെ ചോര
ബലിചെയ്തായതിനെ ഓര്‍ക്ക
