ആനന്ദഭൈരവി-ആദിതാളം
പല്ലവി
ദേവ ദേവ നന്ദനന്‍ – കുരിശെടുത്തു
പോവതു കാണ്മീന് പ്രിയരേ!
അനുപല്ലവി
കാവിലുണ്ടായ ശാപം – പോവാനിഹത്തില് വന്നു
നോവേറ്റു തളര്‍ന്നയ്യോ! ചാവാനായ് ഗോല്‍ഗോഥാവില്‍-
ദേവ ദേവ
1
പരമപിതാവിനുടെ തിരുമാര്വ്വിലിരുന്നവന്
പരമഗീതങ്ങള് സദാ- പരിചില്‍ കേട്ടിരുന്നവന്‍
പരമദ്രോഹികളാകും – നരരില്‍ കരളലിഞ്ഞു
സര്വ്വമഹിമയും വി-ട്ടുര്വ്വിയിങ്കല് വന്നയ്യോ!
ദേവ ദേവ
2
കുറ്റമറ്റവന്‍ കനി-വറ്റ പാതകനാലേ
ഒറ്റപ്പെട്ടു ദുഷ്ടരാല്‍ – കെട്ടി വരിയപ്പെട്ടു
ദുഷ്ടകൈകളാലി- പെട്ടെഴുത നിലംപോല്‍
കഷ്ടംതന് തിരുമേനി- മുറ്റും ഉഴന്നുവാടി
ദേവ ദേവ
3
തിരുമുഖാംബുജമിതാ അടികളാല്‍ വാടിടുന്നു
തിരുമേനിയാകെചോര-തുടുതുടെ ഒലിക്കുന്നു
അരികളിന്നരിശമോ.. കുറയുന്നില്ലല്പവുമേ
കുരിശില്‍ തറയ്ക്കയെന്നു-തെരുതെരവിളിക്കുന്നു
ഠഛഇ
ക്രിസ്തുവിന്റെ പീഡാനുഭവവും മരണവും ദേവ ദേവ
4
കരുണ തെല്ലുമില്ലാതെ-അരികള്‍ ചുഴന്നുകൊണ്ട്
ശിരസില്‍ മുള്‍മുടി വെച്ചു-തിരുമുഖം തുപ്പി ഭാര-
ക്കുരിശങ്ങെടുപ്പിച്ചയ്യോ-കരയേറ്റിടുന്നിതാ കാല്-
വറി മലയിങ്കല്‍ തന്നെ-കുരിശിച്ചീടുവാനായി-
ദേവ ദേവ
5
കുറ്റമറ്റവന്‍ പാപ-പ്പെട്ടവന് പോല്‍ പോകുന്നു
ദുഷ്ടര്‍ കൂട്ടം ചുഴന്നു-ഏറ്റം പങ്കംചെയ്യുന്നു-
പെറ്റ മാതാവങ്ങയ്യോ-പൊട്ടിക്കരഞ്ഞീടുന്നു
ഉറ്റ നാരിമാര്‍ കൂട്ടം-എത്രയുമലറുന്നു-
ദേവ ദേവ
6
എത്രയും കനിവുള്ള-കര്‍ത്താവേ! കര്‍ത്താവേ! ഈ
ചത്ത ചെള്ളാം പാപിമേ-ലെത്ര സ്നേഹം നിനക്കു
കര്‍ത്താവേ! നീ നിന്റെ രാ-ജ്യത്തിങ്കല് വരുമ്പോളീ-
ഭൃത്യനേയും കൂടെയങ്ങോര്ത്തു കൊണ്ടീടേണമേ-
ദേവ ദേവ
(യുസ്തുസ് യൗസേഫ്)
